​ഗുരുവായൂരപ്പന്റെ ഭക്തൻ ജീവിത സഖിയാക്കിയത് പാക്കിസ്ഥാൻ സുന്ദരിയെ; ദിവസവും 14 കാറുകൾ കഴുകി ആരംഭിച്ച യുവാവിന് ഇന്ന് സ്വന്തമായി 11 കമ്പനികളും 13 ആഢംബര കാറുകളും 99 കുതിരകളും; മലയാളികൾ ചർച്ച ചെയ്യുന്ന വിഘ്‌നേഷ് വിജയകുമാറിന്റെ കഥ

0

ദുബായ്: ഗുരുവായൂരപ്പന്റെ ഥാർ 43 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പിടിച്ച പ്രവാസിയാണ് ഇപ്പോൾ മലയാളികൾക്കിടയിലെ താരം. വിഘ്‌നേഷ് വിജയകുമാർ മേനോൻ എന്ന യുവാവിനെ കുറിച്ച് നിരവധി കഥകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നതും. വിഘ്നേഷിന്റെ ഭാര്യ പാക്കിസ്ഥാനിയാണ് എന്നതാണ് അതിലൊന്ന്. ഇത് സംബന്ധിച്ചും നിരവധി ചർച്ചകളാണ് സൈബർ ഇടങ്ങളിൽ ഉയരുന്നത്. ജീവിത പങ്കാളി പാക്കിസ്ഥാൻ സുന്ദരിയാണെങ്കിലും അത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾക്ക് വിക്കി എന്ന് വിളിപ്പേരുള്ള വിഘ്നേഷ് തയ്യാറല്ല. രണ്ട് മക്കളാണ് വിഘ്നേഷിനുള്ളത് – അഞ്ജലിയും ആര്യനും. സന്തുഷ്ടകുടുംബം ബർദുബായിൽ താമസിക്കുന്നു.

തന്റെ വളർച്ചയ്ക്കു പിന്നിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്നു വിക്കി ഉറച്ച് വിശ്വസിക്കുന്നു. വിക്കിയും കുടുംബാംഗങ്ങളും ഗുരുവായൂരപ്പന്റെ ഭക്തരാണ്. അവിടെനിന്നു ഥാർ ജീപ്പ് സ്വന്തമാക്കണമെന്നതു വലിയ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 11 കമ്പനികളുമായി ദുബായിൽ വൻ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് വിഘ്‌നേഷ് എന്ന ഈ 43കാരൻ. ആരെയും അസൂയപ്പെടുത്തുന്ന വളർച്ചയാണ് വളരെ ചുരുങ്ങിയ വർഷം കൊണ്ട് വിഘ്‌നേഷ് കൈവരിച്ചത്. 19-ാം വയസ്സിൽ 3500 ദിർഹം ഡോളറിൽ ദുബായിൽ ജോലിക്കെത്തിയതായിരുന്നു വിഘ്‌നേഷ്. അവിടെ നിന്നാണ് ജീവിതത്തിന്റെ ഉയർച്ചയുടെ തുടക്കം.

നാട്ടിൽ സ്വന്തമായൊരു വീടെന്ന തന്റെ അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കാനാണ്, 2005ൽ 19-ാം വയസ്സിൽ വിക്കി യുഎഇയിലെത്തിയത്. ന്യൂസിലാൻഡ് ഡയറിബോർഡ് എന്ന സ്വകാര്യ കമ്പനിയിൽ 3,500 ദിർഹത്തിന് അഡ്‌മിനിസ്‌ട്രേഷൻ അസിസ്റ്റന്റായി ആദ്യമായി ജോലിയിൽ പ്രവേശിച്ചു. മറ്റെല്ലാം മറന്നു കഠിനമായി അധ്വാനിച്ചു. അതിനിടയിൽ ബിസനസ് ചെയ്യാനും പദ്ധതിയിട്ടു.

കസബിൽ നിന്നും തുടങ്ങിയ ബിസിനസ്

പണ്ട് ദുബായിൽ സന്ദർശക വീസയിൽ നിന്ന് എംപ്ലോയ്‌മെന്റ് വീസയിലേക്കു മാറാൻ വർഷങ്ങൾക്കു മുൻപ് അയൽരാജ്യങ്ങളിലെവിടെയെങ്കിലും പോയി വരണമായിരുന്നു. മിക്കവരും പോയിരുന്നത് ഒമാനിലെ കസബിലേക്കും ഇറാനിലെ കിഷിലേയ്ക്കുമായിരുന്നു. വിക്കിയും ഇതിനായി തിരഞ്ഞെടുത്തത് കസബ് തന്നെ. അതു ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുമെന്ന് ഈ യുവാവ് അന്നു കരുതിയതേയില്ല. പലപ്പോഴും, വീസ മാറാൻ അവിചാരിതമായ കാരണങ്ങളാൽ കാലതാമസമെടുക്കുന്നതിനാൽ മലയാളികളടക്കമുള്ളവർ കസബിലും കിഷിലും കുടുങ്ങുക പതിവായിരുന്നു.വിക്കിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. അങ്ങനെയാണു കസബിൽ കുടുങ്ങിക്കിടന്ന 300 ലേറെ ഫിലിപ്പീൻസ് സ്വദേശികളെ കണ്ടുമുട്ടുന്നത്. അവരെ യുഎഇയിലേക്കു മടങ്ങാൻ സഹായിച്ച വിക്കിയുടെ ഉള്ളിലെ ബിസിനസുകാരൻ ഉണർന്നു. വീസ മാറാനായും മറ്റും യാത്ര ചെയ്യുന്നവർക്കുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കികൊടുക്കുന്ന സംരംഭം തുടങ്ങിയത് അങ്ങനെയാണ്. പിന്നീട് ഇറാനിയൻ കമ്പനിയുമായി സഹകരിച്ചു ബിസിനസ് വിപുലീകരിച്ചു.

