തമിഴ്‌നാട്ടിൽനിന്നെത്തി കേരളത്തിന്റെ മണ്ണിൽ കോടീശ്വരന്മാരായി മാറിയവരാണ് മണവാളക്കുറിശ്ശി സ്വദേശികളായ ഡോ. എം പ്രദീപ് കുമാറും ബന്ധു എൻ രമേശും

0

 
തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നെത്തി കേരളത്തിന്റെ മണ്ണിൽ കോടീശ്വരന്മാരായി മാറിയവരാണ് മണവാളക്കുറിശ്ശി സ്വദേശികളായ ഡോ. എം പ്രദീപ് കുമാറും ബന്ധു എൻ രമേശും. സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തേടി ഒടുവിൽ അവർ എത്തി. മെയ് 22 ഞായറാഴ്ച ഫലം പുറത്തുവന്നെങ്കിലും ഇരുവരും ഇക്കാര്യം അറിഞ്ഞപ്പോൾ ഒരാഴ്ചയോളം പിന്നിട്ടിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രമേശിന്റെ സഹോദരീ ഭർത്താവിനെ വിളിക്കാൻ എത്തിയപ്പോഴാണ് ഇവർ വിഷു ബംപർ എടുത്തത്. മടങ്ങിപ്പോയ ഇവർ മറ്റൊരു ബന്ധുവിന്റെ സംസ്കാര ചടങ്ങുകളുടെ തിരക്കിലായിരുന്നു. ഞായറാഴ്ച ലോട്ടറി ഫലം വന്നെങ്കിലും നോക്കാൻ സമയം ലഭിച്ചില്ല. പിന്നീട് പരിപാടികൾ പൂർത്തിയായശേഷം വെള്ളിയാഴ്ച ഫലം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചെന്ന് അറിഞ്ഞത്. 

നികുതി കഴിഞ്ഞ് 6.16 കോടിയാണ് വിജയികൾക്ക് ലഭിക്കുക. ഇരുവരും ഒന്നിച്ചെടുത്ത ടിക്കറ്റ് ആയതിനാൽ ഇവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലായിരിക്കും പണം നൽകുക. വലിയതുറ സ്വദേശികളായ രംഗൻ-ജസീന്ത ദമ്പതികളാണ് ഭാ​ഗ്യമടിച്ച ടിക്കറ്റ് വിറ്റത്. അതേസമയം ലോട്ടറി ഓഫീസിൽ നിന്ന് ടിക്കറ്റ് വാങ്ങിയ ലോട്ടറി ഏജന്റിനായിരിക്കും ടിക്കറ്റിന്റെ കമ്മീഷൻ ലഭിക്കുക. 1.20 കോടി രൂപയാണ് ഏജന്റിന്റെ കമ്മീഷൻ. സുരേഷ് കുറുപ്പ് എന്നയാളാണ് ലോട്ടറി ഓഫീസിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. ഇയാളുടെ സബ് ഏജന്റുമാരായിരുന്നു രം​ഗനും ജസീന്തയും. 

LEAVE A REPLY

Please enter your comment!
Please enter your name here