തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ

0

കൊച്ചി ∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പൊലീസിനു കൈമാറും. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ശിവദാസനെന്ന് പൊലീസ് അറിയിച്ചു.

വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മ‌ിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.

സമൂഹമാധ്യമത്തിൽ മൂന്നു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിഎൻ സംവിധാനം ഉപയോഗിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.

ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പടെയുള്ളവർക്കു ജോ ജോസഫ് പരാതി നൽകിയിരുന്നു. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കൽ ഉൾപ്പെടെയുള്ളവരും ഇതിനെതിരെ രംഗത്തെത്തി.

ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംവാദത്തിന് ആയുധമില്ലാതെ നിരായുധരായി നിൽക്കുന്നവരാണ് എതിർപക്ഷത്തുള്ളവർ എന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് അവർ പറഞ്ഞു.‘‘രാഷ്ട്രീയമായി എതിരിടാൻ കെൽപില്ലാത്തതിനാലാണ് ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുന്നത്. ഇതു ശരിയല്ല.’’– ദയ പാസ്കൽ പറഞ്ഞു. ‍

LEAVE A REPLY

Please enter your comment!
Please enter your name here