2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ;ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം ഹൈദരാബാദിൽ

0

ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം ഹൈദരാബാദിലെത്തുമ്പോൾ ദക്ഷിണേന്ത്യയിൽ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യവും പാർട്ടിക്കു മുന്നിലുണ്ട്. 5 വർഷത്തിനിടെ ‍ഡൽഹിക്കു പുറത്തു നടക്കുന്ന ആദ്യത്തെ ദേശീയ നിർവാഹകസമിതി യോഗമാണിത്; 2015ൽ ബെംഗളൂരുവിലും 2016ൽ കോഴിക്കോട്ടും നടന്നശേഷം ദക്ഷിണേന്ത്യയിൽ നടക്കുന്ന ആദ്യ ഉന്നതതല യോഗവും.

ജൂലൈ 2നും 3നും ഹൈദരാബാദിലെ നോവോട്ടൽ–എച്ച്ഐ കൺവൻഷൻ സെന്ററില്‍ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ എന്നിവ ചർച്ച ചെയ്യും.

ഹൈദരാബാദിൽത്തന്നെ യോഗം തീരുമാനിച്ചത് തെലങ്കാനയിൽ മുഖ്യപ്രതിപക്ഷമെന്ന നിലയിൽ തെലങ്കാന രാഷ്ട്രസമിതി (ടിആർ​​എ​സ്) സർക്കാരിനെതിരെയുള്ള ബിജെപിയുടെ യുദ്ധ പ്രഖ്യാപനം കൂടിയാണെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞയാഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും തെലങ്കാനയിൽ പര്യടനത്തിനിടെ ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ രൂക്ഷവിമർശനമാണു നടത്തിയത്.

തെലങ്കാനയിലെ നേതാവും ഒബിസി മോർച്ച ദേശീയ അധ്യക്ഷനുമായ കെ.ലക്ഷ്മണിന് യുപിയിൽനിന്ന് ഈയിടെ ബിജെപി രാജ്യസഭാ ടിക്കറ്റ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ അതേ സമുദായത്തിൽനിന്നുള്ള നേതാവായ ബണ്ടി സഞ്ജയാണ് സംസ്ഥാന ബിജെപി പ്രസിഡന്റ്. പിന്നാക്ക വോട്ടുകൾ സമാഹരിക്കാനും തെലങ്കാന സംസ്ഥാന പ്രക്ഷോഭത്തിൽ പങ്കെടുത്ത, ഇപ്പോൾ ടിആർഎസിന്റെ രാഷ്ട്രീയ എതിരാളികളായ സംഘടനകളെ ബിജെപിയിലേക്ക് ആകർഷിക്കാനും പാർട്ടി ശ്രമിക്കുന്നുണ്ട്. ഇന്നലെ ഹൈദരാബാദിൽ ഇത്തരം സംഘടനകളുടെ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here