ഇടിത്തീയായി ചെക്കു കേസ്

ജോലിക്കിടെ സ്വന്തമായി ബിസിനസ് എന്ന ആഗ്രഹത്തിനു പിന്നാലെ പോയ വിക്കി വൈകാതെ നിർമ്മാണ മേഖലയിലേക്കു കടന്നു. പക്ഷേ, കോവിഡ് ലോക്ഡൗൺ എല്ലാം തകിടം മറിച്ചു. സന്ദർശക വീസാ മാറ്റത്തിന്റെ മേഖലയിലെ ബിസിനസും നിർമ്മാണമേഖലയിലെ ബിസിനസും ഇതോടെ താളംതെറ്റി. കൂനിന്മേൽ കുരു എന്ന നിലയ്ക്ക്, താൻ ഒപ്പിട്ട ചെക്ക് ബുക്ക് തന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്നയാൾ ദുരുപയോഗപ്പെടുത്തിയതിനാൽ കേസുകൾ ഒന്നിനു പിറകെ ഒന്നായി വന്നു. താനറിയാതെ കൂടെനിന്നയാൾ വഞ്ചിച്ചതാണെങ്കിലും താനൊപ്പിട്ട ചെക്കിന്റെ ഉത്തരവാദിത്തം വിക്കി ഏറ്റെടുത്തു. കഷ്ടപ്പാടിന്റെ 3 വർഷങ്ങളായിരുന്നു പിന്നീട്.

ഇതിലുപരി ഏറെ വേദനിച്ചതു പ്രതിസന്ധികളുടെ കാലത്തു ബന്ധുക്കളോ സുഹൃത്തുക്കളോ കൂടെ നിന്നില്ല എന്നതു തന്നെ. ചെക്ക് കേസുകൾ വന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിക്കിയുടെ നിരപരാധിത്തം തിരിച്ചറിഞ്ഞ് അലിവ് തോന്നിയ പൊലീസുകാരൻ കേസ് കൊടുത്തവരെയെല്ലാം വിളിച്ച് ഒത്തുതീർപ്പുശ്രമങ്ങൾ നടത്തി. ഒരു പരിധിവരെ അതു വിജയം കണ്ടു. നേരത്തേ കസബിൽ താൻ സഹായം ചെയ്തിരുന്ന ചൈനീസ് യുവതി ഒരു മാലാഖയെ പോലെ കടന്നുവന്ന് 20,000 ദിർഹം നീട്ടിക്കൊണ്ടു പറഞ്ഞു: നിങ്ങൾ നല്ല മനസ്സുള്ള വ്യക്തിയാണ്, തളരരുത്. അതേറ്റുവാങ്ങുമ്പോൾ ഈ യുവാവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

അങ്ങനെ, ആ പണമുപയോഗിച്ചു വിക്കി ഒരു കമ്പനി തുടങ്ങി. പിന്നീട് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. തുടർന്ന് അടി വച്ചടിവച്ച് ഉയർച്ചഒന്നിൽ നിന്ന് 11 കമ്പനികളായി ബിസിനസ് സാമ്രാജ്യം വളർന്നു. അതൊരു ഗ്രൂപ്പായിഗ്ലോബൽ സ്മാർട്ട് ഗ്രൂപ്പ്. യുഎഇയിലെ അറിയപ്പെടുന്ന ഈ ഗ്രൂപ്പിനു കീഴിലെ ശ്രീ ഗ്ലോബൽ എന്ന കമ്പനിയുടെ പ്രസിഡന്റും സിഒഒയുമാണ് ഇന്നു വിക്കി എന്ന വിഘ്‌നേഷ്. ബർ ദുബായുടെ മുദ്രകളിലൊന്നായ ബുർജുമാൻ ബിസിനസ് ടവറിലാണു കമ്പനിയുടെ ഓഫിസ്.

ഇനി ഇന്ത്യയിൽ പതിനായിരം പരിശീലന കേന്ദ്രങ്ങൾ തുറക്കും

ഇന്ത്യയിൽ പതിനായിരം പരിശീലന കേന്ദ്രങ്ങൾ തുറക്കുമെന്ന് പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ മേനോൻ. കേന്ദ്ര സർക്കാരുമായി ഇതിന്റെ പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here