നൂപുർ ശർമയുടെ സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പൊലീസിന്റെ അനാസ്ഥയും

0

ഉദയ്പുർ: നൂപുർ ശർമയുടെ സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കനയ്യ ലാലിനെ (48) കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പൊലീസിന്റെ അനാസ്ഥയും. തന്നെ ഒരു സംഘം ആളുകൾ പിന്തുടരുന്നതായും ഭീഷണിപ്പെടുത്തുന്നതായും ധന്മണ്ഡി പൊലീസ് സ്റ്റേഷനിൽ കനയ്യ ലാൽ പരാതി നൽകിയെങ്കിലും പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ജീവന് ഭീഷണിയുണ്ടെന്നും ചിലർ കട നിരീക്ഷിക്കുന്നതായും അദ്ദേഹം പൊലീസിനെ അറിയിച്ചു. ഭീഷണിയെ തുടർന്ന് ആറ് ദിവസം കട അടച്ചിടുകയും ചെയ്തു. തുറന്ന ദിവസമാണ് കൊല നടന്നതെന്നും ഭാര്യ യശോദ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ അയൽവാസിയായ നാസിം നൽകിയ പരാതിയെ തുടർന്ന് ഈ മാസം 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിട്ടയച്ചു. അതിനു ശേഷം 15ന് ആണ് നാസിം ഭീഷണിപ്പെടുത്തുന്നതായും പൊലീസ് സംരക്ഷണം വേണമെന്നും കനയ്യ പരാതിപ്പെട്ടത്.

നാസിമും മറ്റ് അഞ്ച് പേരും തന്റെ ഫോട്ടോ ചില ഗ്രൂപ്പുകളിൽ കൈമാറുന്നതായും കടതുറന്നാൽ കൊലപ്പെടുത്തണമെന്ന് അതിൽ പറയുന്നതായും ധന്മണ്ഡി പൊലീസിന് 15ന് നൽകിയ പരാതിയിലുണ്ട്. പൊലീസ് ഇരുവരെയും വിളിച്ച് വിഷയം ഒത്തുതീർപ്പാക്കി വിടുകയാണ് ചെയ്തത്. കനയ്യ നൽകിയ പരാതി ഗൗരവത്തിലെടുക്കുകയോ സുരക്ഷ ഉറപ്പാക്കുകയോ ചെയ്തില്ല. സംഭവത്തിൽ എസ്‌ഐ, എഎസ് ഐ എന്നിവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഗെയിം കളിക്കുന്നതിനിടയിൽ മകൻ ആണ് അറിയാതെ വിവാദ പോസ്റ്റ് പങ്കുവച്ചതെന്നും തനിക്ക് ഫോൺ ഉപയോഗിക്കാൻ അറിയില്ലെന്നും കനയ്യാ ലാലിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

അതേസമയം കനയ്യാ ലാലിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പേരിൽ ഒരാൾക്ക് പാക്കിസ്ഥാനിലെ ദാവത് ഇ ഇസ്‌ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതിൽ ഗൗസ് മുഹമ്മദ് 2014 ൽ കറാച്ചി സന്ദർശിച്ചിട്ടുള്ളതായി ഡിജിപി എം.എൽ. ലാഥർ പറഞ്ഞു. ഇവർക്കു പുറമേ 5 പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ആരോപണം പാക്കിസ്ഥാൻ വിദേശമന്ത്രാലയം നിഷേധിച്ചു.

അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുത്തു. കൊലപാതകം, അതിക്രമിച്ചു കയറൽ, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഐഎസ് ഉൾപ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനകളുടെ പങ്ക് സംശയിക്കുന്നതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎയെ ഏൽപിച്ചത്. ഗൗസ് മുഹമ്മദിനെയും റിയാസ് അഖ്താരിയെയും ഉദയ്പുരിലെത്തിയ എൻഐഎ സംഘം ചോദ്യം ചെയ്തു.

കൊലപാതകത്തിൽ ഭീകര സംഘടനകൾക്കു പങ്കുണ്ടോയെന്നാണ് എൻഐഎ പ്രധാനമായി അന്വേഷിക്കുന്നത്. ജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ വേണ്ടിയാണ് കൊലപാതകദൃശ്യങ്ങൾ ഇവർ പ്രചരിപ്പിച്ചതെന്ന് എൻഐഎ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉന്നതതല യോഗം നടത്തി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ സർവകക്ഷിയോഗവും നടത്തി.

കനയ്യ ലാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ നഗരത്തിലെ അശോക്‌നഗറിൽ സംസ്‌കാരം നടന്നു. പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ കനയ്യ ലാലിന്റെ വീട് സന്ദർശിച്ചു. ഉദയ്പുരിലെ 7 പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ തുടരുകയാണ്. സംസ്ഥാനത്ത് ഇന്റർനെറ്റ് വിഛേദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here