കിഴക്കമ്പലം ദീപു വധക്കേസിൽ പ്രതികളായ 4 സിപിഎം പ്രവർത്തകർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു

0

കൊച്ചി∙ കിഴക്കമ്പലം ദീപു വധക്കേസിൽ പ്രതികളായ 4 സിപിഎം പ്രവർത്തകർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് അബ്ദു റഹ്മാൻ, സിപിഎം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, വല്യപറമ്പിൽ അസീസ് എന്നിവർക്കാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിലാണു ജാമ്യം.

അന്വേഷണം പൂർത്തിയാക്കി പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പ്രതികൾ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. പ്രതികളാരും ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ല. ദീപുവിനു പുറത്തു കാണാവുന്ന പരുക്കുകൾ ഉണ്ടായിരുന്നില്ല. പ്രതികൾക്കു ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും വിലയിരുത്തിയാണു ജാമ്യം.

പുറത്തിറങ്ങാൻ പ്രതികൾ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണമെന്നും സംസ്ഥാനം വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.

ട്വന്റി20 ആഹ്വാനം ചെയ്ത വിളക്ക് അണയ്ക്കൽ പ്രതിഷേധത്തിൽ പങ്കെടുത്തതിനു മർദനമേറ്റു ചികിത്സയിലിരിക്കെ ഫെബ്രുവരി 18നാണു ദീപു മരിച്ചത്. ഫെബ്രുവരി 12നു പരുക്കേറ്റ ദീപുവിനെ 14നാണ് ആശുപത്രിയിൽ കൊണ്ടുപോയത്, ആശുപത്രി രേഖകളിൽ വീണു പരുക്കേറ്റു എന്നാണുള്ളതെന്നു പ്രതിഭാഗം വാദിച്ചു.

അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ അന്വേഷണ ആവശ്യത്തിനായി പ്രതികളെ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും എന്നാൽ ജാമ്യം നൽകുമ്പോൾ കേസിന്റെ ഗൗരവം കൂടി പരിഗണിക്കണമെന്നും പ്രോസിക്യൂട്ടർ അറിയിച്ചു. ദീപുവിന്റെ പിതാവ് കുഞ്ഞാറു ജാമ്യ ഹർജിയെ എതിർത്തു.

തൃശൂർ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതു ചോദ്യം ചെയ്താണു പ്രതികൾ ഹൈക്കോടതിയിലെത്തിയത്. സെഷൻസ് കോടതി ജാമ്യം തള്ളുമ്പോൾ അന്വേഷണം പൂർത്തിയായിരുന്നില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here