മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍

0

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. താന്‍ ഉപരാഷ്ട്രപതിയാകാതെ പോയത് ഉമ്മന്‍ ചാണ്ടി കാരണമെന്നാണ് പി ജെ കുര്യൻ ആരോപിക്കുന്നത്. ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി അതിനെ എതിര്‍ത്തെന്നുമാണ് വെളിപ്പെടുത്തല്‍. പ്രസാധകന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി ജെ കുരിയൻ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നിലും ഉമ്മന്‍ ചാണ്ടിയാണെന്ന് പി ജെ കുര്യന്‍ ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടി സോണിയാ ഗാന്ധി വഴി ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ അഭിമാനകരമായ പദവി ലഭിക്കുമായിരുന്നുവെന്ന് പി ജെ കുര്യന്‍ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. കോണ്‍ഗ്രസില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് പല തവണ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി ജെ കുര്യന് 80 വയസ് പൂര്‍ത്തിയാകുന്ന വേളയില്‍ അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടിയെ പേരെടുത്ത് പറഞ്ഞ് രൂക്ഷമായി വിമര്‍ശിക്കുന്നത്. രാജീവ് ഗാന്ധിയുമായുള്ള ബന്ധമല്ല തനിക്ക് രാഹുല്‍ ഗാന്ധിയുമായുള്ളതെന്ന് പി ജെ കുര്യന്‍ പറയുന്നു. സ്ഫടികതുല്യമായ വ്യക്തിത്വമുള്ള നേതാവായിരുന്നു രാജീവ് ഗാന്ധി. പക്ഷേ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളേയും പുതുമുഖങ്ങളേയും ഒരുമിച്ച് നയിക്കാന്‍ സാധിക്കുന്നില്ലെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു. രമേശ് ചെന്നിത്തലയേയും അഭിമുഖത്തില്‍ പി ജെ കുര്യന്‍ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. ‘രാജ്യസഭാ സീറ്റ് നിഷേധം ഉമ്മന്‍ ചാണ്ടിയുടെ കുതന്ത്രം’ എന്ന പേരിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here