നിലമ്പൂരിൽ വ്യവസായിയെ വീട്ടിൽ ബന്ദിയാക്കി 7 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ സെക്രട്ടേറിയറ്റ് നടയിൽ ദേഹത്തു പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞു

0

തിരുവനന്തപുരം∙ നിലമ്പൂരിൽ വ്യവസായിയെ വീട്ടിൽ ബന്ദിയാക്കി 7 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ സെക്രട്ടേറിയറ്റ് നടയിൽ ദേഹത്തു പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞു. കവർച്ചാ കേസിൽ കുടുക്കിയതാണെന്നും തങ്ങളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. പ്രതികളും ബത്തേരി സ്വദേശികളുമായ സലീം, സക്കീർ, നൗഷാദ്, നിഷാദ്, സൈറസ് എന്നിവരെ കന്റോൺമെന്റ് പൊലീസ് വിശദമായ ചോദ്യം ചെയ്യലിനു ശേഷം നിലമ്പൂർ പൊലീസിനു കൈമാറി.

ഇന്നലെ രാവിലെയായിരുന്നു പൊലീസിനെ മുൾമുനയിലാക്കിയ നാടകീയ രംഗങ്ങൾ. പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പികളുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രതികൾ തങ്ങളുടെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞു ബഹളം വച്ചു. കവർച്ചാ കേസിലെ പരാതിക്കാരൻ ചതിച്ചതാണെന്നും അയാൾക്കു കീഴിൽ പ്രവർത്തിക്കുമ്പോൾ ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും കൊലക്കേസുമായി ബന്ധപ്പെട്ട തെളിവുണ്ടെന്നും പറഞ്ഞ് ഒരു പെൻഡ്രൈവും ഇവർ ഉയർത്തിക്കാട്ടി. പൊലീസും മാധ്യമ പ്രവർത്തകരും അവിടേക്ക് എത്തിയതോടെ സംഘത്തിലെ രണ്ടു പേർ ദേഹത്തു പെട്രോൾ ഒഴിച്ചു. ഇവരെ വളഞ്ഞ ശേഷം സെക്രട്ടേറിയറ്റിനു മുന്നിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. തുടർന്നു ഫയർഫോഴ്സിനെ വിളിച്ചു വരുത്തി ഇവരുടെ ദേഹത്തേക്കു വെള്ളമടിച്ചു.

പരാതി പരിശോധിക്കാമെന്നു പറഞ്ഞു പൊലീസ് അവരെ അനുനയിപ്പിച്ചു ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. നിലമ്പൂർ കവർച്ചാ കേസിലെ വാദിയായ ഷൈബിൻ അഷ്റഫിന്റെ ബിസിനസ് സഹായികളായിരുന്നു പ്രതികൾ എന്നു കന്റോൺമെന്റ് പൊലീസ് അറിയിച്ചു. പണം ഇടപാടിൽ തെറ്റിയ അവർ 24 ന് രാത്രി ഷൈബിന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ ബന്ദിയാക്കി 7 ലക്ഷം രൂപ, 2.5 ലക്ഷം രൂപ വിലയുള്ള 4 മൊബൈൽ ഫോൺ, 3 ലാപ്ടോപ് എന്നിവ തട്ടിയെടുത്തു എന്നാണു കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here