നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ്; മുഖ്യമന്ത്രി പിണറായി വിജയന്റേതുൾപ്പെടെയുള്ള വീടുകളുടെ സുരക്ഷ വർധിപ്പിച്ചു

0

കണ്ണൂർ: സംസ്ഥാനത്ത് സംഘർഷം കനക്കുന്നതിന് ഇടയിൽ കണ്ണൂരിൽ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റേതുൾപ്പെടെയുള്ള വീടുകളുടെ സുരക്ഷ വർധിപ്പിച്ചു. 
ഇടത് മുന്നണി കൺവീനർ ഇ പി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകളുടേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചു. മറ്റിടങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെ ജില്ലയിലേക്ക് വിന്യസിക്കും. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ സംഘർഷമുണ്ടായി. സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോൺഗ്രസും തിരിച്ചടിച്ചു. 

കോൺഗ്രസ് അക്രമം തുടർന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പാർട്ടിക്ക് ഏറ്റെടുക്കേണ്ടിവരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് നടന്ന അക്രമ ശ്രമത്തിൽ സമാധാനപരമായ ശക്തമായ പ്രതിഷേധം ഉയരണം. വിമാനത്തിൽ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകൾ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത്.
ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂർവ്വമായി അക്രമങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോൺഗ്രസ് സ്വീകരിക്കുകയും ചെയ്തിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രതികരണത്തിൽ പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here