നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവനെ വീണ്ടും ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്‌ നീക്കം

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവനെ വീണ്ടും ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്‌ നീക്കം. ഇത്തവണ നോട്ടീസ്‌ നല്‍കി വിളിച്ചുവരുത്താനാണു ഉദ്ദേശിക്കുന്നത്‌. കഴിഞ്ഞദിവസം നടന്ന ചോദ്യംചെയ്യലില്‍നിന്നു ലഭിച്ച വിവരങ്ങളില്‍ വ്യക്‌തത വരുത്താനാണു വീണ്ടും ചോദ്യംചെയ്യുന്നത്‌. പല ചോദ്യങ്ങളോടും കാവ്യ മൗനം പാലിച്ചിരുന്നു.
കൂടുതല്‍ സാേങ്കതികസൗകര്യമുള്ള ആലുവ പോലീസ്‌ ക്ലബില്‍ എത്തിച്ചു ശബ്‌ദരേഖകളുടേയും ദൃശ്യങ്ങളുടേയും അടിസ്‌ഥാനത്തിലാവും ചോദ്യംചെയ്യല്‍. തെളിവു ലഭിച്ചാല്‍, പ്രതിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ കാവ്യാ മാധവനും പങ്കുണ്ടെന്നാണു അന്വേഷണസംഘം സംശയിക്കുന്നത്‌. മാഡം കാവ്യാ മാധവനാണെന്ന തരത്തില്‍ ഒന്നാംപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട്‌.
എന്നാല്‍, പ്രതിയുടെ മൊഴിയ്‌ക്കു വിശ്വസനീയത കുറവായതിനാലാണു മറ്റു സാഹചര്യത്തെളിവുകള്‍ നിര്‍ണായകമാകുന്നത്‌.
സാക്ഷിയെന്ന നിലയില്‍ നോട്ടീസ്‌ നല്‍കിയാണു വീട്ടിലെത്തി ചോദ്യംചെയ്‌തത്‌. ഈ ആനുകൂല്യം ഇനി നല്‍കില്ല. പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്നാണു കാവ്യ മൊഴി നല്‍കിയത്‌. ദിലീപ്‌, പള്‍സര്‍ സുനി എന്നിവരുടെ മൊഴിയുമായി കാവ്യ നല്‍കിയ മൊഴിയും ഒത്തുനോക്കിയിരുന്നു. നടിയെ ആക്രമിച്ചു ചിത്രീകരിച്ച ദൃശ്യങ്ങള്‍ കാവ്യ മാധവന്റെ കടയായ ലക്ഷ്യയിലെത്തി കൈമാറിയെന്നാണു പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞത്‌. എന്നാല്‍, ഇതേക്കുറിച്ചുള്ള ചോദ്യത്തിന്‌, സുനിയെ അറിയില്ലെന്നും ഇയാള്‍ കടയിലെത്തിയതായി അറിയില്ലെന്നുമാണു കാവ്യ മൊഴി നല്‍കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here