സത്യവിശ്വാസികൾക്ക് മോദി ​ഗുരുഭൂതനാണെന്ന് എപി അബ്ദുള്ളക്കുട്ടി

0

കോഴിക്കോട്: സത്യവിശ്വാസികൾക്ക് മോദി ​ഗുരുഭൂതനാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി. കോഴിക്കോട് നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് രാജ്യത്തിന്റെ ഹജ്ജ് നയം ചൂണ്ടിക്കാട്ടി അബ്ദുള്ളക്കുട്ടി മോദിയെ പ്രകീർത്തിച്ചത്. അതേസമയം, കോൺ​ഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് പഴയ കോൺ​ഗ്രസ് നേതാവ് ഉയർത്തിയത്.

നരേന്ദ്ര മോദി ഓരോ വിഷയത്തിലും ശരിയായ ഇടപെടുന്ന പ്രധാനമന്ത്രിയാണ്. മുസ്ലിം സമുദായത്തിലെ ഹജ്ജിൽ പോലും അദ്ദേഹം ഇടപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ കാലത്ത് ഗുഡ് വിൽ ഡെലിഗേഷൻ എന്നുപറഞ്ഞ് ഒരു വിമാനം നിറയെ എംഎം ഹസ്സനെ പോലുള്ള ആളുകളെ സർക്കാർ ചെലവിൽ ഏറ്റവും അവസാനത്തെ വിമാനത്തിൽ പോകും. എന്നിട്ട് ഏറ്റവും ആദ്യത്തെ വിമാനത്തിൽ തിരിച്ചുവരും. കോടിക്കണക്കിന് രൂപ ചെലവാക്കി കൊണ്ട് കോൺഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സർക്കാരിന്റെ പണം കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലല്ല. അത് ഹറാമാണെന്ന് സത്യവിശ്വാസികളെ പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ശേഷവും മോദി ഹജ്ജിൽ ഇടപ്പെട്ടു. 2019-ലാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ഹജ്ജിന് പോയത്. 190000 ആളുകളേ ആയിരുന്നു അന്ന് സൗദി സർക്കാർ നിശ്ചയിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ഇടപെടലിന്റെ ഭാഗമായി പതിനായിരത്തോളം ആളുകളെ അധികം പറഞ്ഞയച്ചു.
ഹജ്ജിന് പോകാനുള്ളവരുടെ അപേക്ഷകൾ വളരെ അധികം കൂടിയപ്പോൾ, നരേന്ദ്ര മോദി യുഎഇ ഷെയ്ഖിനെ വിളിച്ച് പറഞ്ഞു ഞങ്ങൾക്ക് 190000 പോരാ, കുറച്ച് കൂടുതൽ വേണം. മോദി ഇടപ്പെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. ആ പതിനായിരം സീറ്റ് അദ്ദേഹം സ്വകാര്യ ട്രാവൽ ഏജൻസികൾക്ക് നൽകിയില്ല. സർക്കാർ ചെലവിൽ ആളുകളെ കൊണ്ട് പോകാൻ ആലോചിച്ചു. എന്നാൽ സർക്കാരിന് വേണ്ടത്ര വിമാനങ്ങൾ ഉണ്ടായിരുന്നില്ല. അവസാനം മോദി ഒരു പ്രഖ്യാപനം നടത്തി. സർക്കാർ നിശ്ചയിച്ച തുകയ്ക്ക് ഈ തീർത്ഥാടകരെ കൊണ്ടുപോകാൻ സാധിക്കുമെങ്കിൽ ഏജൻസികൾ മുന്നോട്ട് വരണമെന്ന്. അങ്ങനെ സർക്കാർ നിശ്ചയിച്ച നിരക്കിൽ ഒരു കൊള്ളലാഭവുമില്ലാതെ തീർത്ഥാടകർക്ക് പ്രാർഥന നടത്താൻ അവസരം നൽകിയ മഹാനായ നേതാവാണ് നരേന്ദ്ര മോദി. നല്ല മുസ്ലിം മതവിശ്വാസികൾ ഇത് തിരിച്ചറിയണം.

സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാൻ സാധിക്കില്ലെന്ന ഒരു പ്രശ്‌നം ഉണ്ടായിരുന്നു. 2014-ൽ യുപിയിൽ നിന്ന് ഒരു സ്ത്രീ മോദിക്ക്‌ കത്തെഴുതുന്നു. ഹജ്ജിന് പോകണമെങ്കിൽ വിവാഹം നിഷിദ്ധമായ തുണയുണ്ടെങ്കിൽ മാത്രമേ നിലവിൽ പോകാൻ സാധിക്കുകയുള്ളൂ. എനിക്ക് തുണയായി ആരുമില്ലെന്ന് മോദിയോട് കത്തിൽ വിവരിച്ചു. മോദി സൗദി ഭരണകൂടവുമായി ഇടപ്പെട്ടു. അവിടുത്തെ മത പണ്ഡിതൻമാരുമായി ഇടപ്പെട്ടു. അവസാനം മോദിയുടെ നിർദേശം അംഗീകരിച്ച് സൗദി സർക്കാരും മതപണ്ഡിതരും സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാമെന്ന തീരുമാനമെടുത്തു’ അബ്ദുള്ളക്കുട്ടി കോഴിക്കോട് നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു.

താൻ കമ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നപ്പോൾ, കെട്ട്യോളേയും കൂട്ടി ഉംറക്ക് പോയി തിരിച്ചുവന്നപ്പോൾ കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ച് പറഞ്ഞു, എടോ താൻ എന്തൊരു കമ്യൂണിസ്റ്റാണെന്ന്. അക്കാര്യം പറഞ്ഞ് പുറത്താക്കിയ തനിക്ക് ഇന്ത്യയിലെ സത്യസന്ധരായ മുഴുവൻ മുസ്ലിങ്ങളെയും ഉംറയും ഹജ്ജും ചെയ്യിപ്പിക്കുന്നതിന്റേയും ചുമതല നൽകിയതിൽ ബിജെപിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വർധിപ്പിക്കാൻ പ്രധാനമന്ത്രി യുഎഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടുവെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന പലരും ഏറ്റുപിടിച്ചു. ചില ട്രോളുകൾക്കും പ്രസ്താവന വിഷയമായി. ‘സൗദിയിലെ മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മത്തിനു വേണ്ടി യുഎഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാൻ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ’ എന്ന് കോൺഗ്രസ് എംഎൽഎ ടി.സിദ്ദീഖ് പരിഹസിച്ചു.

Leave a Reply