മമ്പാട് ടൗണിലെ ടെക്സ്റ്റയിൽ ഗോഡൗണിൽ കോട്ടക്കൽ സ്വദേശി മുജീബിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായതോടെ പുറത്താകുന്നത് വീണ്ടുമൊരു തട്ടിക്കൊണ്ടു പോകലിന്റെയും കൊടിയ മർദ്ദനത്തിന്റെയും കഥകൾ

0

മലപ്പുറം: മമ്പാട് ടൗണിലെ ടെക്സ്റ്റയിൽ ഗോഡൗണിൽ കോട്ടക്കൽ സ്വദേശി മുജീബിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായതോടെ പുറത്താകുന്നത് വീണ്ടുമൊരു തട്ടിക്കൊണ്ടു പോകലിന്റെയും കൊടിയ മർദ്ദനത്തിന്റെയും കഥകൾ. ക്രൂരമായ ശാരീരിക പീഡനം മുജീബിനെ ആത്മഹത്യയിലേക്ക് നയിച്ചതാണെന്നും കൂടുതൽ അറസ്റ്റുണ്ടാക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടക്കൽ സ്വദേശി മുജീബ് റഹ്മാനെയാണ് (29) കഴിഞ്ഞ പതിനെട്ടാം തീയതി മലപ്പുറം ജില്ലയിലെ മമ്പാടുള്ള തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

മമ്പാട് ടെക്‌സറ്റയിൽസ് ഉടമ മഞ്ചേരി കാരക്കുന്ന് സ്വദേശികളായ മൂലത്ത് അബ്ദുൾ ഷഹദ് എന്ന ബാജു (23), നടുവൻതൊടിക ഫാസിൽ(23), കൊല്ലേരി മുഹമ്മദ് മിഷാൽ(22), ചിറക്കൽ മുഹമ്മദ് റാഫി(23), പയ്യൻ ഷബീബ്( 28), പുൽപ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീർ അലി എന്ന കിളി (23), മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ് റാഫി(27), മംഗലശ്ശേരി സ്വദേശി നമ്പൻകുന്നൻ മർവാൻ എന്ന മെരു(23), കാരാപറമ്പ് സ്വദേശി വള്ളിപ്പാടൻ അബ്ദുൾ അലി(36), നറുകര സ്വദേശി പുത്തലത്ത് ജാഫർ(26), മഞ്ചേരിയിലെ വാടക സ്റ്റോർ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ് (56), ഇയാളുടെ മകൻ മുഹമ്മദ് അനസ് (25) എന്നിവരെയാണ് നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കടം വാങ്ങിയ 64,000 രൂപ നൽകാത്തതിനാനാണ് മുജീബിനെ പ്രതികൾ തട്ടിക്കൊണ്ടുവന്നത്. തട്ടികൊണ്ടുപോകാൻ സഹായം ചെയ്തവർക്ക് പതിനായിരം രൂപ കൂലി വാഗ്ദാനവും ചെയ്തിരുന്നു. ക്രൂര മർദനം സഹിക്കാനാവാത്തതിനാലും പണം തിരികെ നൽകാൻ കഴിയാത്തതിനാലും മുജീബ് ആത്മഹ്യ ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തൽ. ഇൻഡസ്ട്രിയൽ വർക്ക് കരാർ അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുന്നയാളാണ് മരിച്ച മുജീബ് റഹ്മാൻ. രണ്ടുമാസം മുമ്പ് തുണിക്കട ഉടമ ഷഹദിന്റെ മഞ്ചേരി മുപ്പത്തിരണ്ടിലുള്ള ഹാർഡ് വേഴ്‌സിൽ നിന്നും 64,000 രൂപ വില വരുന്ന സാധനങ്ങൾ മുജീബ് വാങ്ങിയിരുന്നു.

