നിര്‍മാണം പുരോഗമിക്കുന്ന രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനു യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തറക്കല്ലിട്ടു

0

അയോധ്യ: നിര്‍മാണം പുരോഗമിക്കുന്ന രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനു യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തറക്കല്ലിട്ടു. ഈ മഹാക്ഷേത്രം ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം ട്രസ്‌റ്റ്‌ ഭാരവാഹികളുടെയും ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യയുടെയും സാന്നിധ്യത്തിലാണ്‌ അദ്ദേഹം ശ്രീകോവിലിന്റെ ശിലാപൂജ നിര്‍വഹിച്ചത്‌.
വിശ്വാസികളുടെ അഞ്ഞൂറു വര്‍ഷത്തോളം നീണ്ട പ്രയത്‌നം അവസാനിക്കുകയാണെന്നും വൈകാതെ ക്ഷേത്രം യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഇതില്‍പ്പരം അഭിമാനിക്കാനില്ല. അധിനിവേശം നടത്തിയവര്‍ നമ്മുടെ സംസ്‌കാരത്തെയാണ്‌ ആക്രമിച്ചത്‌. എന്നാല്‍ വിജയം ഇന്ത്യക്കൊപ്പമാണ്‌. രാമക്ഷേത്രം ഉയരുന്നതിനൊപ്പം, കാശിയിലെ സംഭവവികാസങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. മഥുര, വൃന്ദാവനം തുടങ്ങിയവയും ഉണരുന്നു. നമുക്കു മുന്നോട്ടുപോകേണ്ടതുണ്ട്‌- യോഗി ആദിത്യനാഥ്‌ പറഞ്ഞു.
ക്ഷേത്രനഗരികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം ഭരണഘടനയുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ടു പരിഹരിക്കുമെന്ന ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്‌ഡയുടെ പ്രസ്‌താവനയുമായി പൊരുത്തപ്പെടാത്ത അഭിപ്രായപ്രകടനമാണു യോഗി ആദിത്യനാഥ്‌ നടത്തിയത്‌. 2024-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി അയോധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നതിലൂടെ വലിയ മുന്നേറ്റമാണു ബി.ജെ.പി. ലക്ഷ്യമിടുന്നതെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here