ന്യൂഡൽഹി: നീറ്റ് പി ജി പരീക്ഷ മാറ്റിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പബ്ലിക്ക് ഇൻഫർമേഷൻ ബ്യൂറോ. ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മേയ് 21ന് തന്നെ നടക്കും. നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്നായിരുന്നു വ്യാജ വാർത്തകൾ.
നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്കു മാറ്റിയെന്ന പേരിൽ ദേശീയ പരീക്ഷാ ബോർഡിന്റെ അറിയിപ്പ് സഹിതം പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും പരീക്ഷ മാറ്റിവച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു. പരീക്ഷ മെയ് 21ന് നടത്തുമെന്നും പിഐബി വ്യക്തമാക്കി.
നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 15000ലധികം വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിച്ചത്.
പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചിരുന്നത്. കൗൺസലിങ്, പരീക്ഷാ തീയതികൾ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ് പരീക്ഷാർഥികൾ ഇതിനെതിരെ രംഗത്തുവന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് പിഐബി വ്യക്തമാക്കി.