‘രേഷ്മയെന്ന ഇരുപത്തിയെട്ടുകാരിയായ മകളുടെ കഴുത്തു ഞെരിക്കും മുന്‍പ് ആ അമ്മ അനുഭവിച്ച നോവ് എന്തായിരിക്കും എന്നോര്‍ക്കുക’

0

എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ നജീബ് മൂടാടി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രേഷ്മയെന്ന ഇരുപത്തിയെട്ടുകാരിയായ മകളുടെ കഴുത്തു ഞെരിക്കും മുന്‍പ് ആ അമ്മ അനുഭവിച്ച നോവ് എന്തായിരിക്കും എന്നോര്‍ക്കുക. നാം വായിക്കാതെ പോകുന്ന വാര്‍ത്തകളാണ്, കാണാതെ പോകുന്ന ജീവിതങ്ങളാണ്.- എഴുത്തുകാരനായ നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

ഇരുപത്തിയെട്ടുകാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്ന് അമ്മ ആത്മഹത്യ ചെയ്ത വാര്‍ത്ത പതിവുപോലെ നമ്മില്‍ ഒരു ചലനവും ഉണ്ടാക്കാതെ കടന്നുപോയി. വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതം പേറി പലവിധ രോഗങ്ങളും, പിറന്നു വീഴുമ്പോള്‍ തന്നെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ ഒരുപാട് പ്രശ്‌നങ്ങളുമായി വലിയ തലയും കുഞ്ഞുടലുമായി. അങ്ങനെ പലവിധത്തില്‍ മരിച്ചു ജീവിക്കുന്നവരും മരണം കൊണ്ട് ദുരിതങ്ങളില്‍ നിന്ന് രക്ഷപെട്ടു പോകുന്നവരുമായ ആ നാടുകളിലെ മനുഷ്യര്‍ ഇപ്പോള്‍ നമുക്ക് വാര്‍ത്തയേ അല്ലല്ലോ. ആ കൂട്ടത്തില്‍ ഒരു വിമലയും രേഷ്മയും കൂടെ..

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മാത്രം വിഷയമല്ലല്ലോ ഇത്. ദിവ്യാംഗര്‍ എന്നും ഭിന്നശേഷിക്കാര്‍ എന്നുമൊക്കെ മനോഹരമായ പേരിട്ട് ആദരിക്കുന്നതിനപ്പുറം ബുദ്ധിപരമായോ മാനസികമായോ ശാരീരികമായോ സാധാരണ നിലയില്‍ അല്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളോടും ആ മക്കളുടെ രക്ഷിതാക്കളോടും ഉറ്റവരുടെയും സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും മനോഭാവമാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്യാന്‍ അമ്മമാരെ പ്രേരിപ്പിക്കുന്നത് എന്ന സത്യം എങ്ങനെയാണ് നമുക്ക് കാണാത്ത മട്ടില്‍ ഇരിക്കാന്‍ കഴിയുന്നത്. ഈ അവസ്ഥയിലായ കുഞ്ഞുങ്ങളെ കൊന്ന് സ്വയം അവസാനിപ്പിച്ച അച്ഛനമ്മമാരെ കുറിച്ചുള്ള വാര്‍ത്ത നമുക്ക് പുതുമയല്ലാതായിരിക്കുന്നു.

അതിലും എത്രയോ ഇരട്ടി രക്ഷിതാക്കള്‍ മനസ്സില്‍ ഒരായിരം വട്ടം ഇങ്ങനെ ആലോചിക്കുകയും ധൈര്യമില്ലാത്തത് കൊണ്ടോ വിശ്വാസപരമായ കാരണങ്ങളാലോ വേണ്ടെന്ന് വെച്ച് ഉരുകി ജീവിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഒരു കുഞ്ഞ് പിറന്നുവീഴുന്നത് മുതല്‍ ആ കുട്ടിയെ പരിചരിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലുമായി ജീവിതം ഒതുങ്ങിപ്പോയ, സ്വന്തം ആരോഗ്യം കുറഞ്ഞു വരുംതോറും മുതിര്‍ന്നു വരുന്ന കുട്ടിക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കാനാവാത്തതിന്റെ വേദനയും തന്റെ കാലശേഷം ഈ കുട്ടിയുടെ അവസ്ഥ എന്താകും, ആരു നോക്കും എന്ന ആധിയും ഉണ്ടാക്കുന്ന നിവൃത്തികേടും വര്‍ഷങ്ങളായി ഒഴുക്കുന്ന കണ്ണീരും ഒടുവില്‍ ഇങ്ങനെ ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തിക്കുകയാണ്.

സര്‍ക്കാരും സമൂഹവും മാത്രമല്ല, പലപ്പോഴും ബന്ധുക്കളും വീട്ടുകാര്‍ പോലും ഇങ്ങനെയുള്ള കുട്ടിയെ പരിചരിക്കേണ്ടത് മാതാപിതാക്കളുടെ മാത്രം ബാധ്യതയാണ് എന്ന് നിസ്സംഗമായി മാറി നില്‍ക്കുമ്പോള്‍, ഇങ്ങനെ ഒരു കുഞ്ഞാണ് പിറന്നത് എന്നറിയുന്നതോടെ സ്വന്തം അച്ഛന്‍ തന്നെ ഉപേക്ഷിച്ചു പോകുന്ന സംഭവങ്ങള്‍ അപൂര്‍വ്വമല്ലാതാകുമ്പോള്‍ സുഗതകുമാരിയുടെ ‘കൊല്ലേണ്ടതെങ്ങനെ’ എന്ന കവിതയിലെ അമ്മയെപ്പോലെ മരണം കൊണ്ട് കുട്ടിക്കും സ്വയവും മോചനം നല്‍കുകയാണ് എന്ന വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം നാം എന്നാണ് ഉള്‍ക്കൊള്ളുക.

