ആരു ജയിച്ചാലും ആയിരം വോട്ടിന്‌ , ഇന്റലിജന്‍സും കണ്‍ഫ്യൂഷനില്‍;
സ്‌ത്രീ വോട്ടിലെ വര്‍ധന യു.ഡി.എഫ്‌. പ്രതീക്ഷ;സെഞ്ചുറിയില്ലെങ്കില്‍ ക്യാപ്‌റ്റനു ക്ഷീണം;ബി.ജെ.പിയില്‍ തലയുരുളുമോ?

0

കൊച്ചി/തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിങ്‌ കുറഞ്ഞതോടെ അമിതപ്രതീക്ഷ കൈവിട്ട്‌ മുന്നണികള്‍.
നാടിളക്കി നടന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ ജനവിധി ആര്‍ക്കനുകൂലമായാലും ഭൂരിപക്ഷത്തിന്റെ അതിര്‍വരമ്പ്‌ നേര്‍ത്തതാകുമെന്നു നേതാക്കള്‍ ഏകസ്വരത്തില്‍ സമ്മതിക്കുന്നു. മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കപ്പുറം, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ മത്സരിച്ച പ്രതീതിയായിരുന്നു തൃക്കാക്കരയില്‍.
കൊച്ചി കോര്‍പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്‌. ഇഞ്ചോടിഞ്ച്‌ പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ മികച്ച പോളിങ്ങും മുന്നണികളുടെ കണക്കൂകൂട്ടല്‍ തെറ്റിക്കുന്നതാണ്‌.

സ്‌ത്രീ വോട്ടിലെ വര്‍ധന യു.ഡി.എഫ്‌. പ്രതീക്ഷ

സിറ്റിങ്‌ സീറ്റെന്ന സ്വഭാവികമേല്‍ക്കൈ അനുകൂലമാകുമെന്നാണു യു.ഡി.എഫിന്റെ ആദ്യവിലയിരുത്തല്‍. അന്തരിച്ച പി.ടി. തോമസിന്റെ സ്‌മരണയും പത്‌നി ഉമാ തോമസിന്റെ സ്‌ഥാനാര്‍ഥിത്വത്തോടു സ്‌ത്രീ വോട്ടര്‍മാരുടെ ആഭിമുഖ്യവും പ്രതീക്ഷകള്‍ക്കു ചിറകേകുന്നു. തപാല്‍ വോട്ടുകളുടെ കുറവും വലിയവിഭാഗം വോട്ടര്‍മാര്‍ സ്‌ഥലത്തില്ലാതിരുന്നതും പോളിങ്‌ കുറയാന്‍ കാരണമായി.
തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എല്ലാ ബൂത്തിലും 70 ശതമാനത്തോളം പോളിങ്‌ നടന്നതാണു യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്‌ അടിസ്‌ഥാനം. ആകെ പോളിങ്ങില്‍ രണ്ടായിരത്തോളം വോട്ടുകള്‍ അധികമായി സ്‌ത്രീ വോട്ടര്‍മാരുടേതാണ്‌.
ഇടതുസ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ വിവാദവും സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടുകളും വോട്ടര്‍മാരെ തങ്ങള്‍ക്ക്‌ അനുകൂലമാക്കുമെന്ന കണക്കുകൂട്ടലിലാണു കോണ്‍ഗ്രസ്‌ ക്യാമ്പ്‌.
തൃക്കാക്കര ഈസ്‌റ്റില്‍ ട്വന്റി20 കഴിഞ്ഞതവണ കരുത്തുകാട്ടിയിരുന്നു. ഇത്തവണ അവര്‍ രംഗത്തില്ലാത്തതിന്റെ ആനുകൂല്യം തങ്ങള്‍ക്ക്‌ ലഭിക്കുമെന്ന പ്രതീക്ഷയും യു.ഡി.എഫിനുണ്ട്‌.

സെഞ്ചുറിയില്ലെങ്കില്‍ ക്യാപ്‌റ്റനു ക്ഷീണം

മുഖ്യമന്ത്രിയുള്‍പ്പെടെ നേതാക്കളുടെ പട മണ്ഡലത്തില്‍ തമ്പടിച്ച്‌ നടത്തിയ പ്രചാരണത്തിന്റെ വിലയിരുത്തലാകും ഇടതുമുന്നണിക്കു നാളത്തെ ഫലപ്രഖ്യാപനം.
നിയമസഭയില്‍ സെഞ്ചുറി തികയ്‌ക്കുമെന്നായിരുന്നു ആദ്യഘട്ടം മുതലുള്ള അവകാശവാദം. ട്വന്റി20യുടെ വോട്ടുകളില്‍ 60 ശതമാനമെങ്കിലും യു.ഡി.എഫിനു ലഭിക്കുമെന്ന്‌ ഇടതുക്യാമ്പ്‌ കണക്കുകൂട്ടുന്നു.
എന്നാല്‍, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുവീടാന്തരം നടത്തിയ പ്രചാരണത്തിലാണു പ്രതീക്ഷ. ബി.ജെ.പി. വോട്ടില്‍ ഒരുപങ്ക്‌ ഉമാ തോമസിനു ലഭിച്ചേക്കുമെന്ന ആശങ്കയും ഇടതുക്യാമ്പിലുണ്ട്‌.
2021 നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്കുശേഷം കോണ്‍ഗ്രസിനും യു.ഡി.എഫിനും എത്രത്തോളം മാറ്റമുണ്ടായെന്ന വിലയിരുത്തല്‍ കൂടിയാകും തൃക്കാക്കര ഫലം. പുതിയ പ്രതിപക്ഷനേതാവിന്റെയും കെ.പി.സി.സി. അധ്യക്ഷന്റെയും നേതൃത്വം വിലയിരുത്തപ്പെടുന്ന ആദ്യഅവസരവുമാകും. പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം മുന്നില്‍നിന്ന്‌ നയിച്ചത്‌.
മുഖ്യമന്ത്രിക്കെതിരായ വിവാദപ്രസ്‌താവനയോടെ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ ചിത്രത്തിലേ ഇല്ലാതായി. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിക്കിടയാക്കും. യു.ഡി.എഫ്‌. സംവിധാനംതന്നെ ആടിയുലയും.

