സിന്തറ്റിക്‌ മയക്കുമരുന്നു വേട്ടയുടെ ഭാഗമായി ആറുപേര്‍ കൂടി അറസ്‌റ്റില്‍

0

സിന്തറ്റിക്‌ മയക്കുമരുന്നു വേട്ടയുടെ ഭാഗമായി ആറുപേര്‍ കൂടി അറസ്‌റ്റില്‍. എം.ഡി.എം.എയുമായി കഴിഞ്ഞദിവസം പിടിയിലായ അഞ്ചുപേര്‍ക്കു പുറമെ സംഘത്തില്‍പെട്ട ആറുപേരെ കൂടി ഇന്നലെ അറസ്‌റ്റുചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 11 ആയി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണമ്പള്ളി ഭാഗം കീരിക്കാട്‌ ചാലില്‍ വിട്ടില്‍ അമല്‍ഫാറൂഖ്‌(മോട്ടി), കീരിക്കാട്‌ മദീനാ മന്‍സിലില്‍(തുളിനയ്യത്ത്‌) ഷാലു(24), കീരിക്കാട്‌ ഫിറോസ്‌ മന്‍സിലില്‍ ഫിറോസ്‌(22), കീരിക്കാട്‌ കണ്ണമ്പള്ളി തെക്കതില്‍ അനന്തു(22), കടയിശേരില്‍ പുത്തന്‍വീട്ടില്‍ അര്‍ഷാദ്‌(24), കൊല്ലം ആദിനാട്‌ തെക്ക്‌ കാട്ടില്‍ക്കടവ്‌ അമ്പാടിയില്‍ രാഹുല്‍(20), കാട്ടില്‍ക്കടവ്‌ ആദിശേരില്‍ ശ്യാംകുമാര്‍(32), ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണയ്‌ക്കാട്‌ കണിയാനേത്ത്‌ അശ്വിന്‍(23), എണ്ണയ്‌ക്കാട്‌ നെടിയത്ത്‌ കിഴക്കതില്‍ നന്ദു(24), കൃഷ്‌ണപുരം കൊട്ടാരത്തിനു പടിഞ്ഞാറ്‌ ദളവാമഠം വീട്ടില്‍ സഞ്ചുസതീഷ്‌(20), കൃഷ്‌ണപുരം തെക്കന്‍കാവ്‌ ക്ഷേത്രത്തിനു സമീപം കോട്ടപ്പുറത്ത്‌ അശ്വിന്‍ദേവ്‌(20) എന്നിവരാണ്‌ 16 ഗ്രാം എം.ഡി.എം.എയുമായി അറസ്‌റ്റിലായത്‌.
ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം പോലീസും ചേര്‍ന്നാണ്‌ ഇവരെ പിടികൂടിയത്‌. എം.ഡി.എം.എ. മുംബൈ, ഗോവ എന്നിവിടങ്ങളില്‍നിന്നു വന്‍തോതില്‍ കേരളത്തിലേക്കു കടത്തുന്ന സംഘത്തെക്കുറിച്ച്‌ ജില്ലാ പോലീസ്‌ മേധാവി ജി. ജയ്‌ദേവിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ പിടിയിലായത്‌. നര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി: എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ്‌ ടീമും കായംകുളം ഡി.വൈ.എസ്‌.പി: അലക്‌സ്‌ ബേബിയുടെ നേത്യത്വത്തിലുള്ള എസ്‌.എച്ച്‌.ഒ: വൈ. മുഹമ്മദ്‌ഷാഫിയും സംഘവും നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌.
അന്തര്‍സംസ്‌ഥാന ട്രെയിനില്‍ വന്നിറങ്ങി ചെറുകിട കച്ചവടക്കാര്‍ക്കു കൈമാറുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്ന്‌ ഓരോരുത്തര്‍ വീതംവച്ച്‌ എടുക്കുകയാണു ചെയ്യുന്നത്‌. ഒറ്റത്തവണ ഉപയോഗിച്ചാല്‍ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നാണു പറയപ്പെടുന്നത്‌. ഇവര്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ സംസ്‌ഥാനത്തിനു പുറത്തുപോയി എം.ഡി.എം.എ. വാങ്ങാറുണ്ടെന്നും ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്‌ ഇവരെന്നും പോലീസ്‌ പറഞ്ഞു.കോളജ്‌ വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കും ട്രക്ക്‌, ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്കുമാണ്‌ പ്രധാനമായും ഇവര്‍ വില്‍പ്പന നടത്തുന്നത്‌. കൂടുതല്‍ പേര്‍ മയക്കുമരുന്നു കച്ചവടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ്‌ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here