റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്‌ ആദ്യത്തെ 48 മണിക്കൂര്‍ ആശുപത്രികളില്‍ അടിയന്തിര ചികിത്സയ്‌ക്കു പണം ഈടാക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പായില്ല

0

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്‌ ആദ്യത്തെ 48 മണിക്കൂര്‍ ആശുപത്രികളില്‍ അടിയന്തിര ചികിത്സയ്‌ക്കു പണം ഈടാക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പായില്ല.
ഒന്നാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യത്തിന്മേല്‍ അന്തിമ തീരുമാനം പറയാനാകാതെ ആരോഗ്യവകുപ്പ്‌.
അപകടത്തില്‍പ്പെട്ട്‌ ആശുപത്രിയില്‍ എത്തിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്കുള്ള ചികിത്സക്ക്‌ രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണം ഈടാക്കില്ലെന്ന “ഗോള്‍ഡന്‍ അവര്‍ ട്രോമ കെയര്‍” പദ്ധതിയാണ്‌ ഇരുട്ടിലായത്‌.
സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്‌ 2015ലാണ്‌ സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്‌. തമിഴ്‌നാട്‌ സ്വദേശിയായ മുരുകന്‍ തക്കസമയത്തു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തെത്തുടര്‍ന്നാണ്‌ കെ.കെ. ഷൈലജ ആരോഗ്യമന്ത്രിയായിരിക്കെ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്‌. ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കും എന്നായിരുന്നു മുന്നറിയിപ്പ്‌. അപകടത്തില്‍പ്പെടുന്നവര്‍ക്കൊപ്പം എത്തുന്നവര്‍ക്കുമേല്‍ ചികിത്സയുടെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കാന്‍ പാടില്ല.
വെട്ടേറ്റ കാല്‍പാദവുമായി എത്തിയ തമിഴ്‌നാട്‌ സ്വദേശി രാജേന്ദ്രനെ രണ്ടുമെഡിക്കല്‍ കോളജുകളില്‍ ചികിത്സ കിട്ടാതെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്‌ വിവാദമായതോടെയാണ്‌ വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ടോം തോമസ്‌ പൂച്ചാലില്‍, ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ആരാഞ്ഞ്‌ രംഗത്തുവന്നത്‌.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ്‌ നടപ്പാക്കിത്തുടങ്ങിയിട്ടില്ല എന്ന്‌ വ്യക്‌തമാക്കുന്ന മറുപടിയാണ്‌ കഴിഞ്ഞ ദിവസവും ലഭിച്ചത്‌. സ്‌റ്റേറ്റ്‌ ഹെല്‍ത്ത്‌ ഏജന്‍സി ഇതിനായി സമര്‍പ്പിച്ച വിശദമായ നിര്‍ദേശങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന മറുപടിയാണ്‌ ആവര്‍ത്തിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here