നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരിച്ച് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള ബാർ കൗൺസിലിനു മറുപടി നൽകി

0

കൊച്ചി: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരിച്ച് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള ബാർ കൗൺസിലിനു മറുപടി നൽകി. അതിജീവിത ഉയർത്തിയ ആരോപണങ്ങൾ പാടെ നിഷേധിച്ചാണു മറുപടി നൽകിയിരിക്കുന്നത്. അഡ്വക്കേറ്റ്സ് ആക്ടിലെ 35–ാം വകുപ്പിനു വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരണത്തിൽ രാമൻപിള്ള പറയുന്നു.

അഭിഭാഷകൻ നൽകിയ മറുപടി ബാർ കൗൺസിൽ അതിജീവിതയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കിൽ തെളിവുസഹിതം നൽകണം എന്ന നിർദേശത്തോടെയാണ് അയച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത ബാർ കൗൺസിലിനു പരാതി നൽകിയത്.

തെളിവുകൾ ഉള്ളതിനാൽ അഭിഭാഷകനെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ ബി.രാമൻ പിള്ള, ഫിലിപ് ടി.തോമസ്, സുജേഷ് മോഹൻ എന്നിവർക്കെതിരെയായിരുന്നു പരാതി. നേരത്തേ ഇമെയിൽ വഴി അയച്ച പരാതി സ്വീകരിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്ന് നേരിട്ടെത്തി ഫീസടച്ച് അതിജീവിത സമർപ്പിച്ച പരാതി ബാർ കൗൺസിൽ സ്വീകരിക്കുകയായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിചാരണക്കോടതി നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും. കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് സര്‍ക്കാര്‍ വിചാരണ കോടതിയെ അറിയിക്കും. 30 നകം തുടരന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. തുടരന്വേഷണത്തില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നീട്ടാന്‍ മൂന്ന് മാസത്തെ സമയം കൂടിയാണ് പ്രോസിക്യൂഷന്‍ തേടിയിരിക്കുന്നത്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ സത്യാവസ്ഥ വ്യക്തമാവാന്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന വാദവും ഹൈക്കോടതി മുമ്പാകെ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

വിചാരണ കോടതിയില്‍ ഇന്ന് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിക്കും. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ഇടപെടല്‍ നടത്തിയെന്നതിന് തെളിവായി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സൂരജ് എന്നിവരുടെ ശബ്ദരേഖകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടാണ് വിചാരണ കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.

അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ, പകർപ്പോ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ദിലീപിന്റെ സഹോദരൻ അനൂപിന്റെ മൊബൈൽഫോണുകളുടെ സൈബർ പരിശോധനയിലാണ് ഇതിനുള്ള തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണം ഫോണിൽനിന്ന് ലഭിച്ചു. ദൃശ്യങ്ങൾ കൈവശമില്ലാത്ത ഒരാൾക്ക് ഇതു സാധിക്കില്ല. അനൂപിനെ ചോദ്യംചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും കൂടുതൽ അന്വേഷണം വേണമെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.

ദിലീപിന്റെയും ബന്ധുക്കളുടെയും ആറ്‌ ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ നിന്ന് 11,161 വീഡിയോകളും 11,238 ഓഡിയോ ക്ലിപ്പുകളും ലഭിച്ചു. രണ്ടുലക്ഷത്തിലധികം ചിത്രങ്ങളും 1,597 രേഖകളുമാണ് ലഭിച്ചത്. ദിലീപിന്റെ ഫോണുകളിൽനിന്ന് മാത്രമായി 200 മണിക്കൂറിലധികം നീളുന്ന ടെലിഫോൺ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഓഡിയോ ക്ലിപ്പുകൾ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം പൂർത്തിയായിട്ടില്ല. അതിനിടെ കാവ്യാ മാധവന്റെ ഡ്രൈവറായി പൾസർ സുനി ജോലിചെയ്തിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദിലീപിന് പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

ബാലചന്ദ്രകുമാർ ചുവന്ന മാരുതി സ്വിഫ്റ്റ് കാറിൽ ദിലീപിന്റെ സഹോദരൻ അനൂപിനും ഭാര്യാസഹോദരൻ സുരാജിനൊപ്പം യാത്രചെയ്തതിന്റെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഈ ദിവസം ബാലചന്ദ്രകുമാർ തന്റെ വീട്ടിൽ വന്നിട്ടില്ലെന്നാണ് ദിലീപ് ചോദ്യംചെയ്യലിൽ പറഞ്ഞത്. ഈ കാർ ദിലീപിന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറും ദിലീപുമൊത്തുള്ള സെൽഫിയും ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here