മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഒടുവില്‍ ഗുജറാത്ത് മോഡല്‍ അംഗീകരിക്കേണ്ടി വന്നു; അതിനോടൊപ്പം അഴിമതിയും ധൂര്‍ത്തും കൂടി നിർത്തലാക്കണം, എങ്കിലേ ജനങ്ങൾക്ക് ഗുണമുണ്ടാകു എന്നും കെ.സുരേന്ദ്രന്‍

0

തിരുവനന്തപുരം: ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഇ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത് ഗുജറാത്ത് മോഡലാണ് ശരിയെന്ന് തെളിഞ്ഞതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗുജറാത്ത് മോഡല്‍ നടപ്പിലാക്കുന്നതിനൊപ്പം അഴിമതിയും ധൂര്‍ത്തും നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഗുണമുണ്ടാവുകയുള്ളൂ. മൂന്ന് ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐ എ എസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ ഗുജറാത്തിലെത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പരാജയപ്പെട്ട കേരള മോഡല്‍ ഉപേക്ഷിച്ച് വിജയിച്ച ഗുജറാത്ത് സംസ്ഥാനത്ത് നടപ്പാക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോര്‍ഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസിലാക്കി കേരളത്തിലും നടപ്പിലാക്കണം. അന്ധമായ രാഷ്‌ട്രീയ വിരോധം മാറ്റിവെച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ഇവിടെ എങ്ങനെ നടപ്പാക്കാമെന്ന് പിണറായി വിജയന്‍ പഠിക്കണം.

ഗുജറാത്തിലെ വികസന നേട്ടങ്ങള്‍ കേരളവും മാതൃകയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോള്‍ പരിഹസിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഒടുവില്‍ ഗുജറാത്ത് മോഡല്‍ അംഗീകരിക്കേണ്ടി വന്നതിനെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ ക്ഷേമകാര്യത്തിലും നാടിന്റെ വികസനത്തിലും രാഷ്‌ട്രീയം കാണേണ്ടതില്ലെന്നതാണ് ബിജെപിയുടെ നിലപാട്. കേരളം ആവശ്യപ്പെട്ടാല്‍ എന്ത് സഹായത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് നാളെയാണ് ഗുജറാത്തിലേക്ക് പോകുന്നത്. അവിടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലെ ഏകോപനം പഠിക്കാനാണ് ഗുജറാത്ത് സന്ദര്‍ശനം. ഇതിനായി തയ്യാറാക്കിയ ഡാഷ് ബോര്‍ഡ് പദ്ധതിയെക്കുറിച്ച് മനസിലാക്കുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശം. പദ്ധതിയെ കുറിച്ച് വിശദമായി പഠിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്തിലെ ചീഫ് സെക്രട്ടറിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും യോഗം ചേരാന്‍ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി നാളെ ഗുജറാത്തിലേക്ക് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here