അധ്യാപകര്‍ക്ക് കുടിക്കാൻ വെച്ച പാത്രത്തിലെ വെള്ളം കുടിച്ചു; ദലിത് വിദ്യാർത്ഥിനിയ്ക്ക് ക്രൂര മർദ്ദനം

0

ലഖ്‌നൗ: അധ്യാപകർക്കുള്ള കുടിവെള്ളം എടുത്തു കുടിച്ചതിന് ദലിത് വിദ്യാർത്ഥിനിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്നു പരാതി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ചിഖാര ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വെള്ളം കുടുക്കാനായി പ്രത്യേകം കളിമണ്‍ഭരണികള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള പത്രത്തില്‍ വെള്ളമില്ലാതിരുന്നതിനാലാണ് അധ്യാപകരുടെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് കല്യാണ്‍ സിങ് എന്ന അധ്യാപകന്‍ മര്‍ദിച്ചുവെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് രമേശ് കുമാറും ബന്ധുക്കളും പ്രദേശവാസികളും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. ആരോപണവിധേയനായ അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും മോശമായി പെരുമാറിയതായും ആരോപണമുണ്ട്.
സംഭവത്തേക്കുറിച്ച് ബേസിക് ശിക്ഷാ അധികാരി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആരോപണ വിധേയനായ അധ്യാപകന്റെയും വിദ്യാര്‍ഥിയുടേയും മൊഴി രേഖപ്പെടുത്തുമെന്നും ബേസിക് ശിക്ഷാ അധികാരി ഗൗരവ് ശുക്ല പറഞ്ഞു.

Leave a Reply