‘ഭരണകാര്യങ്ങളിൽ മന്ത്രിയുടെ ഭർത്താവ് അമിതമായി ഇടപെടുന്നു’; ചിറ്റയം ഗോപകുമാർ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് സിപിഐ യോഗത്തിൽ വീണ ജോർജിന് രൂക്ഷ വിമർശനം

0

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തർക്കം തുടരുന്നു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ചിറ്റയം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് നേതാക്കൾ പറഞ്ഞു. ജില്ലയിലെ എൽഡിഎഫ് പ്രവർത്തകരോട് ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു.

പത്തനംതിട്ടയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന മേളയുടെ സമാപന യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനും സിപിഐ തീരുമാനിച്ചു. മന്ത്രി വീണാ ജോർജ് ചിറ്റയത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് തീരുമാനം. മുൻകൂട്ടി നിശ്ചിയിച്ച സമാപന യോഗത്തിന്റെ സമയം മന്ത്രി ഇടപെട്ട് മാറ്റിയതായും ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു.

അതേസമയം പത്തനംതിട്ടയിൽ നടക്കുന്ന സർക്കാർ പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാർ. സിപിഐ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചിറ്റയം പങ്കെടുത്തിരുന്നില്ല. മേളയുടെ സമാപനം അൽപസമയത്തിനകം തുടങ്ങും.

താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചത് തലേന്ന് രാത്രിയാണ്. അതുകൊണ്ട് കൂടിയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം പറഞ്ഞു. ‘സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ് തന്നെ ക്ഷണിച്ചില്ല. പങ്കെടുക്കണം എന്ന് വിളിച്ച് പറഞ്ഞത് ജില്ലാ കളക്ടര്‍. തന്റെ മണ്ഡലത്തിലെ പരിപാടികള്‍ പോലും മന്ത്രി അറിയിക്കാറില്ല. മന്ത്രിക്ക് ഏകോപനം എന്തെന്ന് അറിയില്ലെന്നും’ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു.

കൂടാതെ ആരോഗ്യമന്ത്രി ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ പറഞ്ഞിരുന്നു. അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല. ഇക്കാര്യങ്ങളെല്ലാം സിപിഐഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

നേരത്തെ കായംകുളം എംഎല്‍എ അഡ്വ. യു പ്രതിഭയും പൊതുപരിപാടിയില്‍ മന്ത്രിയുടെ പേരെടുത്ത് പറയാതെ സമാന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പുറമേ പത്തനംതിട്ട ലോക്കല്‍, ജില്ലാ കമ്മിറ്റികളിലും ഇതേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വീണാ ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്നായിരുന്നു കമ്മിറ്റികളുടെ വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here