അലോക്‌ വര്‍മ്മക്കെതിരേ വിശദപദ്ധതി രേഖ തയാറാക്കിയ സിസ്‌ട്ര ഇന്ത്യ മാനനഷ്‌ടത്തിന്‌ വീണ്ടും നോട്ടീസ്‌ നല്‍കി

0

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കണ്‍സല്‍ട്ടന്റായും സിവില്‍ വിഭാഗം മുന്‍ ഡെപ്യൂട്ടി പ്രോജക്‌ട്‌ ഡയറക്‌ടറായും പ്രവര്‍ത്തിച്ച അലോക്‌ വര്‍മ്മക്കെതിരേ വിശദപദ്ധതി രേഖ തയാറാക്കിയ സിസ്‌ട്ര ഇന്ത്യ മാനനഷ്‌ടത്തിന്‌ വീണ്ടും നോട്ടീസ്‌ നല്‍കി. സിസ്‌ട്രയുമായുള്ള കരാറിലെ വ്യവസ്‌ഥകള്‍ ലംഘിച്ചെന്നാണ്‌ ആരോപണം. രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ പുറത്തുവിടുക, സിസ്‌ട്രയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം സാമൂഹികമാധ്യമങ്ങളില്‍ തുടര്‍ച്ചയായി എഴുതുക തുടങ്ങിയവയാണ്‌ വര്‍മ്മയ്‌ക്‌ എതിരായി ഉന്നയിച്ച ആരോപണങ്ങള്‍.
2019 മാര്‍ച്ച്‌ 13-ന്‌ ആണ്‌ സിസ്‌ട്ര മുമ്പ്‌ അലോക്‌ വര്‍മ്മയ്‌ക്കു നോട്ടീസ്‌ നല്‍കിയത്‌. സാമൂഹിക മാധ്യമങ്ങളില്‍ പദ്ധതിക്കും സിസ്‌ട്രയ്‌ക്കും എതിരേ എഴുതിയവ പിന്‍വലിക്കണമെന്നതായിരുന്നു ആവശ്യം. അതേ മാധ്യമങ്ങളില്‍ മാപ്പ്‌ പറയണമെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു.
2020 മാര്‍ച്ച്‌ 31-നു മുമ്പ്‌ ഇക്കാര്യം പാലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ്‌. എന്നാല്‍ ഇത്‌ അലോക്‌ വര്‍മ്മ പാലിക്കാത്തതിനാലാണ്‌ വീണ്ടും നോട്ടീസ്‌ നല്‍കുന്നതെന്ന്‌ പുതിയ നോട്ടീസില്‍ പറയുന്നു. ആദ്യ നോട്ടീസ്‌ അവഗണിച്ച്‌ വര്‍മ്മ തുടര്‍ച്ചയായി എഴുതിയ ലേഖനങ്ങളില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം അസത്യമാണ്‌. അത്‌ സിസ്‌ട്രയ്‌ക്കും കെ-റെയിലിനും അവഹേളനമുണ്ടാക്കുന്നതാണ്‌. പ്രശ്‌നപരിഹാരത്തിന്‌ ആദ്യ നോട്ടീസില്‍ പറഞ്ഞവതന്നെയാണ്‌ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ 10-ന്‌ നല്‍കിയ നോട്ടീസ്‌ ലഭിച്ച്‌ 72 മണിക്കൂറിനകം ഇവ ചെയ്‌തില്ലങ്കില്‍ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ആദ്യ നോട്ടീസിന്‌ തന്നെ താന്‍ വ്യക്‌തമായ മറുപടി നല്‍കിയിരുന്നവെന്ന്‌ ആലോക്‌ വര്‍മ്മ പറഞ്ഞു.
താന്‍ ചര്‍ച്ചയ്‌ക്‌ വിധേയമാക്കിയവയെല്ലാം പൊതുരേഖകളാണ്‌. എല്ലാ റിപ്പോര്‍ട്ടുകളും റെയില്‍വേയും സര്‍ക്കാരുകളും ജനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്‌. ഇതില്‍ രഹസ്യമില്ല. പദ്ധതി രേഖകളിലെ വീഴ്‌ചകള്‍ തുറന്നുകാട്ടിയിട്ടുണ്ട്‌. ഇത്‌ ആരെയും മോശമാക്കാനല്ല. വേണ്ട തിരുത്തലുകള്‍ ആഗ്രഹിക്കുന്നത്‌ കൊണ്ടാണ്‌. അതു തിരുത്തുന്നതിന്‌ പകരം തന്നെ വായടിപ്പിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്‌. ഭൗമശാസ്‌ത്രപരമായി പ്രശ്‌നമുള്ള മേഖലകളിലൂടെ ലൈന്‍ ഇടുന്നതിന്‌ പഠനം നടത്തി 12 വര്‍ഷത്തെ അനുഭവസമ്പത്ത്‌ തനിക്കുണ്ടെന്നും ആലോക്‌ വര്‍മ്മ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here