ഇടയക്കുന്നം പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിന് എത്തിച്ച ‘മാറാടി അയ്യപ്പൻ’‍ എന്ന ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തരാക്കി

0

ചേരാനല്ലൂർ ∙ ഇടയക്കുന്നം പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിന് എത്തിച്ച ‘മാറാടി അയ്യപ്പൻ’‍ എന്ന ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ക്ഷേത്ര വളപ്പിന്റെ മതിലും,‍ താൽക്കാലിക പന്തലും, കുടിവെള്ള ടാങ്കും, കസേരകളും ആന തകർത്തു. മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ മയക്കുവെടി വച്ചാണ് ആനയെ തളച്ചത്.
ഇന്നലെ വൈകിട്ട് 3.40 നാണ് ആന ഇടഞ്ഞത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരെയും ഉടനേ പുറത്തിറക്കിയതിനാൽ അപകടങ്ങൾ ഒഴിവായി. ശ്രദ്ധതിരിക്കാൻ പാപ്പാൻ തേങ്ങകൾ എറിഞ്ഞു കൊടുത്തെങ്കിലും ആന കൂടുതൽ പ്രകോപിതനായി. തലങ്ങും വിലങ്ങും ഓടിയ ആന ഉത്സവപ്പന്തൽ കുത്തിമറിച്ചു. ഇതിനകത്തെ കസേരകളും സൗണ്ട് സിസ്റ്റവും നശിപ്പിച്ചു.

ഇടയ്ക്കു ശാന്തനായതോടെ പാപ്പാൻ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ക്ഷേത്ര മതിലിന്റെ ഒരു ഭാഗവും വെള്ളം സംഭരിച്ചിരുന്ന ടാങ്കും ആന തകർത്തു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സും പൊലീസും വെള്ളം ചീറ്റിച്ച് ആനയെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം തീരുമാനം മാറ്റി. പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും അഭ്യർത്ഥന പ്രകാരം പറവൂരിൽ നിന്നെത്തിയ ഡോ. ഗിരീഷാണു മയക്കുവെടി വച്ചത്. തുടർന്ന് ആനയെ ക്ഷേത്രവളപ്പിലെ മരത്തിൽ തളച്ചു.

ഉത്സവം ആരംഭിച്ചതു മുതൽ ഇവിടെയുള്ള ആനയ്ക്കു മദപ്പാടിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ഡോക്ടർ പരിശോധിച്ചു കുഴപ്പങ്ങളില്ലെന്നു വ്യക്തമാക്കിയതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ് പറഞ്ഞു. ആരെങ്കിലും ആനയെ ഉപദ്രവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. കടുത്ത ചൂടിനെ തുടർന്നു ആന ഇടഞ്ഞതാണോ എന്നും സംശയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here