തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല.

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് നടപടി ക്രമങ്ങളുണ്ട് . അതു നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നു വൈകീട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച വാര്‍ത്ത കിട്ടിയത് എവിടെ നിന്നെന്ന് അറിയില്ല. ജനാധിപത്യരാജ്യമല്ലേ, മാധ്യമങ്ങള്‍ക്ക് ഇഷ്ടമുള്ളത് നല്‍കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് ഞങ്ങളുടെ വായില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ജയരാജന്‍ ചോദിച്ചു.

സിപിഎമ്മിലും എല്‍ഡിഎഫിലും ഏതെങ്കിലും ഒരാള്‍ക്ക് മാത്രമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനോ പ്രഖ്യാപിക്കാനോ കഴിയില്ല. പാര്‍ട്ടിയില്‍ തീരുമാനമുണ്ടായാല്‍ അതിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. കൂടാതെ എല്‍ഡിഎഫിന്റെ അനുമതിയും ആവശ്യമുണ്ട്.
യുഡിഎഫ് നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു എന്നതുകൊണ്ട് ഇടതുമുന്നണിയും ധൃതി പിടിച്ച് പ്രഖ്യാപിക്കണമെന്നില്ല. അവരുടെ പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുള്ളതുകൊണ്ട് അതുമറയ്ക്കാനാണ് ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. അതിനെതിരെ ഇപ്പോള്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ടല്ലോയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സിപിഎം തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചിച്ചു വരുന്നതേയുള്ളൂ എന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. അതിന് മുമ്പേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചത് എങ്ങനെയെന്നറിയില്ല. നാളെയോടെയെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് കരുതുന്നതെന്നും പി രാജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here