കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിനായി സ്വകാര്യ ബസുകള്‍ വാടകക്കെടുക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി സി.ഐ.ടി.യു

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിനായി സ്വകാര്യ ബസുകള്‍ വാടകക്കെടുക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി സി.ഐ.ടി.യു. വാടക ബസുകള്‍ തടയുമെന്നാണ് മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നേര‍ത്തെ മുഖ്യമന്ത്രിക്കും സി.ഐ.ടി.യു പരാതി നൽകിയിട്ടുണ്ട്. കോര്‍പ്പറേഷന്‍റെ ബസുകള്‍ ഓടിക്കുന്നതിനെക്കാള്‍ വാടകക്ക് ബസെടുക്കുന്നത് ലാഭകരമെന്നാണ് കെ.എസ്.ആര്‍.ടി.സി നൽകിയിട്ടുള്ള വാദം.

വാടക ബസുകളില്‍ ട്രിപ്പ് നടത്തുന്നതു വഴി പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം നഷ്ടപ്പെടുമെന്ന് സി.ഐ.ടി.യു.വും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നതിനെക്കാള്‍ 5 ശതമാനത്തിലധികം ലാഭം വാടക ബസെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. കഴിഞ്ഞ മാസം വരെ 365 ബജറ്റ് ടൂറിസം ട്രിപ്പുകള്‍ നടത്താനായി. 1.60 കോടി രൂപയാണ് ഇതുവഴി ലഭിച്ചത്.

കോവിഡിനെ തുടര്‍ന്ന് സര്‍വീസുകള്‍ കുറഞ്ഞതിനാലാണ് ഡിപ്പോകളിലുള്ള ബസുകള്‍ ബജറ്റ് ടൂറിസത്തിലേക്ക് മാറ്റാനായത്. എന്നാല്‍ സാധാരണ സര്‍വീസുകളുടെ എണ്ണം വര്‍ധിച്ചതോടെ ബജറ്റ് ടൂറിസത്തിനനുവദിക്കാന്‍ ബസില്ലാതായി. 300ഓളം ട്രിപ്പ് ഇതോടെ റദ്ദാക്കേണ്ടി വന്നു. ഡ്രൈവര്‍ ചാര്‍ജ് ഉള്‍പ്പെടെ കിലോമീറ്ററിന് 17 രൂപ നിരക്കിലാണ് ബസുകള്‍ വാടകക്കെടുത്തത്.

ബജറ്റ് ടൂറിസത്തിനായി കെ.എസ്.ആര്‍.ടി.സി ബസാണ് പോകുന്നതെങ്കില്‍ കിലോമീറ്റര്‍ ചെലവ് 75 രൂപ. സ്വകാര്യ ബസിന് ഇത് 50രൂപയും. കെ.എസ്.ആര്‍.ടി.സി നല്‍കിയ കണക്കാണിത്. പക്ഷേ യാത്രക്കാരുടെ ആവശ്യം എന്താണോ അത് നിറവേറ്റേണ്ട ചുമതല കൂടി കെ.എസ്.ആര്‍.ടി.സിക്കുണ്ട്. മൂന്നാര്‍ ഉല്ലാസ യാത്രക്ക് കെ.എസ്.ആര്‍.ടി.സി. ബസിനു പകരം ടൂറിസ്റ്റ് ബസ് അനുവദിച്ചതിനെതിരെ ഇന്നലെ മലപ്പുറത്ത് യാത്രക്കാര്‍ തന്നെ പ്രതിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here