സ്വർണ്ണ കടത്തിലെ സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0

തിരുവനന്തപുരം: സ്വർണ്ണ കടത്തിലെ സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പരിവാർ ബന്ധമുള്ള വിശ്വസ്തനെ കാര്യങ്ങൾ നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയോഗിച്ചതായാണ് റിപ്പോർട്ട്. സ്വപ്‌നാ സുരേഷിനെതിരായ പുതിയ കേസ് റദ്ദാക്കാനുള്ള അപേക്ഷ ഹൈക്കോടതി നിരസിച്ചാൽ അപ്പീലുമായി സുപ്രീംകോടതിയിലും എത്തും. ഈ കേസിനെ ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയർന്ന ആക്ഷേപവും പരിശോധിക്കുന്നുണ്ട്. ഇതിൽ പ്രാഥമിക തെളിവുകൾ കിട്ടിയാൽ അതിവേഗ ഇടപെടലുകൾ കേന്ദ്രം നടത്തും.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ സാധൂകരിക്കുന്ന തെളിവുകൾ യു.എ.ഇ കോൺസുൽ ജനറലായിരുന്ന ജമാൽ അൽ സാബിയുടെ ബാഗിൽ നിന്ന് പിടിച്ചെടുത്ത പത്ത് മൊബൈൽ ഫോണുകളിൽ നിന്നും രണ്ട് പെൻഡ്രൈവുകളിൽ നിന്നും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. സ്വർണം, ഡോളർ കടത്തിലെ നിർണായക തെളിവുകളും രാഷ്ട്രീയ ഉന്നതരുടെ ശുപാർശയിൽ അയോഗ്യർക്ക് വിസ നൽകിയതിനടക്കം ഈ മൊബൈലുകളിൽ തെളിവുണ്ട്. മൂന്നു വർഷത്തിനിടെ അൽ-സാബി ഉപയോഗിച്ചിരുന്നവയാണ് പിടിച്ചെടുത്ത പത്ത് ഫോണുകൾ. ഇടയ്ക്കിടെ ഫോൺ മാറുന്ന പതിവ് അൽ സാബിക്കുണ്ടായിരുന്നു. ഡോളർ കടത്തിലെ രേഖകളടക്കം പെൻഡ്രൈവിലുണ്ട്. ഇതെല്ലാം കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്.

കാശ്മീരിലേയും ഉത്തരേന്ത്യയിലേയും പ്രശ്‌നങ്ങൾക്ക് പിന്നിൽ കേരളത്തിൽ നിന്നുള്ള ഫണ്ടിന് സ്വാധീനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ നീക്കങ്ങളേയും ഗൗരവത്തോടെ എടുക്കാനാണ് തീരുമാനം. കാശ്മീരിൽ എല്ലാ പ്രശ്‌നവും അവസാനിപ്പിച്ചതാണ്. അതിന് ശേഷം വീണ്ടും പ്രശ്‌നങ്ങൾ തലപൊക്കുന്നു. ഇതിന് പിന്നിലും മലയാളികളുടെ ഇടപെടലുണ്ട്. ഈ സാഹചര്യം എല്ലാം പരിഗണിച്ച് കേരളത്തിലേക്കുള്ള കള്ളപ്പണത്തിന്റേയും സ്വർണ്ണ കടത്തിന്റേയും വരവിൽ അന്വേഷണം നടത്തും. നിലവിൽ സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ ഇഡിയാണ് പരിശോധനകൾ നടത്തുന്നത്. ഇത് മറ്റ് അന്വേഷണ ഏജൻസികളുടെ പരിധിയിലേക്ക് കൊണ്ടു വന്നേക്കും. കേരളത്തിൽ രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാൻ പൊലീസിനെ കാര്യമായി തന്നെ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ തെളിവുള്ള കേസിൽ പോലും ഇഡിയോ കേന്ദ്ര ഏജൻസികളോ അതിശക്തമായി മുമ്പോട്ട് പോകുന്നില്ല.

ദുബായിലേക്ക് അനധികൃതമായി മുഖ്യമന്ത്രി കറൻസി കടത്തിയതായി തെളിവുകൾ കണ്ടെത്തിയാൽ ഇ.ഡിക്ക് അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനാവുമെന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ ഏറെ നിർണായകമാവുക. ചട്ടപ്രകാരം രണ്ടായിരം മുതൽ അയ്യായിരം ഡോളർ വരെയേ മാറ്റിയെടുക്കാനാവൂ. ഡോളർ കടത്ത് കസ്റ്റംസ് ആക്ട് 113 പ്രകാരം ഗുരുതരകുറ്റമാണ്. അനധികൃത ഡോളർ ഇടപാടിന് റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവും മുഖ്യമന്ത്രി നേരിടേണ്ടിവരും. കള്ളപ്പണം ഡോളറാക്കി ഗൾഫിലേക്ക് കടത്തി അവിടെ ബിസിനസ് സംരംഭങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും മുടക്കി എന്ന ആരോപണവും ഉണ്ട്. ഇതിനെല്ലാം പിണറായി മറുപടി നൽകേണ്ടി വരും. എന്നാൽ കേന്ദ്ര സർക്കാരിൽ നിന്ന് അന്തിമ പച്ചക്കൊടി കിട്ടിയാൽ മാത്രമേ ഇഡി ചോദ്യം ചെയ്യലുകളിലേക്ക് കടക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here