സംസ്ഥാന സർക്കാർ, തദ്ദേശസ്ഥാപനങ്ങളുടെ റവന്യു വരവിന്റെയും കുടിശികയുടെയും വിശദാംശങ്ങൾ തയാറാക്കി നിയമസഭയിൽ വയ്ക്കണമെന്ന് തദ്ദേശ വകുപ്പിന്റെ ഉത്തരവ്

0

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ, തദ്ദേശസ്ഥാപനങ്ങളുടെ റവന്യു വരവിന്റെയും കുടിശികയുടെയും വിശദാംശങ്ങൾ തയാറാക്കി നിയമസഭയിൽ വയ്ക്കണമെന്ന് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.

ആറാം ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവിറക്കിയത്. നികുതി പിരിവിന്റെയും നികുതി ഇതര വരവിന്റെയും അവലോകനം 3 മാസത്തിലൊരിക്കൽ ഗ്രാമസഭകളിലും വാർഡ് യോഗങ്ങളിലും നടത്തണമെന്നും ഉത്തരവിലുണ്ട്.

മൂന്നു മാസത്തിലൊരിക്കൽ നികുതി വരുമാനത്തിന്റെ ഡിസിബി തയാറാക്കി പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഭരണസമിതി യോഗത്തിൽ വച്ച് ചർച്ച ചെയ്ത് ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകണം.

കുടിശികയും ഏതു കാലയളവിലെ കുടിശികയാണെന്നും സൂചിപ്പിക്കുന്ന റജിസ്റ്റർ തയാറാക്കണം. നിലവിൽ ഓൺലൈൻ സംവിധാനത്തിലേക്കു മാറിയതോടെ റജിസ്റ്റർ സൂക്ഷിക്കാത്ത സ്ഥിതി ഉണ്ടെന്നു വിലയിരുത്തിയാണ് ഇത്തരമൊരു ശുപാർശ.

തദ്ദേശസ്ഥാപനങ്ങൾ പ്രധാനമായും പിരിക്കുന്ന വസ്തുനികുതി, പ്രഫഷനൽ നികുതി എന്നിവ ലക്ഷ്യത്തിൽ എത്താത്ത സാഹചര്യത്തിലാണു ശുപാർശ തയാറാക്കി നൽകിയത്.

കമ്മിഷന്റെ റിപ്പോർട്ടിലെ മറ്റു ചില ശുപാർശകൾ ജനുവരിയിൽ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ ശുപാർശ നിയമപരമായി നിലനിൽക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.

1994ൽ നിലവിൽ വന്ന പഞ്ചായത്ത് രാജ്, നഗരപാലിക നിയമം അനുസരിച്ച് കണക്കുകൾ അതത് മാസങ്ങളിൽ ധനകാര്യ സ്ഥിരസമിതികളാണു പരിശോധിക്കുന്നത്. പുതിയ ശുപാർശകൾ നടപ്പാക്കണമെങ്കിൽ നിയമത്തിൽ ഭേദഗതി വേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here