ട്വന്റി 20 വോട്ടിനായി സ്വരാജിനെ മുന്നിൽ നിർത്തി കരുക്കൾ നീക്കവെ ആപ്പായി ശ്രീനിജന്റെ മാപ്പ്; ക്യാപ്റ്റൻ കട്ടക്കലിപ്പിലായതോടെ പോസ്റ്റും പിൻവലിച്ച് കണ്ടംവഴിയോടി കുന്നത്തുനാട്ടിലെ വിപ്ലവസിംഹം; സാബു ജേക്കബിനെ പിണക്കാതെ തൃക്കാക്കര പിടിക്കാൻ സിപിഎമ്മിന്റെ പുതിയ അടവുകൾ ഇങ്ങനെ..

0

കൊച്ചി: ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍. സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. വോട്ട് അഭ്യര്‍ത്ഥിച്ചാല്‍ മാത്രം പോര, കിറ്റെക്‌സിലെ റെയ്ഡില്‍ ശ്രീനിജന്‍ മാപ്പ് പറയണമെന്നായിരുന്നു സാബു എം ജേക്കബ് പറഞ്ഞത്. എന്നാല്‍ ‘ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ….ഒരാള്‍ക്ക് കൊടുക്കാനാണ്…..’ എന്നായിരുന്നു ശ്രീനിജന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. ട്വന്റി ട്വന്റിയുടെയോ സാബു എം ജേക്കബിന്റെയോ പേര് പരാമര്‍ശിക്കാതെയാണ് മറുപടി. ഈ പോസ്റ്റാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത്.

ആംആദ്മി, ട്വന്റി 20 പാര്‍ട്ടികള്‍ക്ക് തൃക്കാക്കരയില്‍ എല്‍ഡിഎഫിനോടെ യോജിക്കാനാകൂവെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞ സാഹചര്യം കൂടിയുണ്ട്. തൃക്കാക്കരയില്‍ ട്വന്റി-ട്വന്റി വോട്ട് ആര്‍ക്കായിരിക്കും എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സാബു എം ജേക്കബ് ശ്രീനിജന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്.

‘വ്യവസായ ശാലയിലേക്ക് തുടര്‍ച്ചയായ റെയിഡ് നടത്തി. വ്യവസായം തകര്‍ക്കാന്‍ ശ്രമിച്ചു. റെയിഡ് തെറ്റാണെന്ന് നടത്തിയവര്‍ അംഗീകരിക്കട്ടെ. റെയിഡ് നടത്തി നിയവിരുദ്ധമായി എന്ത് കണ്ടുപിടിച്ചുവെന്ന് പുറത്ത വരട്ടെ. 12 തവണയാണ് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് റെയിഡ് നടത്തിയത്. നയം തെറ്റായിരുന്നുവെന്ന് അംഗീകരിക്കട്ടെ. തെറ്റ് തിരുത്താന്‍ തയ്യാറാവണം. വോട്ട് മാത്രം ചോദിച്ചിട്ട് കാര്യമില്ല’ എന്നായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം.

‘ഞങ്ങള്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഭയന്നോടുകയാണെന്നും പേടികൊണ്ടാണ് ആളെ നിര്‍ത്താത്തതെന്നുമാണ് ശ്രീനിജന്‍ എംഎല്‍എ പറഞ്ഞത്. ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നവരും ഇടത് മുന്നണിയുടെ കൂട്ടത്തിലുണ്ട്. ഔചിത്യമുള്ള ഒരാള്‍ പോലും പറയാത്തതാണ് അദ്ദേഹം പറഞ്ഞത്. മുന്നണിയിലെ അണികളെ നിലക്ക് നിര്‍ത്താന്‍ പറ്റുന്നില്ല. ഒരു നേതാവ് വിമര്‍ശിക്കുകയും മറ്റ് ചിലര്‍ വോട്ട് ചോദിക്കുകയും ചെയ്യുന്നത് ശരിയല്ല. നിലക്ക് നിര്‍ത്തണം. പാര്‍ട്ടി അച്ചടക്കമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.’ സാബു എം ജേക്കബ് വിശദീകരിച്ചു.ഇടത് മുന്നണിക്ക് തുടര്‍ഭരണം ജനം വിലയിരുത്തും. സിലവര്‍ ലൈന്‍ ചര്‍ച്ചയാവും. അക്രമ രാഷ്ട്രീയം ചര്‍ച്ചയാവും. 22 കിലോ മീറ്റര്‍ മാത്രമുള്ള മെട്രോ ലാഭകരമാക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈന്‍ ലാഭകരമാക്കുമെന്നും അദ്ദേഹം ചോദിച്ചു.

തൃക്കാക്കരയിൽ ആർക്കാണ് വോട്ടെന്ന് ആംആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്ക് പതിനായിരത്തിന് മുകളിൽ വോട്ട് തൃക്കാക്കരയിൽ കിട്ടിയിരുന്നു. പിടി തോമസിന് പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷവും കിട്ടി. അതുകൊണ്ട് തന്നെ ട്വന്റി ട്വന്റി വോട്ടുകൾ കൂടി കിട്ടിയാൽ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് ജയിക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ സാബു ജേക്കബിനെ പ്രകോപിപ്പിക്കാതിരിക്കാൻ സിപിഎം നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. ഇതിനിടെയാണ് കുന്ദകുളം മാപ്പിലെ ശ്രീനിജന്റെ കളിയാക്കൽ എത്തിയത്. ഇത് സിപിഎം നേതൃത്വത്തിന് പിടിച്ചില്ല. ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തു.

