‘യൂണിവേഴ്സിറ്റിയിൽ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അഴിഞ്ഞാടുന്നു; അന്യസ്ത്രീകളും പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയാണ് മത താൽപര്യം’; വിവാദ പരാമ‍ശവുമായി സുന്നി നേതാവ് സത്താർ പന്തല്ലൂർ

0

കോഴിക്കോട്: വേദിയിൽ പെൺകുട്ടികളെ വിലക്കിയ വിഷയത്തിൽ വിവാദ പരാമർശം ആരോപിച്ച് സുന്നി യുവജന നേതാവ് സത്താർ പന്തല്ലൂർ. സമസ്ത വേദിയിൽ പെൺകുട്ടിയെ ഇറക്കി വിട്ട സംഭവത്തെ കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റിൽ കാലിക്കറ്റ് സര്‍വകലാശാലയെ കുറിച്ചാണ് സുന്നി യുവജന നേതാവ് വിവാദ പരാമർശം നടത്തിയിട്ടുള്ളത്. കാലിക്കറ്റ് സർവ്വകലാശാലയിൽ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അതിര് വിട്ട് അഴിഞ്ഞാടുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ സത്താർ പന്തല്ലൂർ പറഞ്ഞിട്ടുള്ളത്. അന്യസ്ത്രീകളും പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയെന്നതാണ് മത താത്പര്യമെന്നും ആര് അപരിഷ്കൃതമെന്ന് വിളിച്ചാലും ഇതാണ് മത നിയമമെന്നും സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മലപ്പുറത്തെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മത ചടങ്ങിൽ അവാർഡ് വാങ്ങാൻ മുതിർന്ന പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെ വിമർശിച്ചുവെന്നതാണ് മാധ്യമങ്ങൾക്ക് ചാകരയായിട്ടുള്ളത്. അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിൻ്റെ മത താത്പര്യം. പിന്നെ വിമർശനത്തിൻ്റെ ശൈലി, ഉപയോഗിച്ച വാക്കുകൾ, ശരീരഭാഷ ഇതൊക്കെ ഓരോ വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടെന്ന് വരാം.
ആര് അപരിഷ്കൃതം എന്ന് വിളിച്ചാലും ഇതാണ് മത നിയമം എന്ന് അഭിമാനത്തോടെ പറയും. അത് സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യവുമുണ്ട്.

സാമൂഹ്യ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആകാശ ഭൂമികൾക്കിടയിലെ ഏറ്റവും വലിയ മഹാപാതകമായി ഇതിനെ അവതരിപ്പിച്ചാലും അതിലെ അവതാരകർ അപസ്മാരം ബാധിച്ചവരെപ്പോലെ കയ്യും കാലുമിട്ടടിച്ചാലും വിശ്വാസികൾ മോഹാലസ്യപ്പെട്ട് വീഴുമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളുടെ ഇസ് ലാമോഫോബിക് അജണ്ടകളൊക്കെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൻ്റെ മറവിൽ ഇസ് ലാമിനെ തന്നെ മോശമായി ചിത്രീകരിക്കാൻ പലരും രംഗത്ത് വന്നിട്ടും തലക്കു മുകളിൽ തൂങ്ങിക്കിടന്നിരുന്ന ഫാഷിസം അല്പം മുകളിലോട്ട് പൊങ്ങിയതും നമുക്ക് തിരിച്ചറിയും.

മത പണ്ഡിതർ വിശ്വാസികൾക്കിടയിൽ നടത്തുന്ന ഉദ്ബോധനങ്ങളും ശാസനകളും പുറമെയുള്ളവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാവുക സ്വാഭാവികം. തിരിച്ചും അങ്ങിനെയാണന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുക. ആൺകുട്ടികളും പെൺകുട്ടികളും കാമ്പസുകളിൽ ധാർമികതയുടെ അതിരുകൾ ലംഘിക്കാതിരിക്കണമെന്ന് അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാവുന്നതുമാണ്. ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻ്റ്സ് ഹോസ്റ്റലിൽ പോലും ഏത് പാതിരാത്രിയിലും ആൺ പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാൻ അവസരം നൽകുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾക്ക് നിങ്ങൾ വകവെച്ചു കൊടുക്കുമോ ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾ അനുഭവിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നവരാണോ ?

വിവാദ വിഷയത്തെ മറച്ചുവെക്കാൻ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാർട്ടികളിലോ നടക്കുന്ന സ്ത്രീ വിരുദ്ധ നടപടികൾ ചർച്ചയാക്കേണ്ട ഗതികേടൊന്നും മുസ് ലിം സമുദായത്തിനില്ല. അടിസ്ഥാന പരമായി, വിവാദമാക്കിയ സംഭവത്തിൽ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതു കൊണ്ട് തന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ച് പറയുന്ന തറവേലക്ക് നമ്മളില്ല. മത സ്ഥാപനങ്ങളിൽ മത നിയമങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അത് ലംഘിക്കപ്പെടുമ്പോൾ ഇത്തരം ശാസനകൾ തുടരുകയും ചെയ്യും. പബ്ലിസിറ്റി മോഹിയായ ഗവർണർ മുതൽ ആളും തരവും നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷനടക്കം പിന്തുടരാം. ഇനിയും അവസരങ്ങൾ ലഭിക്കും

അതേസമയം, സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി വിവിധ രാഷ്‌ട്രീയനേതാക്കൾ. സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അപലപിച്ചു. സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് ഒരിക്കലും യോജിക്കില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഈ അപരാധത്തിന് മതത്തിന്റെ സംരക്ഷണം ഉണ്ടോയെന്നാണ് മാത്യു ടി തോമസ് ചോദിച്ചത്.

