വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധി വരുമ്പോൾ വിസ്മയയുടെ ജീവൻ പിടഞ്ഞ വീട് അടഞ്ഞ് തന്നെ

0

ശാസ്താംകോട്ട: വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധി വരുമ്പോൾ വിസ്മയയുടെ ജീവൻ പിടഞ്ഞ വീട് അടഞ്ഞ് തന്നെ. പോരുവഴി ശാസ്താംനടയിലെ കിരണിന്റെ വീട് വലിയ മാധ്യമ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. എന്നാൽ വിധി വന്നതിനു ശേഷവും അവിടെ ആളും ആരവവും ഒന്നും തന്നെയില്ല. രാവിലെ അച്ഛനോടൊപ്പമാണ് ഇന്നലെ കിരൺ കോടതിയിലേക്ക് പോയത്. അമ്മ ചന്ദ്രിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗേറ്റും കതകുകളും അടച്ചിട്ട നിലയിലായിരുന്നു. വിധി വന്ന ശേഷം ആ അമ്മയെ കാണാൻ പോലും ബന്ധുക്കളോ അയൽക്കാരോ അവിടേക്ക് വന്നില്ല.

വിധി വന്നതോടെ കിരൺ പൊലീസ് കസ്റ്റഡിയിലായി. അതേസമയം, വിസ്മയ ജീവനൊടുക്കിയ കേസിൽ കിരണിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധി പ്രതീക്ഷിച്ചതല്ലെന്ന് കിരണിന്റെ അച്ഛൻ സദാശിവൻപിള്ള പറഞ്ഞു. ഉപരി കോടതികളെ ഉൾപ്പെടെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കളുടെ പ്രതികരണം അറിയാനായി മാധ്യമസംഘം പുറത്ത് കാത്തുനിന്നിരുന്നു. എന്നാൽ നാട്ടുകാർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നു കഴിഞ്ഞ മൂന്നു മാസമായി കിരൺ ശാസ്താംനടയിലെ വീട്ടിലാണുണ്ടായിരുന്നത്. വീട്ടിൽ തന്നെയായിരുന്നു എപ്പോഴും. ക്ഷേത്രങ്ങളിലും കോടതിയിലും പോകാൻ വേണ്ടി മാത്രമാണ് കിരണിനെ പുറത്ത് കണ്ടിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.

യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് പ്രതി കോടതി മുറിയിൽ നിന്നത്. വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ ആരുമായും അധികം സഹകരണം ഇല്ലാത്ത ആളായിരുന്നെന്ന് നാട്ടുകാർ. വളരെ സാധാരണ സാഹചര്യത്തിൽ നിന്നും വളർന്ന് വന്ന കിരൺ അമ്മയുടെ നാടായ ശാസ്താംനടയിൽ താമസമാക്കിയത് വിവാഹത്തിന് ശേഷമായിരുന്നു.
നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

അതേസമയം വിസ്മയ കേസിൽ പ്രതി കിരൺ കുമാർ തൻ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ ആവർത്തിച്ച് പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യ ആണെന്നും താൻ നിരപരാധി ആണെന്നുമാണ് കിരൺ കോടതിയിൽ പറഞ്ഞത്. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരൺ കോടതിയിൽ ഇങ്ങനെ പറഞ്ഞത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്‍റെ പ്രതികരണം. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേര്‍ത്തു.

വിസ്മയയുടെ ആത്മഹത്യ കേസിൽ ഭർത്താവ് കിരൺ കുമാർ മാത്രമാണ് പ്രതി. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ ഭർതൃ വീട്ടിൽ തന്നെ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. ആയുർവേദ മെഡിക്കൽ വിദ്യാർഥിയായിരുന്നു വിസ്മയ.
അന്വേഷണത്തിനൊടുവിൽ 2021 ജൂൺ 21 ന് ആണ് വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായത്. കേരളം മുഴുവൻ , മലയാളികൾ മുഴുവൻ ഏറ്റെടുത്ത ആ മരണ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. പെൺമക്കൾ എല്ലാം എന്റെ സ്വന്തം മക്കളാണെന്ന് പറഞ്ഞ് ​ഗവർണർ തന്നെ നേരിട്ട് വിസ്മയയുടെ വീട്ടിലെത്തി. പിന്നീട് സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി. തുടർന്ന് മന്ത്രിമാർ അടക്കം വിസ്മയയുടെ വീട്ടിലെത്തി.
അറസ്റ്റിലായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനായിരുന്ന കിരൺ കുമാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് 2021 ഓഗസ്റ്റ് 6ന് കിരൺകുമാറിനെ സർവീസിൽ നിന്നു തന്നെ പിരിച്ചു വിട്ടു സർക്കാർ. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറി.
2021 ജൂൺ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. ജൂൺ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂൺ 29
കിരണിൻറെ വീട്ടിൽ ഡമ്മി പരീക്ഷണം. ഇതിനിടയിൽ കിരൺ കുമാർ ജാമ്യത്തിനായി ശ്രമം തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു
2021 സെപ്റ്റംബർ 10ന് വിസ്മയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 2419 പേജുകൾ ഉള്ളതാണ്. വാട്സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോൺ വിളികളും ശബ്ദ റെക്കോർഡുകളും ഡിജിറ്റൽ തെളിവുകളായി .
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺകുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ശബ്ദ രേഖ ഉണ്ട്. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺകുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം. ഈ വർഷം ജനുവരിയിൽ മദ്യപിച്ച് പാതിരാത്രിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ എത്തിയ കിരൺ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മർദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടിൽ കാര്യങ്ങൾ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമാണ് ആത്മഹത്യ നടന്നത്.
2022 ജനുവരി 10ന് കേസിന്റെ വിചാരണ കൊല്ലം കോടതിയിൽ തുടങ്ങി. 2022 മാർച്ച് 2ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2022 മേയ് 17 കേസിൽ വാദം പൂർത്തിയായി. തുടർന്നാണ് ഇന്നലെ കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here