പണം പിന്നീട് നൽകാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുത്തില്ല. മുജീബിന്റെ താമസസ്ഥത്ത് അന്വേഷിച്ചെങ്കിലും മുജീബ് അവിടെ നിന്നും താമസം മാറിയിരുന്നു. തുടർന്ന് ഷഹദ് കൂട്ടുകാരുമായി ചേർന്ന് മുജീബിനെ തട്ടി കൊണ്ടു വരാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മുജീബിന്റെ സഹായികളായി മുമ്പ് ജോലി ചെയ്തിരുന്ന മഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവർമാരായ അബ്ദുൾ അലിയുടേയും ജാഫറിന്റേയും സഹായം തേടി. ഇതിനായി ഇവർക്ക് 10000 രൂപയും ഷഹദ് വാഗ്ദാനം ചെയ്തു. അബ്ദുൾ അലിക്കും മുജീബ് പണം കൊടുക്കാനുണ്ടായിരുന്നു. ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലം മനസ്സിലാക്കിയ അബ്ദുൾ അലി ജാഫറിനേയും കൂട്ടി മുജീബിന്റെ ജോലി സ്ഥലത്തെത്തി പണം തിരികെ ചോദിച്ച് വാക്കു തർക്കം ഉണ്ടാകുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.

തുടർന്ന് സ്ഥലത്തു നിന്നും മടങ്ങി പോയ അബ്ദുൾ അലിയും ജാഫറും മഞ്ചേരിയിൽ എത്തി ഷഹദിനേയും മഞ്ചേരിയിൽ വാടക സ്റ്റോർ നടത്തുന്ന കുഞ്ഞഹമ്മദിനേയും മകൻ മുഹമ്മദ് അനസിനേയും തുറക്കലേക്ക് വിളിച്ചു വരുത്തി. ഇവരുടെ കടയിൽ നിന്നും വാടകക്കെടുത്ത സാധനങ്ങൾ തിരിച്ചു കൊടുക്കാത്തതിനാൽ ഇവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഷഹദും, സുഹൃത്ത് മഞ്ചേരി മാലാംകുളം സ്വദേശി ഷാഹുലും കാറിൽ തുറക്കലെത്തി. അവിടെ വെച്ച് എല്ലാവരും ഒരുമിച്ച് മുജീബിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് പണം തിരിച്ചു വാങ്ങാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടർന്ന് ഷഹദിന്റെ കാറിലും ജാഫറിന്റെ ഓട്ടോറിക്ഷയിലുമായി ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലത്തെത്തിയ പ്രതികൾ മുജീബിനെ ബലമായി കാറിൽ കയറ്റി തട്ടി കൊണ്ടു വരികയും കാരക്കുന്ന് ഹാജ്യാർ പള്ളി എന്ന സ്ഥത്തെ വിജനമായ ഗ്രൗണ്ടിലെത്തിച്ച് കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

പണം അടുത്ത ദിവസം രാവിലെ എത്തിച്ചു തരാമെന്ന് അറിയിച്ചിട്ടും പ്രതികൾ മർദനം തുടരുകയും നിലവിളിക്കാൻ ശ്രമിച്ച മുജീബിന്റെ വായിൽ തുണി തിരുകിയും മർദനം തുടർന്നു. മർദനത്തിന്റെ ഫോട്ടോ പ്രതികൾ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പണം കിട്ടാതെ വന്നപ്പോൾ പണം കിട്ടിയിട്ടേ നീ പുറംലോകം കാണൂ എന്നു ഭീഷണിപ്പെടുത്തി പ്രതികൾ മുജീബിനെ ഷഹദിന്റെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേർന്നുള്ള ഗോഡൌണിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

18ന് പുലർച്ചെ കാറിൽ മുജീബിനെ കയറ്റി ഗോഡൌണിൽ എത്തിക്കുകയും കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് വീണ്ടും മർദനം തുടരുകയും ചെയ്തു. തുടർന്ന് രാവിലെ ടൗണിൽ ആളുകൾ എത്താൻ തുടങ്ങിയപ്പോൾ പ്രതികൾ മർദനം അവസാനിപ്പിച്ച് മുജീബിനെ റൂമിൽ പൂട്ടിയിട്ട് പുറത്തേക്കു പോയി. തുടർന്ന് വീട്ടിൽ പോയ പ്രതികൾ രാവിലെ 10 മണിയോടെ തിരിച്ചെത്തിയ ഗോഡൌൺ തുറന്നുനോക്കിയപ്പോൾ മുജീബ് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തു കിടത്തി തുണിയിട്ടു മൂടുകയായിരുന്നു. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ ഗോഡൌണിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here