റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യത്യസ്ത നിലപാട് ഉയർത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകൾക്കെതിരെ ഒളിയമ്പുകളെയ്തു സിപിഐ നേതൃത്വം

0

കൊല്ലം ∙ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യത്യസ്ത നിലപാട് ഉയർത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകൾക്കെതിരെ ഒളിയമ്പുകളെയ്തു സിപിഐ നേതൃത്വം. വിദേശ നിക്ഷേപം ആകർഷിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങൾ സന്ദർശിച്ചതു കൊണ്ടു മാത്രമായില്ല, വ്യവസായ മന്ത്രിയായിരിക്കെ ടി.വി. തോമസ് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ മാതൃകയാക്കുക കൂടി വേണമെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. സിപിഐ കൊല്ലം സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ടി.വി തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിലുള്ള ആശങ്കകൾ പരിഹരിക്കണമെന്നും ചില കാര്യങ്ങളിൽ സർക്കാർ തിരുത്തണമെന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനു പിന്നാലെയാണ്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾക്കെതിരെ പ്രകാശ് ബാബു പരോക്ഷമായി രംഗത്തുവന്നത്. വിദേശ നിക്ഷേപം ആകർഷിക്കാൻ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ടി.വി തോമസ് സന്ദർശിച്ചു. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. തോഷിബ ആനന്ദ് പോലുള്ള കമ്പനികൾ ഇവിടെയെത്തിയത് അങ്ങനെയാണ്.

രാജ്യത്ത് ഒരിടത്തു പോലും ഇലക്ട്രോണിക്സ് രംഗം ആരംഭിക്കുന്നതിനു മുൻപേ അതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് 1973 ൽ കെൽട്രോൺ സ്ഥാപിക്കുന്നതിനു മുൻകയ്യെടുത്തതു ടി.വി തോമസ് ആണ്. സപ്തകക്ഷി മുന്നണി സർക്കാരിന്റെ കാലത്ത് എംഎൻ ഗോവിന്ദൻ നായർക്കും ടി.വി തോമസിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ഏകപക്ഷീയമായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് എംഎന്നും ടിവിയും രാജിവച്ചു. ‘ഇനി കുരുക്ഷേത്രത്തിൽ കാണാം’ എന്നാണ് അന്നു ടിവി നിയമസഭാ പ്രസംഗത്തിൽ പറഞ്ഞത്. ആ ആരോപണങ്ങൾക്കു ടിവി മറുപടി നൽകിയത് തൊട്ടടുത്ത 1970 ലെ തിരഞ്ഞെടുപ്പു വിജയത്തിലൂടെയാണെന്നും പ്രകാശ് ബാബു പറഞ്ഞു.

എം.എൻ.ഗോവിന്ദൻ നായർ, ടി.വി.തോമസ്, സി.അച്യുതമേനോൻ എന്നിവരാണു കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു പ്രധാനമായും അടിത്തറ പാകിയതെന്നു പറഞ്ഞ പ്രകാശ് ബാബു, ഇക്കൂട്ടത്തിൽ ഇഎംഎസിന്റെ പേരു പരാമർശിക്കാതിരുന്നതും ശ്രദ്ധേയമായി. പുന്നപ്ര– വയലാർ സമരത്തിനു നേരിട്ടു നേതൃത്വം നൽകിയതു ടി.വി.തോമസ് ആണ്. സമരത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു ടി.വി.തോമസ് ജയിലിൽപ്പോയെന്നും പ്രകാശ് ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here