മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0

കൊച്ചി: മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാൽ കാൽ തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പൊലീസും സിപിഎം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരുപാട് പേരുടെ കാലും നട്ടെല്ലും ഒടിക്കേണ്ടി വരും. ഗുണ്ടകളുടെ ആക്രമണത്തിന് പൊലീസ് കൂട്ട് നിൽക്കുന്നത് അതിക്രമമാണെന്ന് സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയ തളിപ്പറമ്പിലെ യൂത്ത് കോൺഗ്രസ് നേതാവിനെ സിപിഎമ്മിന്റെ തെരുവ് ഗുണ്ടകൾ ആക്രമിച്ചത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ല. ഈ പോക്കാണെങ്കിൽ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരും.

ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഇപ്പോൾ കറുപ്പിന്റെ വിമർശകരായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോൾ കാണിച്ച് കൂട്ടുന്നതെല്ലാം. സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ എത്തിയാണ് കറുത്ത മാസ്‌ക് ധരിച്ചവരെയും വസ്ത്രങ്ങൾ ധരിച്ചവരെയുമെല്ലാം ഓടിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ വരെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.ഡി.എഫ് സംഘർഷത്തിന് പോകില്ല. പക്ഷെ ഞങ്ങളുടെ പ്രവർത്തകരെ തെരുവ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കും. പ്രവർത്തകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ഇത് വേണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിച്ചാൽ മതി. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ വീടിനകത്ത് കയറി വാതിൽ അടയ്ക്കേണ്ട സ്ഥിതിയിലേക്ക് കേരളം എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തേരോട്ടം ജനങ്ങളുടെ നെഞ്ചത്ത് കൂടിയാണ്.

ആരെ ഭയന്നാണ് മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ വഴിയരുകിലുള്ള ആളുകളെ മുഴുവൻ ഉപദ്രവിച്ചും രണ്ടും മൂന്നും മണിക്കൂർ ബ്ലോക്ക് ചെയ്തും ആശുപത്രി ഗേറ്റുകൾ അടച്ചും സ്‌കൂൾ കുട്ടികളെ പോലും റോഡിൽ നിന്ന് മാറ്റി വയോധികരോട് പോലും പൊലീസ് അസഭ്യവർഷം നടത്തുകയും ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമാണ് എന്തൊരു അസഭ്യവർഷമാണ് പൊലീസ് ജനങ്ങളോട് നടത്തുന്നത്. സ്ത്രീകളും കുടുംബവുമായി എത്തുന്നവർക്ക് നേരെ പോലും പൊലീസ് തെറിയഭിഷേകമാണ് നടത്തുന്നത്. മുഖ്യമന്ത്രി ആരാ, മഹാരാജാവാണോ? മഹരാജാക്കന്മാർക്ക് പോലും ഉണ്ടായിരുന്നില്ലല്ലോ ഇത്രയും വലിയ സംരക്ഷണം.

ഒരു കേസിലും അന്വേഷണം നടക്കുന്നില്ല. തെളിവ് കൊടുക്കുന്നവർക്ക് എതിരെയാണ് അന്വേഷണം. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും വേണ്ടി ഹവാല പണം വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന് പറഞ്ഞിട്ടു പോലും ഷാജ് കിരണിനെ ചോദ്യം ചെയ്യാൻ തയാറാകാത്തത് എന്തുകൊണ്ടാണ്? ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താത്തത്. ബിജെപി നേതാക്കാൾ പ്രവർത്തകരെ കബളിപ്പിക്കുകയാണ്. പ്രവർത്തകർ പകൽ സമരം ചെയ്യാൻ പോകുമ്പോൾ രാത്രിയിൽ ബിജെപി നേതാക്കൾ സിപിഎമ്മുമായി സെറ്റിൽ ചെയ്യുകയാണ്.

ഇത്രയും വലിയ വെളിപ്പെടുത്തൽ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഏജൻസികൾ അനങ്ങുന്നില്ല. രമേശ് ചെന്നിത്തലയുടെയോ ഉമ്മൻ ചാണ്ടിയുടെയോ വി.ഡി സതീശന്റെയോ കള്ളപ്പണം അമേരിക്കയിലേക്ക് അയച്ചെന്നല്ല ഷാജ് കിരൺ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പണം അയച്ചെന്നാണ് പറഞ്ഞത്. അയാളെ ഒന്ന് ചോദ്യം ചെയ്യാനുള്ള ധൈര്യമെങ്കിലും സർക്കാർ കാണിക്കണം.- സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here