മുന്‍ മന്ത്രിമാരായ കെ.ടി. ജലീലും പി.കെ. അബ്‌ദുറബ്ബും തമ്മില്‍ ഫെയ്‌സ്‌ബുക്കില്‍ പൊരിഞ്ഞ പോര്‌!

0

മുന്‍ മന്ത്രിമാരായ കെ.ടി. ജലീലും പി.കെ. അബ്‌ദുറബ്ബും തമ്മില്‍ ഫെയ്‌സ്‌ബുക്കില്‍ പൊരിഞ്ഞ പോര്‌! ലോക കേരള സഭയില്‍നിന്ന്‌ യു.ഡി.എഫ്‌. വിട്ടുനിന്നതിന്‌ പിന്നാലെ ആരംഭിച്ച യുദ്ധം രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും വ്യക്‌തിപരമായ വിഴുപ്പലക്കലായി. മുസ്ലിം ലീഗ്‌ രാഷ്‌ട്രീയവും എം.എ. യൂസഫലിക്കെതിരായ കെ.എം. ഷാജിയുടെ പരാമര്‍ശം, സാദിഖലി തങ്ങളുടെ പരാമര്‍ശം, ഗംഗ എന്ന പേരുള്ള മന്ത്രിവസതിയെച്ചൊല്ലിയുള്ള വിവാദം എന്നിവയുമെല്ലാം പയറ്റിയാണു മുന്നോക്കുപോക്ക്‌.
ലോക കേരളാ സഭ വിവാദത്തില്‍ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ പ്രസ്‌താവന ഉദ്ധരിച്ചുള്ള ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റോടെയായിരുന്നു തുടക്കം. “ആര്‍ക്കെങ്കിലും വില്‍ക്കാനും വിലയ്‌ക്കെടുക്കാനും മുസ്ലിം ലീഗ്‌ വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ്‌ സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ത്ഥം” എന്നായിരുന്നു ജലീലിന്റെ പോസ്‌റ്റ്‌. അത്‌ ചെലര്‌ക്ക്‌ തിരിം. ചെലര്‌ക്ക്‌ തിരീല്ല എന്നും ജലീല്‍ പറഞ്ഞുവച്ചു.
അബ്‌ദുറബ്ബ്‌ ഫെയ്‌സ്‌ബുക്കിലൂടെത്തന്നെ തിരിച്ചടിച്ചു. അതും ജലീലിന്റെ പോസ്‌റ്റിന്റെ സ്‌ക്രീന്‍ഷോട്ട്‌ സഹിതം. “കയറിക്കിടക്കാന്‍ കൂടു പോലുമില്ലാതെ, അങ്ങാടികളില്‍ അലഞ്ഞുതിരിഞ്ഞ്‌ നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദാ പശക്കു വേണ്ടിപോലും കടിപിടികൂടുന്ന ചില വളര്‍ത്തുമൃഗങ്ങളുമുണ്ട്‌..! അവയെയോര്‍ത്ത്‌ സഹതാപം മാത്രം. ചെലോല്‍ക്ക്‌ തിരിം, ചെലോല്‍ക്ക്‌ തിരീല” എന്ന്‌. മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ ജലീലിനെതിരേ പരിഹാസത്തോടെ മുദ്രാവാക്യം വിളിക്കുന്നത്‌ ഓര്‍മിപ്പിക്കുകയായിരുന്നു അബ്‌ദുറബ്ബ്‌.
ഒരല്‍പം ചരിത്രം ഓര്‍മിപ്പിച്ച്‌ ജലീല്‍ തിരിച്ചടിച്ചു. “ഇങ്ങള്‌ പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ഗംഗ എന്ന്‌ പേരിട്ട ഒദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന്‌ പൊറത്താകൂന്ന്‌ കരുതി വീടിന്റെ പേര്‌ മാറ്റിയത്‌.
തലയില്‍ ആള്‍താമസമില്ലാത്ത ഇരുകാലികള്‍ക്ക്‌ കേറിക്കിടക്കാന്‍ ഒരു കൂടുണ്ടായിട്ട്‌ എന്താ കാര്യം?” മുമ്പ്‌ അബ്‌ദുറബ്ബ്‌ മന്ത്രിയായപ്പോള്‍ ഔദ്യോഗിക വസതിയുടെ പേര്‌ മാറ്റിയത്‌ ഓര്‍മിപ്പിച്ചായിരുന്നു ജലീലിന്റെ പരിഹാസം..
വിശാലമായിരുന്നു റബ്ബിന്റെ തിരിച്ചടി. ആ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ഇങ്ങനെ.
“ഗംഗയെന്നോ, ഗ്രെയ്‌സെന്നോ, വീടിന്റെ പേരെന്തുമാവട്ടെ..! ആ വീട്ടില്‍നിന്ന, അര്‍ധരാത്രികളില്‍ ആരോപണവിധേയരായ സ്‌ത്രീകള്‍ക്ക്‌ വാട്ട്‌സാപ്പ്‌ മെസേജുകള്‍ പോയിട്ടില്ല. മണിക്കൂറുകള്‍ ഫോണില്‍ അവരുമായി സംസാരിച്ചിട്ടുമില്ല. തലയില്‍ മുണ്ടിട്ട്‌ ഇ.ഡിയെ കാണാനും പോയിട്ടില്ല. ലോകായുക്‌ത കണ്ണുരുട്ടിയപ്പോള്‍ മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നിട്ടുമില്ല. യുവത്വ കാലത്ത്‌ പാതിരാത്രികളില്‍ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നു പോസ്‌റ്ററൊട്ടിക്കാനും പോയിട്ടില്ല…” ഇങ്ങനെ നീളുന്ന പോസ്‌റ്റ്‌ മുസ്ലിം ലീഗ്‌ അനുകൂല സൈബറിടങ്ങളില്‍ ആഘോഷമായി.
ഏറെ വൈകാതെ ജലീല്‍ ഫെയ്‌സ്‌ബുക്കിലൂടെത്തന്നെ മറുപടി ഇട്ടു… “തലയില്‍ മുണ്ടിട്ട്‌ ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങള്‍ ഉയര്‍ത്തി അമ്പെയ്‌ത്‌ വീഴ്‌ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി. തോറ്റ്‌ പിന്മാറിയില്ലേ.

LEAVE A REPLY

Please enter your comment!
Please enter your name here