ചെറു എസ്‍യുവി വെന്യുവിന്റെ പുതിയ മോഡൽ വിപണിയിലെത്തിച്ച് ഹ്യുണ്ടേയ്

0

ചെറു എസ്‍യുവി വെന്യുവിന്റെ പുതിയ മോഡൽ വിപണിയിലെത്തിച്ച് ഹ്യുണ്ടേയ്. മൂന്ന് എൻജിൻ വകഭേദങ്ങളിലായി എത്തുന്ന വെന്യുവിന്റെ 1.2 ലീറ്റർ എംപിഐ പെട്രോൾ എൻജിൻ മോഡലിന്റെ വില 7.53 ലക്ഷം രൂപയിലും 1 ലീറ്റർ ടർബോ ജിഡിഐ പെട്രോൾ എൻജിന് 9.99 ലക്ഷം രൂപയും 1.5 ലീറ്റർ സിആർഡിഐ ഡീസല്‍ എൻജിന് 9.99 ലക്ഷം രൂപയുമാണ് വില. പുറത്തിറക്കലിന് മുന്നോടിയായി 21000 രൂപ സ്വീകരിച്ച് വാഹനത്തിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു.

‌വകഭേദങ്ങൾ, എൻജിൻ

ആറ് സിംഗിൾ ടോൺ കളർ ഓപ്ഷനും ഒരു ഡ്യുവൽ ടോൺ ഓപ്ഷനും അടക്കം ഏഴു നിറങ്ങളില്‍ പുതിയ മോഡൽ ലഭിക്കും. പഴയ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ എൻജിനില്ല. 120 എച്ച്പി കരുത്തുള്ള 1 ലീറ്റർ പെട്രോൾ, 83 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റർ പെട്രോൾ എൻജിൻ, 100 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിനുകളാണ് പുതിയ വാഹനത്തിൽ ഉപയോഗിക്കുന്നത്. 1 ലീറ്റർ ടർബൊ എൻജിൻ ഐഎംടി, ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സുകളിൽ ലഭിക്കുമ്പോൾ 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളോടൊപ്പം മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുക.

ഡിസൈൻ

ഹ്യുണ്ടേയ‌്‌യുടെ വലിയ എസ്‍യുവികളായ പാലിസൈഡ്, ട്യൂസോൺ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന പല ഫീച്ചറുകളും പുതിയ വെന്യുവിലുണ്ടാകും. പുതിയ വലുപ്പം കൂടിയ ഗ്രിൽ, ബോള്‍ഡ് ലുക്ക് നൽകുന്ന വശങ്ങൾ, പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ കണക്റ്റിങ് ടെയിൽലാംപ് അടങ്ങുന്ന പിൻഭാഗം എന്നിവ പുതിയ മോഡലിലുണ്ട്.

കണക്റ്റഡ് കാർ ഫീച്ചർ, ഇന്റരീയർ

ഇന്റീരിയറിൽ ധാരാളം മാറ്റങ്ങളുണ്ട്. ബീജും ബ്ലാക്കുമുള്ള ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാഹനത്തിന്. റിക്ലൈനിങ് പിൻ നിര സീറ്റുകളാണ്, എയർ പ്യൂരിഫയർ, വയർലെസ് ചാർജർ, പാഡിൽ ഷിഫ്റ്റ്, ഇലക്ട്രിക്കലി അഡിജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, പിൻ നിര യാത്രക്കാർക്കുമുള്ള രണ്ട് യുഎസ്ബി ചാർജിങ് പോയിന്റുകൾ എന്നിവ പുതിയ മോഡലിലുണ്ട്. മാറ്റങ്ങൾ വരുത്തിയ 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ വാഹനത്തിൽ. കൂടാതെ ബ്ലൂ ലിങ്ക് ആപ്പ് വഴിയുള്ള അറുപതിൽ അധികം കണക്റ്റഡ് ഫീച്ചറുകളും അലക്സ, ഗൂഗിൾ അസിസ്റ്റ് ഫീച്ചറുകളും വാഹനത്തിലുണ്ട്. രാജ്യാന്തര വിപണിയിലെ ഹ്യുണ്ടേയ്, ജനിസിസ് കാറുകളിലുള്ള സൗണ്ട് ഓഫ് നേച്ചർ ഫീച്ചറും പുതിയ വെന്യുവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here