ഇന്ത്യൻ റോഡുകളിലും അത്യാധുനിക ടെക്നോളജി വരുന്നു; അപകടങ്ങൾ കുറയും എന്ന് പഠനം

0

ഇന്ത്യന്‍ റോഡുകളിലേക്കും നിര്‍മിത ബുദ്ധി വരുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കൂടുതല്‍ സുരക്ഷിതമായ ഡ്രൈവിങ്ങിനുള്ള പദ്ധതിയാണ് ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്നുള്ള ഗവേഷകര്‍ അവതരിപ്പിക്കുന്നത്.

റോഡിലെ അപകട സാധ്യതകളെക്കുറിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഇന്റലിജന്റ് സൊലൂഷൻസ് ഫോർ റോഡ് സേഫ്റ്റി ത്രോ ടെക്നോളജി ആൻഡ് എൻജിനീയറിങ് (iRASTE) എന്ന പേരില്‍ ഇവര്‍ നാഗ്പൂരില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തത്സമയം അപകടം നടക്കാനുള്ള സാധ്യതകളെക്കുറിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇത് ചെയ്യുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്ന സംവിധാനമാണ് റോഡിലെ അപകടസാധ്യതാ മേഖലകളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. റോഡിനെക്കുറിച്ചുള്ള വിവരങ്ങളും മുന്‍ അപകടങ്ങളും അടക്കമുള്ള വിവരങ്ങള്‍ ചേര്‍ത്ത് താരതമ്യപ്പെടുത്തിയാണ് ഈ നിര്‍മിത ബുദ്ധി ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക.

അപകടങ്ങളെക്കുറിച്ച് മാത്രമല്ല റോഡുകളിലെ അപകട സ്ഥലങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും അറ്റകുറ്റപണികള്‍ നടത്തേണ്ട സ്ഥലങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ഇതേ നിര്‍മിത ബുദ്ധിയുടെ സഹായം തേടാനാകുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐഐഐടി ഹൈദരാബാദിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റവും ഐഎൻഎഐ യും ചേര്‍ന്നാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇന്ത്യ ഡ്രൈവിങ് ഡേറ്റസെറ്റ് (IDD) ഇന്ത്യന്‍ റോഡുകളിലെ വിപുലമായി ശേഖരിക്കുകയും ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള 10,000ത്തിലേറെ ചിത്രങ്ങളും 182 ഡ്രൈവിങ് സീക്വന്‍സുകളും ഐഡിഡിയില്‍ ലഭ്യമാണ്. കാറുകളിലും വാഹനങ്ങളിലും മുന്നില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ വഴിയാണിത് ചിത്രീകരിച്ചത്. ആര്‍ക്കും ഓണ്‍ലൈനില്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കാനാകും. ഈ വിവരങ്ങള്‍ ഉപയോഗിക്കുന്ന അയ്യായിരത്തിലേറെ റജിസ്‌ട്രേഡ് ഉപയോക്താക്കള്‍ ഐഡിഡിക്ക് രാജ്യാന്തര തലത്തില്‍ ഉണ്ട്. ഇന്ത്യ ഡ്രൈവിങ് ഡേറ്റാസെറ്റ്(IRDAT), ഓപണ്‍ വേള്‍ഡ് ഒബ്‌ജെക്ട് ഡിറ്റെക്ഷന്‍ ഓണ്‍ റോഡ് സീന്‍സ്(ORDER) എന്നിവയും സമാനമായ വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനങ്ങളാണ്.
ശേഖരിക്കുന്ന ഗതാഗത വിവരങ്ങള്‍ ഭാവിയില്‍ ഗവേഷകര്‍ക്കും വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമെല്ലാം ഉപകാരപ്പെടും. സ്മാര്‍ട് മൊബിലിറ്റി, ആരോഗ്യരംഗം, സ്മാര്‍ട് കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങള്‍ക്കും ഈ വിവരങ്ങള്‍ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയും ഗവേഷകര്‍ക്കുണ്ട്. പ്രാഥമികഘട്ടത്തില്‍ നാഗ്പൂരില്‍ അവതരിപ്പിച്ച പദ്ധതി തെലങ്കാനയിലേക്കും ഗോവയിലേക്കും ഗുജറാത്തിലേക്കുമെല്ലാം വ്യാപിപ്പിക്കാനും പരിപാടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here