പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

0

ചണ്ഡീഗഡ്: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയാളികൾ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ വ്യാജമാണെന്നും കണ്ടെത്തി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, സിദ്ദുവിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ വൈകുകയാണ്. കേസിലെ യഥാർഥ പ്രതികളെ പിടികൂടാതെ പോസ്റ്റ്മോർട്ടത്തിന് മൃതദേഹം വിട്ടു നൽകില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. കുടുംബവുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തുകയാണ്. ഇതിനിടെ, മാനസയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച്ചയാണ് പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെ വാല വെടിയേറ്റ് മരിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു. മൂസേ വാലയും സുഹൃത്തുക്കളും ചേര്‍ന്ന് ജീപ്പില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂസെ വാലയ്ക്ക് നൽകി വന്ന പോലീസ് സംരക്ഷണം കഴിഞ്ഞ ദിവസം ആം ആദ്മി സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൂസെ വാല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്‍സാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here