കുടമാറ്റത്തിലെ കുടയിൽ ഇത്തവണ സവര്‍ക്കറും; പൂരത്തിന്റെ കുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങിവെക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

0

തൃശ്ശൂര്‍: പൂരത്തിന്റെ മാറ്റു കൂട്ടുന്നത് കുടമാറ്റമാണ്. ഇത്തവണ കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ സവര്‍ക്കറും ഇടം പിടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമാണ് സവര്‍ക്കറും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. പാറമേക്കാവ് ദേവസ്വത്തിന്റെ നീക്കത്തിനെതിരെ വേറെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ പുറം തിരിഞ്ഞു നിന്ന സവര്‍ക്കറെ വെള്ളപൂശാന്‍ ശ്രമിച്ചാലും സത്യം സത്യമായി നിലനില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ട് രംഗത്തെത്തി. ഇന്നവര്‍ പൂരത്തിന്റെ കുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങിവെക്കുന്നു, തൃശ്ശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം.

അതേസമയം, പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം ഇന്ന് ആരംഭിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദര്‍ശനോദ്ഘാടനും റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ പാറമേക്കാവിന്റേത് മുന്‍ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. തിരുവമ്പാടിയും പാറമേക്കാവും രണ്ട് ദിവസങ്ങളിലായി ചമയ പ്രദര്‍ശനം നടത്തുന്നുണ്ട്. പൂരത്തലേന്നാണ് സാധാരണ ചമയ പ്രദര്‍ശനം നടത്തി വരാറുള്ളത്. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയുമായാണ് ചമയ പ്രദര്‍ശനം നടത്തുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ നാളെ പ്രദര്‍ശനം കാണാന്‍ എത്തും.

Leave a Reply