സിഗ്നല്‍ കാത്ത്‌ സില്‍വര്‍ ലൈനും

തെരഞ്ഞെടുപ്പുഫലം സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും ഇടതുമുന്നണിക്കു നിര്‍ണായകമാണ്‌. തുടര്‍ഭരണം നേടിയശേഷം നടക്കുന്ന ആദ്യഉപതെരഞ്ഞെടുപ്പെന്ന പ്രാധാന്യവുമുണ്ട്‌.
യു.ഡി.എഫിന്റെ ഉറച്ചകോട്ട പിടിച്ചെടുക്കുകയെന്ന ഒറ്റലക്ഷ്യത്തോടെയാണു തൃക്കാക്കരയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. പരാജയപ്പെട്ടാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതിക്കൂട്ടിലാകും. പ്രത്യേകിച്ച്‌, സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ സില്‍വര്‍ ലൈനും വികസനവും പ്രധാനവിഷയമായി സി.പി.എം. അംഗീകരിച്ചിരുന്നു.
പോളിങ്‌ ശതമാനത്തിലുണ്ടായ കുറവ്‌ സി.പി.എമ്മിനു പ്രതീക്ഷയേകുന്നു. തോറ്റാല്‍ പിണറായി വിജയന്റെ അപ്രമാദിത്വവും ചോദ്യംചെയ്യപ്പെട്ടേക്കാം.

ബി.ജെ.പിയില്‍ തലയുരുളുമോ?

കേരളത്തില്‍ വീണ്ടും വട്ടപ്പൂജ്യമായ ബി.ജെ.പിക്കും കരുത്ത്‌ തെളിയിക്കാനുള്ള അവസരമാണു തൃക്കാക്കര. സംസ്‌ഥാനനേതൃത്വത്തില്‍ വിശ്വാസം നഷ്‌ടപ്പെട്ട കേന്ദ്രനേതൃത്വവും തൃക്കാക്കരയിലേക്ക്‌ ഉറ്റുനോക്കുന്നു. പി.സി. ജോര്‍ജിനെ കരുവാക്കിയുള്ള നീക്കങ്ങള്‍ നേട്ടമാകുമെന്നാണു ബി.ജെ.പിയുടെ വിശ്വാസം.
വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ വോട്ട്‌ നേടാനായില്ലെങ്കില്‍ സംസ്‌ഥാനനേതൃത്വത്തില്‍ തലകള്‍ ഉരുണ്ടേക്കാം.
കേരളത്തിലെ നേതാക്കളിലുള്ള വിശ്വാസം ദേശീയനേതൃത്വത്തിനു പൂര്‍ണമായി നഷ്‌ടപ്പെട്ടതിനു തെളിവാണ്‌ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളില്‍ ആരെയും പരിഗണിക്കാത്തതെന്ന ചര്‍ച്ചയും സജീവമാണ്‌.

ആരു ജയിച്ചാലും ആയിരം വോട്ടിന്‌ , ഇന്റലിജന്‍സും കണ്‍ഫ്യൂഷനില്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‌ ജയിക്കുമെന്നു മണത്തറിയാനാകാതെ ഇന്റലിജന്‍സ്‌ ഏജന്‍സികളും.
ആര്‌ ജയിച്ചാലും ആയിരത്തില്‍ക്കൂടുതല്‍ ഭൂരിപക്ഷം ലഭിക്കില്ലെന്നു മാത്രമേ അവര്‍ക്ക്‌ പ്രവചിക്കാനാകുന്നുള്ളൂ. സംസ്‌ഥാന-കേന്ദ്ര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്‌ അക്കാര്യത്തില്‍ യോജിക്കുന്നു.
മുസ്ലിം വോട്ടിലാണ്‌ ഇടതുമുന്നണിയുടെ പ്രതീക്ഷ. ഒപ്പം ക്രിസ്‌ത്യന്‍ ഇതരവിഭാഗങ്ങളുടെയും.
യു.ഡി.എഫിന്‌ ഹിന്ദു-ക്രിസ്‌ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചെന്നും ബി.ജെ.പി. സ്‌ഥാനാര്‍ഥിക്കു കഴിഞ്ഞതവണത്തെ വോട്ട്‌ ലഭിക്കില്ലെന്നുമാണ്‌ ഇന്റലിജന്‍സ്‌ വിലയിരുത്തല്‍.

Leave a Reply