സ്വര്‍ണക്കടത്തു കേസില്‍ വന്‍പ്രതിഷേധം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‌ പ്രതിരോധം ഒരുക്കാനൊരുങ്ങി സി.പി.എം. യുജന-വിദ്യാര്‍ഥി സംഘടനകള്‍

0

സ്വര്‍ണക്കടത്തു കേസില്‍ വന്‍പ്രതിഷേധം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‌ പ്രതിരോധം ഒരുക്കാനൊരുങ്ങി സി.പി.എം. യുജന-വിദ്യാര്‍ഥി സംഘടനകള്‍. യു.ഡി.എഫും സംഘപരിവാര്‍ സംഘടനകളും മുഖ്യമന്ത്രിയെ വഴിയില്‍ തടയുന്നതിനെ അതേനാണയത്തില്‍ പ്രതിരോധിക്കാനാണ്‌ സി.പി.എം. സംഘടനകളുടെ നീക്കം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശനെ വഴിയില്‍ തടയാനാണു നീക്കം. ഇതുസംബന്ധിച്ച്‌ ഇന്റലിജന്‍സിനു സൂചന ലഭിച്ചു.
മുഖ്യമന്ത്രിക്കു നേരേ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കണമെന്നാണ്‌ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന പൊതുവികാരം. ഇതിന്റെ ഭാഗമായിട്ടാകും എസ്‌.എഫ്‌.ഐയും ഡി.വൈ.എഫ്‌.ഐയും പ്രതിപക്ഷ നേതാവിനെ വഴിയില്‍ തടയാന്‍ ഒരുങ്ങുന്നത്‌.
അതേസമയം, സ്വര്‍ണക്കടത്ത്‌ പ്രതിയെ സംരക്ഷിക്കാനും കേസില്‍നിന്ന്‌ രക്ഷപ്പെടുത്തിയെടുക്കാനും ആര്‍.എസ്‌.എസും യു.ഡി.എഫും വലിയ പരിശ്രമങ്ങളാണ്‌ നടത്തുന്നതെന്നും അതിന്റെ ഭാഗമായുള്ള കാര്യങ്ങളാണ്‌ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്തെത്തി. അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചും കരിങ്കൊടി പ്രതിഷേധം നടത്തിയും മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ തയാറെടുക്കുകയാണ്‌ യു.ഡി.എഫ്‌. എന്ന്‌ സമൂഹമാധ്യമത്തിലിട്ട പോസ്‌റ്റില്‍ ജയരാജന്‍ ആരോപിച്ചു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സ്വര്‍ണക്കടത്ത്‌ പ്രതികളെ സംരക്ഷിക്കാനും ബി.ജെ.പി, യു.ഡി.എഫ്‌. കൂട്ടുകെട്ട്‌ നടത്തുന്ന പരിശ്രമങ്ങള്‍ക്കെതിരായി പൊതുജനങ്ങളെ അണിനിരത്തും. ഇത്തരത്തില്‍ വഴി തടയലുകളും കരിങ്കൊടിപ്രയോഗങ്ങളും കോലം കത്തിക്കലുകളും ഏകപക്ഷീയമായ ഒന്നായിരിക്കില്ല എന്ന്‌ ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷ നേതാവ്‌ മനസിലാക്കുന്നത്‌ നല്ലതാണെന്നും ജയരാജന്‍ മുന്നറിയിപ്പ്‌ നല്‍കി. ഇത്‌ പ്രതിപക്ഷ നേതാവിനെ വഴിതടയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണു വിലയിരുത്തല്‍.
അക്രമത്തിന്റെ വഴിയാണ്‌ ഇപ്പോള്‍ പ്രതിപക്ഷവും ബി.ജെ.പിയും സ്വീകരിക്കുന്നത്‌. ആര്‍.എസ്‌.എസ്‌, എസ്‌.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്‌, ബി.ജെ.പി തുടങ്ങിയവരെല്ലാം ഒന്നിച്ച്‌ ചേര്‍ന്ന്‌ കള്ളക്കടത്തുകാരെ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണു നടത്തുന്നത്‌.
അതിനുവേണ്ടി ഏതു ഹീന മാര്‍ഗങ്ങളും ഇക്കൂട്ടര്‍ സ്വീകരിക്കും. സ്വര്‍ണക്കള്ളക്കടത്ത്‌ മാത്രമല്ല, മാഫിയാ പ്രവര്‍ത്തനങ്ങള്‍, ക്വട്ടേഷന്‍, കള്ളക്കടത്ത്‌, മയക്കുമരുന്ന്‌ കടത്ത്‌ സംഘങ്ങള്‍ തുടങ്ങിയവരുടെയെല്ലാം കൂട്ടാളികളായി ഇവര്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. ബി.ജെ.പി നേതാക്കള്‍ക്കെതിരേയും ആര്‍.എസ്‌.എസ്‌ നേതാക്കള്‍ക്കെതിരേയും നിരവധിയായ വാര്‍ത്തകളാണ്‌ പുറത്തുവരുന്നത്‌. ഇവര്‍ക്കെതിരേ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു. ഇതെല്ലാം മറച്ചുവയ്‌ക്കാനും അവരെ അതില്‍നിന്നു രക്ഷപ്പെടുത്താനും യു.ഡി.എഫും വര്‍ഗീയ ശക്‌തികളും ഒരു വേദിയില്‍ അണിനിരക്കുകയാണ്‌. ഇതിനോടൊപ്പം സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സാമൂഹികവിരുദ്ധരുടെ സംഘവും അണിനിരന്നിരിക്കുകയാണ്‌. കേരളത്തിന്റെ വികസനത്തേയും പുരോഗതിയെയും തകര്‍ക്കാന്‍ സംസ്‌ഥാനത്തിന്റെ സമഗ്ര വികസന പദ്ധതി അട്ടിമറിക്കാന്‍ വേണ്ടിയുള്ള ഗൂഢപദ്ധതികളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഇവയ്‌ക്കെല്ലാം നേതൃത്വം നല്‍കുന്നത്‌ പ്രതിപക്ഷനേതാവും യു.ഡി.എഫുമാണെന്ന്‌ ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി.
മത വിദ്വേഷം പ്രചരിപ്പിച്ച്‌ രാജ്യത്ത്‌ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയെന്ന ആര്‍.എസ്‌.എസിന്റെ അജന്‍ഡ നടപ്പാക്കാന്‍ എല്ലാ സഹായവും ഒരുക്കുകയാണ്‌ യു.ഡി.എഫ്‌. ചെയ്യുന്നത്‌. അതിന്റെ തുടക്കമാണ്‌ ആര്‍.എസ്‌.എസ്‌. തിരക്കഥയ്‌ക്ക്‌ സംവിധാനം ഒരുക്കുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം. സ്വര്‍ണക്കള്ളക്കടത്ത്‌ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റും ആര്‍.എസ്‌.എസും പ്രതിപക്ഷ നേതാവും യു.ഡി.എഫ്‌. നേതാക്കളും തമ്മിലുള്ള ബന്ധവും ഇപ്പോള്‍ അരങ്ങേറുന്ന സംഭവങ്ങളും അതിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നും ജയരാജന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here