സ്വിഫ്റ്റ് ബസ് ജീവനക്കാർ ഡ്യൂട്ടിക്ക് വരാതിരുന്നതിന് പിന്നിൽ ഗൂഢാലോചന? സ്വകാര്യ ലോബികളുമായി കെഎസ്ആർടിസിയിലെ തൊഴിലാളികളുടെ ഒത്തുകളിയോ?

0

പത്തനംതിട്ട: മംഗളൂരുവിനുള്ള സ്വിഫ്റ്റ് ബസ് നാലര മണിക്കൂർ വൈകിയ സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടർമാർ ഡ്യൂട്ടിക്ക് എത്താതിരുന്നതിനു പിന്നിൽ ഗൂഢാലോചനയെന്ന് സംശയം. സ്വകാര്യ ലോബികളുമായി ചേർന്നു കെഎസ്ആർടിസിയിലെ 3 ജീവനക്കാർ ഒത്തുകളിച്ചെന്നാണു സംശയിക്കുന്നത്. അവരാണു മാധ്യമങ്ങളെ വിവരം അറിയിച്ചു വിവാദമുണ്ടാക്കിയതെന്നും ആക്ഷേപമുണ്ട്. ഇവരുടെ പേരുവിവരം വിശദീകരണത്തോടൊപ്പം നൽകണമെന്ന് എടിഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബെംഗളൂരു, മംഗളൂരു, മൈസൂരു എന്നീ റൂട്ടുകളിലാണ് സ്വിഫ്റ്റ് സർവീസുള്ളത്. 24 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സർവീസ് മുടങ്ങാതിരിക്കാൻ ഓരോ ദിവസവും സർവീസിനു പോകേണ്ട ജീവനക്കാരുടെ ഷെഡ്യൂളും നിശ്ചയിച്ചിട്ടുണ്ട്.

സംഭവത്തിൽ കുറ്റക്കാരായ 2 ജീവനക്കാരെ ജോലിയിൽ നിന്നു മാറ്റിനിർത്തി. സംഭവത്തിൽ പത്തനംതിട്ട എടിഒയോട് കെഎസ്ആർടിസി എംഡി വിശദീകരണം തേടി. ഞായറാഴ്ച വൈകിട്ട് 5ന് മംഗളൂരു സർവീസ് പോകേണ്ട ഡ്രൈവർ കം കണ്ടക്ടർമാരായ അനിലാൽ, മാത്യു രാജൻ എന്നിവരാണു സമയത്തു ജോലിക്കെത്താതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവച്ചത്. യാത്രക്കാരുടെ പരാതിയെ തുടർന്നു കൊല്ലത്തുനിന്ന് ജീവനക്കാരെ എത്തിച്ചാണ് രാത്രി 9.30ന് സർവീസ് നടത്തിയത്.

ജീവനക്കാർ എത്താത്തതുമൂലം സർവീസ് മുടങ്ങിയ സംഭവത്തിൽ എടിഒ തോമസ് മാത്യു ഇന്നലെ കെഎസ്ആർടിസി എംഡിക്കും സ്വിഫ്റ്റിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടർക്കും റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകും. ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഇന്നലെ അനിലാലിനെയും മാത്യു രാജനെയും ഡ്യൂട്ടിയിൽനിന്നു മാറ്റിനിർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here