വാഹനത്തിനു സൈഡ് നൽകിയില്ല; കാർ യാത്രക്കാരനായ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ നടുറോഡിൽ ക്രൂരമായി മർദിച്ച 3 പേർ പിടിയിൽ

0

പാരിപ്പള്ളി (കൊല്ലം)∙ വാഹനത്തിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരനായ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ. പരവൂർ പുത്തൻകുളം സ്വദേശികളായ എഎം നിവാസിൽ മനു (33), രാമമംഗലത്ത് പ്രദീഷ് (30), കാർത്തികയിൽ രാജേഷ് (34) എന്നിവരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ക്രൈംബ്രാഞ്ചിൽ ഇൻസ്പെക്ടറായ പരവൂർ സ്വദേശിയാണ് ആക്രമിക്കപ്പെട്ടത്.

ഞായർ പകൽ 3ന് ചിറക്കര ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഇൻസ്പെക്ടർ അടുത്ത ബന്ധുക്കളായ 2 പേർക്കൊപ്പം കാറിൽ ചാത്തന്നൂർ ശീമാട്ടി ജംക്‌ഷനിലേക്കു പോകുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം കുറുകെയിട്ട് ഇൻസ്പെക്ടറുടെ കാർ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. ചവിട്ടി നിലത്തിട്ട് കല്ലു കൊണ്ടു മുഖത്തിടിച്ചു. മർദനത്തിനിടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് മൊഴി.

ആളുകൾ ഓടിക്കൂടിയെങ്കിലും അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്ന് ആരും അടുത്തില്ല. പൊലീസ് എത്തിയാണ് ഇൻസ്പെക്ടറെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി മനുവിനെതിരെ പരവൂർ സ്റ്റേഷനിൽ 3 കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.

പാരിപ്പളളി ഇൻസ്പെക്ടർ എ.അൽജബ്ബാർ, എസ്ഐ എ.അനുരൂപ, എഎസ്ഐമാരായ ഷാജഹാൻ, നന്ദൻ, സിപിഒമാരായ അനിൽ, അനൂപ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here