ഇങ്ങനെയുള്ള ഓരോ മരണവും വിദ്യാഭ്യാസപരമായും സംസ്‌കാരികമായും വളരെ ഉയര്‍ന്ന നിലയില്‍ ആണെന്ന് അഭിമാനിക്കുന്ന നമ്മുടെ സമൂഹത്തിന്റെ പൊള്ളത്തരം ആണ് തുറന്നു കാണിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍ക്കോട്ടെ ഗ്രാമങ്ങളില്‍ ജീവച്ഛവങ്ങളായി ജനിച്ചു വീണ് നരകജീവിതം കഴിച്ചു കൂട്ടുന്ന കുഞ്ഞുങ്ങളുടെയോ അവരുടെ മാതാപിതാക്കളുടെയോ കാര്യത്തിലായാലും, ഓട്ടിസം അവസ്ഥയിലോ സെറിബ്രല്‍പാള്‍സി തുടങ്ങി പലവിധങ്ങളായ ബുദ്ധിപരമായോ ശാരീരികമായോ മാനസികമായോ ഉള്ള പ്രശ്‌നങ്ങളാലോ ജനിക്കുന്ന, പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത മക്കളുടെ കാര്യത്തില്‍ ആയാലോ ഒട്ടും അനുഭാവം ഇല്ലാത്ത ഒരു സമൂഹമാണ് നാം.

ഇങ്ങനെ ഒരു കുഞ്ഞു പിറന്നു വീഴുന്നത് മുതല്‍ സന്തോഷങ്ങളും സ്വാതന്ത്ര്യവും അവസാനിച്ച് ജീവിതം തന്നെ ആ കുട്ടിയിലേക്ക് ഒതുങ്ങി പ്രായമേറും തോറും തങ്ങളുടെ കാലശേഷം ഈ മകന്റെ / മകളുടെ അവസ്ഥ എന്താവും എന്ന ആധിയോടെ ജീവിക്കുന്ന രക്ഷിതാക്കള്‍ക്ക് ആശ്വാസമാവാനും ധൈര്യം നല്‍കാനും കൂടെ നില്‍ക്കാനും ഉള്ള ബാധ്യത ബന്ധുക്കള്‍ക്കും സമൂഹത്തിനും എന്നാണ് ഉണ്ടാവുക. ഇതൊക്കെ ഏതെങ്കിലും ചാരിറ്റി സംഘടനകളുടെയോ പാലിയേറ്റീവ് പ്രവര്‍ത്തകരുടെയോ മാത്രം കടമയാണ് എന്ന ധാരണ നാം തിരുത്തുമോ.

ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പരിചരണങ്ങളും ചികിത്സയും എത്രയും നേരത്തേ തുടങ്ങിയാല്‍ വലിയൊരളാവോളം ആ കുഞ്ഞുങ്ങളെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാനാവും എന്ന് വിദഗ്ദര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ പല പ്രശ്‌നങ്ങളും കണ്ടെത്താനാവും എന്നത് കൊണ്ട് തന്നെ മാതാപിതാക്കള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്ങും ഈ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണം എന്നതുമൊക്കെ നേരത്തേ മനസ്സിലാക്കാനും അതിനായി ഒരുങ്ങാനും സാധിക്കും. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ തെറാപ്പികളുടെയും പരിശീലന ഉപകരണങ്ങളുടെയും കാര്യത്തില്‍ ലോകം ഒരുപാട് മുന്നോട്ടു എത്തിക്കഴിഞ്ഞെങ്കിലും നമ്മുടെ നാട്ടില്‍ അങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ചുള്ള അവബോധം പല സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ക്ക് പോലും ഇല്ല.

പൊതു ഇടങ്ങള്‍ വീല്‍ചെയര്‍ ഫ്രണ്ട്ലി ആവുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പോലും എന്തിന് എന്ന് നിസ്സാരമായി കാണുന്ന നമ്മുടെ പൊതു സമൂഹത്തിന്റെ കാര്യം പറയേണ്ടതുമില്ലല്ലോ. നിസ്സഹായരായ ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും കാര്യത്തില്‍ സര്‍ക്കാരും പൊതുസമൂഹവും വ്യക്തികളും ഇതേ അവഗണനയും നിസ്സംഗതയും തുടര്‍ന്നാല്‍ ഇനിയും ഇവിടെ ഈ രീതിയില്‍ ഉള്ള മരണ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും. നമ്മുടെ ചുറ്റുവട്ടങ്ങളിലൊ ബന്ധുക്കളിലോ ഇങ്ങനെ സംഭവിക്കുമ്പോള്‍ മാത്രം കുറ്റബോധം തോന്നിയത് കൊണ്ട് കാര്യം ഉണ്ടാവുകയില്ല.

രേഷ്മയെന്ന ഇരുപത്തിയെട്ടുകാരിയായ മകളുടെ കഴുത്തു ഞെരിക്കും മുമ്പ് ആ അമ്മ അനുഭവിച്ച നോവ് എന്തായിരിക്കും എന്നോര്‍ക്കുക. നാം വായിക്കാതെ പോകുന്ന വാര്‍ത്തകളാണ് കാണാതെ പോകുന്ന ജീവിതങ്ങളാണ്. കണ്ടില്ലെന്ന് നടിച്ചാലും നമുക്ക് അറിയുന്ന എമ്പാടും മനുഷ്യരുണ്ടിങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here