തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലം; സ്ഥാനാര്‍ത്ഥി നാളെ: കെ സുധാകരന്‍

0

 
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചര്‍ച്ചകള്‍ തുടരുകയാണ്. സൗമ്യമായി തീരുമാനമുണ്ടാകും. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെന്നും സുധാകരന്‍ പറഞ്ഞു. 

തൃക്കാക്കരയിലെ വോട്ടര്‍മാര്‍ കഴിഞ്ഞകുറേ കാലമായി എവിടെയാണ് നില്‍ക്കുന്നതെന്ന് രാഷ്ട്രീയത്തിലുള്ള എല്ലാ ആളുകള്‍ക്കുമറിയാം. അവിടെ അതിന് പോറലേല്‍ക്കാവുന്ന ഒരു കാര്യവും യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ ജനവിഭാഗങ്ങളുടേയും വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് യുഡിഎഫ് മുന്നോട്ടുപോകും.

തൃക്കാക്കരയില്‍ വിജയിച്ച് 100 സീറ്റ് നേടുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ ആഗ്രഹിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. അത് അവരുടെ അവകാശവാദമാണ്. അവര്‍ ഉന്നയിച്ചോട്ടെ. ജനമല്ലേ വിലയിരുത്തേണ്ടത്. വോട്ട് ജനങ്ങളുടെ കയ്യിലല്ലേ, അവരല്ലേ തീരുമാനിക്കേണ്ടതെന്ന് കെ സുധാകരന്‍ ചോദിച്ചു. 
ആം ആദ്മി പാര്‍ട്ടിയും ട്വന്റി-20 പാര്‍ട്ടിയും സഖ്യമായി മത്സരിക്കുന്നത് അവരുടെ ബിസിനസ് ആണെന്ന് കെ സുധാകരന്‍ പറഞ്ഞു. വി ഡോണ്‍ട് മൈന്‍ഡ് ഇറ്റ്. അതിനെ പരിഗണിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കെജരിവാളും പിണറായി വിജയനും അടുത്ത സുഹൃത്തുക്കളാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആവട്ടെയെന്നായിരുന്നു മറുപടി. 
പിണറായി വിജയനും നരേന്ദ്രമോദിയും അടുത്ത സുഹൃത്തുക്കളല്ലേ. എത്ര നല്ല ബന്ധത്തിലാണ് അവര്‍ പോകുന്നത്. അല്ലെങ്കില്‍ ഈ കേസെല്ലാം ഇങ്ങനെ മുങ്ങിപ്പോകുമോ?. ആരോടും ലോഹ്യം കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കും. അത് പിണറായി വിജയന്റെ വൈഭവമെന്നും കെ സുധാകരന്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here