ഭൂമിയുടെ ഡിജിറ്റൽ സർവേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂപടവും അറിയാൻ ‘എന്റെ ഭൂമി’ പോർട്ടൽ വരുന്നു

0

തിരുവനന്തപുരം: ഭൂമിയുടെ ഡിജിറ്റൽ സർവേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂപടവും അറിയാൻ ‘എന്റെ ഭൂമി’ പോർട്ടൽ വരുന്നു. ഈ പോർട്ടലിൽ കയറിയാൽ ഭൂവുടമകൾക്കു അവരുടെ സ്ഥലത്തെ കുറിച്ചുള്ള വിവരം വേഗത്തിൽ പരിശോധിക്കാൻ കഴിയും അടുത്ത മാസം സർവേ ആരംഭിക്കുന്നതോടെ പോർട്ടൽ പ്രവർത്തനക്ഷമമാകും. കേരളത്തിനു പുറത്തുള്ളവർക്കും വിവരങ്ങൾ പരിശോധിക്കാൻ പോർട്ടൽ അവസരമൊരുക്കും.

സർവേ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലും സാങ്കേതിക സഹായത്തോടെയും ആണ് ഡിജിറ്റൽ സർവേ. ഭൂമിയുടെ ഉടമസ്ഥരുടെയും അവകാശികളുടെയും വിവരങ്ങൾ റവന്യു വകുപ്പിന്റെ ‘റെലിസ്’എന്ന പോർട്ടലിൽ നിന്നു ശേഖരിക്കും. ഭൂമി അളന്ന് സ്‌കെച്ച് തയാറാക്കി കാലാനുസൃതമാക്കുന്ന ജോലി മാത്രമാകും ഡിജിറ്റൽ സർവേ സംഘത്തിന്റെ ചുമതല. സാധാരണ, ഭൂമിയുടെ റീസർവേ നടക്കുമ്പോൾ പലപ്പോഴും ഭൂവുടമകൾ സ്ഥലത്തില്ലെങ്കിൽ അറിയാതെ പോകുന്ന പ്രശ്‌നമുണ്ട്. ഇതിനും ഇതോടെ പരിഹാരമാകും.

വില്ലേജ് അടിസ്ഥാനത്തിൽ ഭൂമിയുടെ ഉടമസ്ഥതയും അളവും കാലാനുസൃതമായി പരിഷ്‌കരിച്ചു സൂക്ഷിക്കുന്നതിനാണ് റീസർവേ നടത്തുന്നത്. ഇത്തവണ സംസ്ഥാനമാകെ ഭൂമിയുടെ അളവ് സംബന്ധിച്ച കൃത്യത ഉറപ്പാക്കാനാണ് ഡിജിറ്റൽ സർവേ. ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ, കണ്ടിന്യുവസ്ലി ഓപ്പറേറ്റിങ് റഫറൻസ് (കോർ), ഡ്രോൺ എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ.

സാധാരണ, റീസർവേ അറിയിപ്പ് പുറപ്പെടുവിക്കുന്നതിനു പിന്നാലെ സർവേ സംഘം വില്ലേജ് അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചു വിവരങ്ങൾ ശേഖരിച്ച ശേഷം സ്ഥലം അളന്നു നടപടികൾ പൂർത്തിയാക്കുകയുമാണു പതിവ്. പിന്നീട് ഇവർ കലക്ടർമാർക്കു കൈമാറുന്ന രേഖകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി അംഗീകാരം ലഭിക്കുമ്പോൾ താലൂക്ക് ഓഫിസുകളിലേക്കും തുടർന്ന് വില്ലേജ് ഓഫിസുകളിലേക്കും എത്തിച്ചു മാറ്റങ്ങൾ രേഖപ്പെടുത്തും. ഇതിനു ശേഷമാണു ഭൂവുടമകൾക്കു മിക്കപ്പോഴും ഇക്കാര്യങ്ങൾ പരിശോധിക്കാൻ അവസരം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here