അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വില; സാധാരണക്കാർ പട്ടിണിയിലേക്കോ..?

0

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ഇന്ധന-പാചകവാതക വിലയ്ക്കു പിന്നാലെ, അവശ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയരുന്നു. മാർച്ചിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം പച്ചക്കറി വിലയിൽ 19.88 ശതമാനവും പയറുവർഗങ്ങളുടെ വിലയിൽ 8.12 ശതമാനവും വർധനയാണ് ഉണ്ടായത്. പെട്രോളിയം ഉത്പന്നങ്ങൾക്കും പ്രകൃതി വാതകത്തിനും 69.2 ശതമാനവും രാസ ഉത്പന്നങ്ങൾക്ക് 12.66 ശതമാനവും വിലക്കയറ്റമുണ്ടായി.

ഇരുമ്പു പോലുള്ള അടിസ്ഥാന ലോഹങ്ങളുടെ വില 25.97 ശതമാനമാണ് വർധിച്ചത്. എണ്ണക്കരുക്കൾക്ക് 22.49 ശതമാനവും ഗോതമ്പിന് 14.4 ശതമാനവും പേപ്പർ ഉത്പന്നങ്ങൾക്ക് 12.24 ശതമാനവും വർധന രേഖപ്പെടുത്തി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രാജ്യത്തെ ചില്ലറ വിൽപ്പന മേഖലയിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് നിഷ്‌കർഷിച്ചതിനും മീതെ, ആറു ശതമാനത്തിലേറെയായി നിൽക്കുകയാണ്. ഉപഭോക്തൃ വില സൂചിക 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.95 ശതമാനത്തിലാണ്.

പയറുവർഗങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മീൻ, എണ്ണ തുടങ്ങിയവയിലെ ഉപഭോക്തൃ വിലസൂചിക 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.7 ശതമാനമാണ്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ മൊത്ത വിലസൂചിക മാർച്ചിൽ 14.6 ശതമാനമാണ്. ഫെബ്രുവരിയിൽ ഇത് 13.1 ശതമാനമായിരുന്നു. വിലപ്പെരുപ്പം വർധിച്ചു നിൽക്കുന്ന വേളയിലാണ് ഇരുട്ടടി പോലെ ഗാർഹിക പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചത്. 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന് ആയിരം രൂപയാണ് വില. 2020 മെയിൽ 581 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ ആയിരം കടന്നത്.

രണ്ടു വർഷത്തിനിടെ മാത്രം 72 ശതമാനം വർധനാണ് പാചകവാതകത്തിലുണ്ടായിരുന്നത്. സമാനമായ സാഹചര്യമാണ് പെട്രോളിയം ഉത്പന്നങ്ങളുടേതും. രണ്ടു വർഷം മുമ്പ് എഴുപത് രൂപയുണ്ടായിരുന്ന പെട്രോളിന് ഡൽഹിയിൽ ഇപ്പോൾ 105 രൂപയാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെയുണ്ടായ അസംസ്‌കൃത എണ്ണയുടെ വിലവർധനയാണ് വിപണിയിൽ പ്രതിഫലിക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ 40 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. 2020 മെയ് മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്ന നാലു ശതമാനം നിരക്കാണ് കേന്ദ്രബാങ്ക് വർധിപ്പിച്ചത്.

ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്കാണ് റിപ്പോ. വിപണിയിലെ പണലഭ്യത കുറയ്ക്കാനും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ആർബിഐ ശ്രമിക്കുന്നത്. എന്നാൽ അടിസ്ഥാന പലിശനിരക്കുകൾ വ്യത്യാസപ്പെടുത്തിയതു കൊണ്ടു മാത്രം നാണ്യപ്പെരുപ്പം നിയന്ത്രിക്കാനാകില്ല എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞദിവസം വീണ്ടും പാചകവാതക വിലയിൽ വർധനവുണ്ടായിരുന്നു. വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 1000 രൂപയ്ക്കു മുകളിലെത്തി. 1006.50 രൂപയാണ് കൊച്ചിയിലെ പുതുക്കിയ നിരക്ക്. വാണിജ്യ സിലിണ്ടറിന് ഞായറാഴ്ച 103 രൂപ വർധിപ്പിച്ചതിനു പിന്നാലെ ഇന്നലെ 9.50 രൂപ കുറച്ചു. ഇതോടെ വില 2349.50 രൂപയിലെത്തി.

മാർച്ച് 22ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടറിനു വില കൂട്ടിയത്. അന്നും 50 രൂപ വർധിപ്പിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷമാണ് ഇന്ധന, പാചകവാതക വിലയിൽ വീണ്ടും വർധന തുടങ്ങിയത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതാണു കാരണമെന്നാണു വിശദീകരണം.
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 110 ഡോളറിനു മുകളിലാണ്. മാർച്ച് 22 മുതൽ ഏപ്രിൽ 6 വരെ 16 ദിവസം കൊണ്ട് പെട്രോൾ ലീറ്ററിന് 10.02 രൂപയും ഡീസലിന് 9.68 രൂപയുമാണു വർധിപ്പിച്ചത്.
പാചകവാതകം ജിഎസ്ടി പരിധിയിൽ
ഇന്ത്യയിൽ ഇന്ധനവിലയ്ക്കുമേൽ എക്സൈസ്, കസ്റ്റംസ് നികുതിയാണു സർക്കാരുകൾ പിരിക്കുന്നതെങ്കിൽ പാചകവാതകം ജിഎസ്ടി പരിധിയിലാണ്. ഗാർഹിക സിലിണ്ടറിന് എറ്റവും കുറഞ്ഞ ജിഎസ്ടി പരിധിയായ 5% ആണ് ഈടാക്കുന്നത്. എന്നാൽ, വാണിജ്യ സിലിണ്ടറിന് 18% ആണ് ജിഎസ്ടി. ഇതു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായാണ് (9% വീതം) ഈടാക്കുന്നത്.
സബ്സിഡി ഇല്ലാതെ 2 വർഷം
ക്രൂഡ് വില 110 ഡോളർ വരെ ഉയർന്ന 2013–14 ൽ ഗാർഹിക സിലിണ്ടർ വില 1241 രൂപ വരെ എത്തിയിട്ടുണ്ട്. എന്നാൽ സബ്സിഡി ഉണ്ടായിരുന്നതിനാൽ ഉപയോക്താവിന് ചെലവാക്കേണ്ടിയിരുന്നത് 414 രൂപ മാത്രമായിരുന്നു. യഥാർഥ വിലയുടെ പകുതിയിലധികം സബ്സിഡിയായി ലഭിച്ചിരുന്നു. എന്നാൽ 2 വർഷമായി സർക്കാർ സബ്സിഡി നൽകുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here