യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചു

0

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് നിർമ്മാതാവും നടനുമായ വിജയ് ബാബുലിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് നൽകണം. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ.

അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.

അതേസമയം മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു രംഗത്തുവന്നു. മുൻകൂർ ജാമ്യം കിട്ടിയതിൽ ദൈവത്തിന് നന്ദിയെന്നായിരുന്നു പ്രതികരണം. മാധ്യമപ്രവർത്തകരുടെ മറ്റ് ചോദ്യങ്ങളോടൊന്നും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ നടപടി ക്രമങ്ങൾ രഹസ്യമായാണു നടത്തിയത്. സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.

ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നും വിജയ് ബാബു പറയുന്നു.

അതേസമയം വിജയ് ബാബുവിൽ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്നായിരുന്നു നടിയുടെ വാദം. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെ വിജയ് ബാബുവിനെതിരെ രണ്ടാമതും കേസെടുത്തിരുന്നു.

നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പൊലീസ് ശ്രമിച്ചിരുന്നെങ്കിൽ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലർക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാൽ പാഷ ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here