മുശാവറ അംഗത്തിന്റെ നടപടിയെ കെ.ടി.ജലീലും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ലീഗിന്റെ നിലപാട് ആണോ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതെന്ന് കെ.ടി.ജലീൽ ചോദിച്ചു. ഇക്കാര്യത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണം. കെ.എസ്.യുവിന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കെ.ടി.ജലീൽ പറഞ്ഞു.

പത്താം ക്‌ളാസിൽ പഠിക്കുന്ന പെൺകുട്ടി പൊതുവേദിയിൽ വരികയോ? ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത്? മേലാൽ ഇത് ആവർത്തിക്കരുത്’; മലപ്പുറത്തെ പാതിരാമണ്ണിൽ സമസ്‌തയുടെ മുതിർന്ന നേതാവ് എംടി അബ്‌ദുള്ള മുസ്‌ലിയാരുടെ പൊതുവേദിയിൽ ആക്രോശിച്ചതിനെതിരെ ഉയരുന്നത് രൂക്ഷവിമർശനം. ഭരണഘടനക്ക് മുന്നിൽ ആണും പെണ്ണും തുല്യരായ ഇന്ത്യയിൽ ഒരു പെൺകുട്ടിയെ ഇങ്ങനെ അപമാനിച്ച മുസ്‌ലിയാർക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് അടക്കം രംഗത്തെത്തിയെങ്കിലും മുൻനിര നേതാക്കളടക്കം സമസ്‌തയ്‌ക്ക് എതിരായിരിക്കുകയാണ്.

സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം എന്നാണ് വിമർശനം. മുസ്ലീം കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ് കുട്ടി അപമാനിക്കപ്പട്ടത് എന്നും ഗവർണർ പറ‍ഞ്ഞു. സ്ത്രീ പുരുഷ അവകാശങ്ങളെ പറ്റിയുള്ള ഖുറാൻ വചനം ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെയുള്ള പ്രതികരണം.ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ ആണ് പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയത് . വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്‌റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്.

പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. സമസസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ. ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് ചോദിച്ചു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രം​ഗത്തെത്തി. സുന്നി പരിപാടികളിൽ വേദിയിൽ സ്ത്രീകൾ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി.

മുസ്‌ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുമെന്ന് എംഎസ്‌എഫ് ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ ഫേസ്‌ബുക്കില്‍ കുറിച്ചു.

മുസ്‌ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോൽസാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്നും തെഹ്‌ലിയ കൂട്ടിച്ചേർത്തു.

പുരോഹിതരെ നോക്കുകുത്തികളാക്കി തന്നെയാണ് മലയാളി മുസ്‌ലിം സ്‌ത്രീകൾ വളർന്നത്. അതിനെ തടയാൻ സമസ്‌തക്ക് ഇനി സാധിക്കില്ലെന്നായിരുന്നു കെഎൻഎം സെക്രട്ടറി ഡോ.എഐ അബ്‌ദുൽ മജീദ് സ്വലാഹിയുടെ പ്രതികരണം. പെണ്ണ് എഴുത്തും വായനയും പഠിക്കരുതെന്നും പള്ളിയിൽ ജമാഅത്തിനും ജുമുഅക്കും പോകരുതെന്നും വാദിച്ചിരുന്ന സമസ്‌ത എത്ര വളർന്നാലും ഉള്ളിലിരിപ്പ് മാറില്ലെന്ന് തെളിയിക്കുന്നതാണ് എംടി മുസ്‌ലിയാരുടെ ശാസനയിൽ തെളിഞ്ഞു വരുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

2022ല്‍ എത്തിയിട്ടില്ലാത്ത ‘പണ്ഡിത രത്‌നങ്ങള്‍’ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ. ബാക്കിയുള്ളോര് മുന്നോട്ട് നടക്കട്ടെ എന്ന ഡോ.ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തുള്ളത്. അതേസമയം, പൊതുവേദിയിൽ ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടും മതേതര പാർട്ടികൾ മൗനം പാലിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നുണ്ട്. ശബരിമല സ്‌ത്രീ പ്രവേശനവുമായി വിഷയത്തെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നവരും കുറവല്ല. കേരള ജനത ഒന്നടങ്കം എതിർക്കേണ്ട നടപടിയാണ് സമസ്‌തയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ വിമർശനം. വരും ദിവസങ്ങളിൽ സംഭവം കൂടുതൽ ചർച്ചയാകുമെന്നും പറയപ്പെടുന്നുണ്ട്.

മദ്രസ കെട്ടിട ഉൽഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്‌ളാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജില്‍ വിളിപ്പിച്ചപ്പോഴാണ് അബ്‌ദുള്ള മുസ്‌ലിയാര്‍ വേദിയില്‍ പ്രകോപിതനായി സംസാരിക്കുകയും പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്‌തത്‌. ‘സമസ്‌തയുടെ തീരുമാനം അറിയില്ലേ, പത്താം ക്‌ളാസിലെ പെണ്‍കുട്ടികളെയൊന്നും സ്‌റ്റേജിലേക്ക് വിളിക്കണ്ട. കുട്ടിയുടെ രക്ഷിതാവിനോട് വരാന്‍ പറയൂ എന്നാണ് അബ്‌ദുള്ള മുസ്‌ലിയാർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here