ഗായകന്‍ കൃഷ്‌ണകുമാര്‍ കുന്നത്തിന്റെ മരണത്തിനു കാരണം ഹൃദയാഘാതമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

0

കെ.കെ. എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിഖ്യാത മലയാളി ഗായകന്‍ കൃഷ്‌ണകുമാര്‍ കുന്നത്തിന്റെ മരണത്തിനു കാരണം ഹൃദയാഘാതമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്നലെ രാത്രി വൈകി മൃതദേഹം മുംബൈയിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ ഒന്‍പതിനു മുംബൈ മുക്‌തിദാന്‍ ശ്‌മശാനത്തിലാണ്‌ സംസ്‌കാരം. നേരത്തേ കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന്‌ കൊല്‍ക്കത്ത പോലീസ്‌ കേസെടുത്തിരുന്നു. സംഗീതപരിപാടിക്കു ശേഷം കെ.കെ. കുഴഞ്ഞുവീണ പഞ്ചനക്ഷത്രഹോട്ടല്‍ ഗ്രാന്‍ഡ്‌ ഉള്‍പ്പെടുന്ന ന്യൂമാര്‍ക്കറ്റ്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
ഇന്നലെ കൊല്‍ക്കത്ത എസ്‌.എസ്‌.കെ. സര്‍ക്കാര്‍ ആശുപത്രിയിലാണു പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്‌. അദ്ദേഹത്തിനു കരള്‍, ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.
ചൊവ്വാഴ്‌ച വൈകിട്ട്‌ ഹോട്ടലില്‍നിന്നാണ്‌ കെ.കെയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ആശുപത്രിയിലെത്തും മുമ്പ്‌ എന്താണ്‌ സംഭവിച്ചത്‌ എന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു. രണ്ടുദിവസത്തെ പരിപാടികള്‍ക്കായിയാണ്‌ കെ.കെ. കൊല്‍ക്കത്തയിലെത്തിയത്‌. തെക്കന്‍ കൊല്‍ക്കത്തയിലെ നാസ്‌റുള്‍ മാഞ്ച സ്‌റ്റേഡിയത്തിലെ പരിപാടിക്കുശേഷം ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം ആരാധകരാല്‍ വളയപ്പെട്ടിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായി. ആരാധകരെ ചിലര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ അനുവദിച്ച ഗായകന്‍ പിന്നീട്‌ സെല്‍ഫി വേള അവസാനിപ്പിച്ച്‌ ഹോട്ടല്‍ ലോബിയില്‍നിന്ന്‌ മുകള്‍നിലയിലേക്ക്‌ പോവുകയും അവിടെ വച്ച്‌ കുഴഞ്ഞുവീഴുകയുമായിരുന്നു. ഗായകനൊപ്പമുണ്ടായിരുന്ന ആളുകളാണ്‌ ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുന്നത്‌. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടക്കം മുതല്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്ന നിഗമനത്തിലായിരുന്നു ഡോക്‌ടര്‍മാര്‍. നെറ്റിയുടെ ഇടതുഭാഗത്തും ചുണ്ടുകളിലും ഉള്ള മുറിവുകള്‍ കുഴഞ്ഞുവീണപ്പോള്‍ ഉണ്ടായത്‌ ആകാമെന്നുമാണ്‌ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. മരണത്തില്‍ അസ്വാഭാവിക കാരണങ്ങളൊന്നുമില്ലെന്നു പ്രാഥമിക പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്‌തമാക്കുന്നത്‌. അന്തിമറിപ്പോര്‍ട്ട്‌ 72 മണിക്കൂറിനുള്ളില്‍ ലഭ്യമാകുമെന്നാണ്‌ കരുതുന്നത്‌. കെ.കെയുടെ ഭാര്യ ജ്യോതികൃഷ്‌ണയും മക്കളായ നകുലും താമരയും കൊല്‍ക്കത്തയിലെത്തിയിരുന്നു. മൃതദേഹത്തില്‍ പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. ഏക്കാലത്തെയും മികച്ച ഗായകരിലൊരാളായ കെ.കെയ്‌ക്ക്‌ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കൊല്‍ക്കത്ത വിട നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖര്‍ കെ.കെയുടെ മരണത്തില്‍ അനുശോചനമറിയിച്ചു. അനവധി വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു കെ.കെയുടെ പാട്ടുകളെന്നും എല്ലാ പ്രായക്കാര്‍ക്കിടയിലും അവ ജനപ്രിയമായിരുന്നുവെന്നും ട്വിറ്ററിലെ അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി അനുസ്‌മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here