കോണ്‍ഗ്രസ്‌ മൃദുഹിന്ദുത്വ സമീപനത്തില്‍നിന്ന്‌ മാറണമെന്ന്‌ മുന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍

0

കോണ്‍ഗ്രസ്‌ മൃദുഹിന്ദുത്വ സമീപനത്തില്‍നിന്ന്‌ മാറണമെന്ന്‌ മുന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍. ചിന്തന്‍ ശിബിരത്തിലേക്ക്‌ പരിഗണിക്കാനായി കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്ക്‌ നല്‍കിയ കത്തിലാണ്‌ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌.
ഇതോടൊപ്പം സാമ്പത്തിക നയത്തില്‍ മാറ്റം വേണമെന്നും സ്‌ഥാനാര്‍ത്ഥിനിര്‍ണ്ണയം കുറേക്കൂടി കാര്യക്ഷമമാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ മാസം രാജസ്‌ഥാനില്‍ നടത്തിയ ചിന്തന്‍ ശിബിരത്തില്‍ കേരളത്തില്‍നിന്ന്‌ പല മുതിര്‍ന്ന നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍ സുധീരന്‍ ഉള്‍പ്പെടെ പലരും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ്‌ അധ്യക്ഷയെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇത്‌ പരിഗണിക്കുമെന്ന്‌ അവര്‍ ഉറപ്പും നല്‍കിയിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ്‌ സ്വീകരിക്കുന്ന നയസമീപനങ്ങളിലെ പോരായ്‌മകള്‍ കൃത്യമായി ചൂണ്ടിക്കാട്ടികൊണ്ടാണ്‌ സുധീരന്‍ കത്ത്‌ നല്‍കിയിരുന്നത്‌.
പണ്ഡിറ്റ്‌ നെഹ്‌റുവും ഇന്ദിരാഗാന്ധിയും പിന്തുടര്‍ന്നുവന്ന മതേതരത്വത്തില്‍ സമീപകകാലത്തായി കോണ്‍ഗ്രസ്‌ വെള്ളം ചേര്‍ത്തുവെന്ന്‌ സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കഴിഞ്ഞ കുറേക്കാലമായി മൃദുഹിന്ദുത്വ സമീപനമാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചുവരുന്നത്‌. സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും തീവ്രഹിന്ദുത്വനിലപാടിനെ പ്രതിരോധിക്കാന്‍ ഈ മൃദുഹിന്ദുത്വ നിലപാടിന്‌ കഴിയില്ല. കഴിഞ്ഞകാലങ്ങളിലുണ്ടായിട്ടുള്ള തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ കൃത്യമായി ഇതാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. അതുകൊണ്ട്‌ അവസരവാദപരമായ മൃദുഹിന്ദുത്വസമീപനത്തില്‍നിന്ന്‌ മാറി വെള്ളം ചേര്‍ക്കാത്ത മതേതര്വനിലപാടിലേക്ക്‌ കോണ്‍ഗ്രസ്‌ പോകണമെന്നും അദ്ദേഹം തന്റെ നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജവഹര്‍ലാല്‍ നെഹ്രുവിന്റെ സാമ്പത്തിക നയത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ വ്യതിചലനവും അദ്ദേഹം തന്റെ കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഇതില്‍ നിന്ന്‌ മാറി ഉദാരസാമ്പത്തികനയങ്ങള്‍ സ്വീകരിച്ചതുകൊണ്ട്‌ രാജ്യത്തിന്റെ സ്വത്തുകള്‍ പോലും വില്‍ക്കുന്ന മോദിയുടെ നയത്തെ എതിര്‍ക്കാന്‍പോലും കോണ്‍ഗ്രസിന്‌ ആകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുന്നുവെന്നതിന്റെ പേരില്‍ ഇപ്പോള്‍ രാജ്യത്തിന്റെ സ്വത്തുവകകള്‍ പോലും വിറ്റഴിക്കുന്ന നിലയിലേക്ക്‌ മോദി സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്‌. അതുകൊണ്ട്‌ പണ്ഡിറ്റ്‌ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തിക നയത്തിലേക്ക്‌ കോണ്‍ഗ്രസ്‌ പോകേണ്ട സമയമായിട്ടുണ്ട്‌. സാമ്പത്തികനയത്തില്‍ തിരുത്തല്‍ അനിവാര്യമാണെന്നും സുധീരന്‍ കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.ഇതോടൊപ്പം തെരഞ്ഞെടുപ്പുകളിലെ സ്‌ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലും വളരെ ശ്രദ്ധചെലുത്തേണ്ടതുണ്ട്‌. പൊതുസ്വീകാര്യതയും വിജയസാദ്ധ്യതയും പാര്‍ട്ടിയോടുള്ള വിശ്വസ്‌തയുമായിരിക്കണം സ്‌ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലെ അടിസ്‌ഥാനതത്വം. വ്യക്‌തികളുടെയും ഗ്രൂപ്പുകളുടെയൂം സ്‌ഥാപിതതാല്‍പ്പര്യങ്ങള്‍ പരിഗണിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതുപോലെ പ്രവര്‍ത്തനപാരമ്പര്യവും യോഗ്യതയുമുള്ളവരെയാണ്‌ പാര്‍ട്ടി സ്‌ഥാനങ്ങളിലേക്ക്‌ പരിഗണിക്കേണ്ടത്‌. സംശയാസ്‌പദമായ വ്യക്‌തികളെ ഇതിന്‌ പരിഗണിക്കരുതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചിന്തന്‍ ശിബിരിന്‌ മുന്നോടിയായി കഴിഞ്ഞമാസം എട്ടിനാണ്‌ സുധീരന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്ക്‌ കത്ത്‌ നല്‍കിയത്‌. മുന്‍കാലങ്ങളില്‍ വിശദമായി കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്ക്‌ ഈ വിഷയങ്ങളില്‍ അയച്ച കത്തുകള്‍ ഉള്‍പ്പെടെയാണ്‌ ഇവ നല്‍കിയതും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്‌തുകൊണ്ടും ഇവ പരിഗണിക്കുമെന്ന്‌ അറിയിച്ചുകൊണ്ടും പതിനൊന്നിന്‌ സോണിയാഗാന്ധി മറുപടിയും അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here