പനമരത്തും ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച കുടുംബത്തിലെ 12 പേര്‍ ചികിത്സ തേടി

0

കല്‍പ്പറ്റ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുഴിമന്തി കഴിച്ച ഒരു കുടുംബത്തിലെ 12 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പനമരം കൈതക്കല്‍ കരിമംകുന്ന് പൊറ്റയില്‍ ഇബ്രാഹിമിന്റെ വീട്ടിലാണ് സംഭവം. പെരുന്നാള്‍ ദിനത്തില്‍ കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ബുധനാഴ്ച ഛര്‍ദിയും വയറുവേദനയും പനിയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൊറ്റയില്‍ കുടുംബത്തിലെ ജ്യേഷ്ഠസഹോദരങ്ങള്‍ അടക്കം 12 പേര്‍ പനമരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി മടങ്ങിയിരുന്നു. എന്നാല്‍, രോഗശമനം ഉണ്ടാവാത്തതിനാല്‍ ഇവരില്‍ എട്ടുപേര്‍ വ്യാഴാഴ്ച പനമരം സി.എച്ച്.സിയിലും രണ്ടുപേര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. പനമരം സി.എച്ച്.സി.യില്‍നിന്ന് പിന്നീട് മൂന്നുപേരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും മാറ്റേണ്ടിയും വന്നു.

പൊറ്റയില്‍ ഇബ്രാഹിം (45), ഭാര്യ ഖദീജ (40), മകള്‍ റെനീസ (23), സഹല (18), ഹിബ ഫാത്തിമ (11) എന്നിവരാണ് പനമരം ഗവ. ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പൊറ്റയില്‍ അബ്ദുള്‍ അസീസ് (35), ഭാര്യ ഷെരീഫ (30), അബ്ദുസലാമിന്റെ ഭാര്യ ഹഫ്‌സത്ത് (25) എന്നിവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൈഫുനിസ (30), മകള്‍ ഷഫാന പര്‍വിന്‍ (18) എന്നിവര്‍ മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

സംഭവമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ വ്യാഴാഴ്ച വിഷബാധയുണ്ടായ വീട്ടില്‍ പരിശോധനക്കെത്തി. കിണറിലെ വെള്ളം അടക്കം പരിശോധനക്കയച്ചിട്ടുണ്ട്. അയല്‍വീട്ടുകാരും ഈ കിണറില്‍ നിന്നുള്ള ഉപയോഗിക്കുന്നുണ്ട്. ഇവരിലാര്‍ക്കും ദേഹാസ്വസ്ഥ്യങ്ങള്‍ ഇല്ല. കുഴിമന്തിയിലെ ചോറുമാത്രം കഴിച്ചവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ കുഴിമന്തിയിലെ ചിക്കനില്‍ നിന്നോ മയോണൈസില്‍ നിന്നോ ആവാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമികനിഗമനം.

ഭക്ഷണം പാകംചെയ്യുന്നതിനായി സാധനങ്ങള്‍ വാങ്ങിയ പനമരത്തെ വ്യാപാരസ്ഥാപനങ്ങളിലും അധികൃതര്‍ പരിശോധന നടത്തി. അതേ സമയം വിവിധ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന്റെ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും പരിശോധന തുടരുകയാണ്. മാനന്തവാടിയില്‍ ഹോട്ടലുകള്‍, ഷവര്‍മ്മ പാര്‍ലര്‍, ബേക്കറി എന്നിവിടങ്ങളില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here