കെ.എസ്‌.ആര്‍.ടി.സി. അതീവപ്രതിസന്ധിയിലെന്നു സമ്മതിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു

0

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. അതീവപ്രതിസന്ധിയിലെന്നു സമ്മതിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു. ഇനിയുള്ള മാസങ്ങളില്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ മുടങ്ങാതെ ശമ്പളം നല്‍കാന്‍ കഴിയുമോയെന്ന്‌ ആശങ്കയുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്ധനവില ഇത്തരത്തില്‍ വര്‍ധിക്കുന്നത്‌ കെ.എസ്‌.ആര്‍.ടി.സിയെ വല്ലാത്ത പ്രതിസന്ധിയില്‍ തള്ളിവിടുകയാണ്‌. പ്രതിമാസം 35 കോടി രൂപയോളം അധികമായി വേണ്ടിവരും. ഒരു വര്‍ഷം 500 കോടി രൂപ അധികം എവിടെനിന്നു കണ്ടെത്തുമെന്ന്‌ അറിയില്ലെന്നും മന്ത്രി പറഞ്ഞു.
സാധാരണ മൊത്തമായി ഇന്ധനം വാങ്ങുന്നവര്‍ക്ക്‌ പത്തുരൂപയുടെ കുറവ്‌ ലഭിക്കാറുണ്ട്‌. എന്നാല്‍, ഇവിടെ കെ.എസ്‌.ആര്‍.ടി.സിക്ക്‌ വന്‍തോതില്‍ ഇന്ധനം വാങ്ങുന്നതുകൊണ്ടുതന്നെ അധികവില നല്‍കേണ്ടിവരികയാണ്‌. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതുവരെ ഏകദേശം 38 രൂപയുടെ വര്‍ധനയാണ്‌ ഡീസലിനുണ്ടായത്‌. ഇതുണ്ടാക്കുന്ന അധികച്ചെലവ്‌ മറികടക്കാന്‍ ചെലവു കുറയ്‌ക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും. അതിന്‌ പല മാര്‍ഗങ്ങളും കണ്ടെത്തേണ്ടി വരും. ലേ ഓഫ്‌ ചെയ്യണ്ടി വരും എന്നല്ല പറയുന്നത്‌. അത്തരത്തിലൊരു ഗുരുതരമായ സാഹചര്യത്തിലേക്കാണ്‌ ഇപ്പോള്‍ കോര്‍പ്പറേഷന്‍ പോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടിക്കറ്റ്‌ വില വര്‍ധനയിലൂടെ കെ.എസ്‌.ആര്‍.ടി.സി. എങ്ങനെയാണ്‌ അധിക വരുമാനം കണ്ടെത്തുക? ശമ്പള പരിഷ്‌കരണ മൂലം 15 കോടിയുടെ അധികച്ചെലവ്‌ വരുകയാണ്‌.
അതിനനുസരിച്ചുള്ള അധിക വരുമാനം ഉണ്ടായിട്ടില്ല. പകുതി ശമ്പളം നല്‍കിക്കൊണ്ട്‌ ജീവനക്കാര്‍ക്ക്‌ അവധി അനുവദിക്കുന്ന മധ്യപ്രദേശ്‌ മാതൃക നടപ്പിലാക്കിയതോടെ പ്രതിമാസം പത്തു ലക്ഷം രൂപയുടെ കുറവ്‌ ശമ്പളത്തിനുള്ള നീക്കിയിരിപ്പില്‍ ഉണ്ടായിട്ടുണ്ട്‌. ആ പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരോട്‌ ഉദാര സമീപനം സ്വീകരിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കെ- സ്വിഫ്‌റ്റ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ അവിഭാജ്യ ഘടകമാണ്‌. മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാന്‍ കഴിയും. പത്തു വര്‍ഷം കഴിഞ്ഞാല്‍ കെ- സ്വിഫ്‌റ്റിന്റെ ആസ്‌തി കെ.എസ്‌.ആര്‍.ടി.സിക്കു നല്‍കും. ജീവനക്കാരെ ലേ ഓഫ്‌ ചെയ്യണ്ടി വരുമോ എന്ന ആശങ്കയുണ്ട്‌.
എതിര്‍ത്തവരും ആശങ്ക പ്രകടിപ്പിച്ചവരുമുണ്ട്‌. ഇപ്പോള്‍ ഹൈക്കോടതി പച്ചക്കൊടി കാണിച്ചിരിക്കുന്നു. പലരും കെ.എസ്‌.ആര്‍.ടി.സിയെ ദീര്‍ഘദൂരയാത്രയ്‌ക്ക്‌ തെരഞ്ഞെടുക്കുന്നില്ല. സ്‌റ്റാന്‍ഡുകളിലെ ശുചിമുറികളുടെ സ്‌ഥിതി ശോചനീയമാണ്‌. സ്‌ത്രീകള്‍ എങ്ങനെ ദീര്‍ഘദൂര യാത്ര നടത്തുമെന്നും അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here