തൃക്കാക്കരയിൽ ആം ആദ്മിട്വന്റി 20 സഖ്യത്തിന്റെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജനക്ഷേമസഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് പറഞ്ഞിരുന്നു. അവർക്ക് ആശയപരമായി പിന്തുണയ്ക്കാൻ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അതുകൊണ്ട് ആ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.സ്വരാജ് വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കുന്ദംകുളം മാപ്പിലെ ശ്രീനിജന്റെ കടന്നാക്രമണം എത്തിയത്. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വം അതിവേഗം കുന്നത്തുനാട് എംഎൽഎയെ തിരുത്തുകയായിരുന്നു.

മഴയെ വെല്ലുന്ന ആവേശവുമായിട്ടാണ് സ്ഥാനാർത്ഥി പര്യടനത്തിൽ ആളുകൾ എത്തിച്ചേരുന്നത്. അതുകൊണ്ടു മഴയൊരു പ്രശ്‌നമേയല്ലെന്നാണു തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോൾ പറയുന്നത്. ഇടതുപക്ഷത്തിനു ബാലികേറാമലയെന്നു കരുതിയിരുന്ന പല മണ്ഡലങ്ങളും പിടിച്ചത് ഉപതിരഞ്ഞെടുപ്പുകളിലൂടെയാണ്. അതുമായി താരതമ്യം ചെയ്താൽ തൃക്കാക്കരയിൽ വളരെ എളുപ്പം വിജയിക്കാൻ കഴിയുന്നതാണെന്നും സ്വരാജ് അവകാശപ്പെട്ടിരുന്നു. ട്വന്റി ട്വന്റി വോട്ടുകൾ കൂടി സമാഹരിച്ചുള്ള വിജയമാണ് സ്വരാജും പ്രചരണത്തിന് ചുക്കാൻ പിടിക്കുന്ന ഇടതു നേതാക്കളും മനസ്സിൽ കാണുന്നത്.

ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്നായിരുന്നു ശ്രീനിജൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. കിഴക്കമ്പലം പ്രദേശം കൂടി ഉൾക്കൊള്ളുന്ന കുന്നത്തുനാടിലെ എംഎൽഎയാണ് ശ്രീനിജൻ. ട്വന്റി ട്വന്റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്റി ട്വന്റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ ശ്രീനിജൻ അടക്കമുള്ളവർ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ശ്രീനിജൻ അടക്കമുള്ളവരെ നിലയ്ക്കു നിർത്താൻ പാർട്ടി തയ്യാറാകണമെന്നും സാബു പറഞ്ഞിരുന്നു. ഇതിനെയാണ് സിപിഎം എംഎൽഎ കൂടിയായ ശ്രീനിജൻ പരിഹസിച്ചത്. എന്നാൽ അതിരുവിട്ട പ്രകോപനങ്ങൾ വേണ്ടെന്നായിരുന്നു സിപിഎം നിലപാട്.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി വോട്ട് ആർക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് അറിയിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്.സിൽവർ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചായിരിക്കും നിലപാട് സ്വീകരിക്കുക എന്നും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കെ റെയിലിലെ കല്ലിടൽ സർക്കാർ വേണ്ടെന്ന് വച്ചത്. ഇതും ട്വന്റി ട്വന്റി അടക്കമുള്ള പാർട്ടികളെ ചേർത്ത് നിർത്താനുള്ള സർക്കാർ നടപടികളുടെ നീക്കമാണ്. ഇതെല്ലാം ശ്രീനിജനേയും സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്.

അതിനിടെ ട്വന്റി ട്വന്റിയുമായി ശാശ്വത ശത്രുതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിശദീകരിച്ചിട്ടുണ്ട്. തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടേയും എഎപിയുടേയും വോട്ടുകൾ യുഡിഎഫ് സ്വാഗതം ചെയ്യുകയാണ്. ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കും, വികസനത്തിന് വേണ്ടി കഴിഞ്ഞകാലങ്ങളിൽ നില കൊണ്ട പാർട്ടി എന്ന നിലയിലും എഎപിയുടേയും ട്വന്റി ട്വന്റിയുടേയും പിന്തുണ കോൺഗ്രസ് തേടുകയാണെന്ന് സുധാകരൻ പറഞ്ഞു. ഇതും ഗൗരവത്തിൽ സിപിഎം എടുക്കുന്നുണ്ട്. ട്വന്റി ട്വന്റി വോട്ടുകൾ കൂടി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് കിട്ടിയാൽ ഭൂരിപക്ഷം കൂടും. ഈ സാഹചര്യം ഒഴിവാക്കാനാണ് സിപിഎം ശ്രമം.

ആം ആദ്മി പാർട്ടിക്കും ട്വന്റി ട്വന്റിക്കും ഇടതുപക്ഷവുമായി യോജിക്കാനാകില്ല. ആം ആദ്മി പാർട്ടി എവിടെയാണ് ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ളത്. ട്വന്റി ട്വന്റി എവിടെയാണ് ഇടതുപക്ഷത്തോട് യോജിച്ചിട്ടുള്ളത്?. സാധാരണഗതിയിൽ ഒരു കാരണവശാലും യോജിക്കാനാകാത്ത പ്രസ്ഥാനമാണ് അവരെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷമെന്ന് കെ സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ ഭാഗത്തു നിന്നും ട്വന്റി ട്വന്റിക്കുണ്ടായ തിക്താനുഭവങ്ങൾ അറിയാമെന്നും സുധാകരൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here