നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി

0

കൊച്ചി ∙ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. പരിശോധനയ്ക്കുള്ള അപേക്ഷയുടെ ലക്ഷ്യമെന്താണെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നു കോടതി നിർദേശിച്ചു.

ഹാഷ് വാല്യു മാറിയതിന്റെ പ്രത്യാഘാതമെന്താണെന്ന് അറിയിക്കണം. കോടതിയിൽ ഹാജരാക്കിയ രേഖയിൽ തിരിമറി നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രയോജനം പ്രതിക്കു ലഭിക്കുമോ? ഹാജരാക്കിയ രേഖയിൽ കോടതിക്കാണ് അധികാരം.

ഹർജിയിൽ പ്രതിഭാഗത്തെ കക്ഷി ചേർക്കുന്നതിൽ പ്രോസിക്യൂഷന് വിമുഖത എന്തുകൊണ്ടാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ചോദിച്ചു. ഈ വിഷയത്തിൽ ക്രൈംബ്രാഞ്ചിന്റെ ഹർജിയിലും അതിജീവിതയുടെ ഹർജിയിലും ഒരേ നിലപാടാണുള്ളത്. ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായം ലഭിക്കേണ്ടതുണ്ട്. കോടതിക്ക് കൃത്യമായ ചിത്രം ലഭിക്കണം. ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടിയാൽ ദിലീപിന്റെ ഭാഗം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്നു സൂചിപ്പിക്കുന്ന ഹാഷ് വാല്യു മാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ഫൊറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണു ഹർജി നൽകിയത്.

അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിതയായ നടിയും ഹർജി നൽകിയിട്ടുണ്ട്. രണ്ടു ഹർജികളും ഒന്നിച്ചു പരിഗണിക്കാമെന്നു കോടതി പറഞ്ഞു. നേരത്തെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here